ശ്രീശാന്തിനെ ബിസിസിഐ രക്ഷിച്ചതോ ശിക്ഷിച്ചതോ?; ഒടുങ്ങാത്ത പകയോ?

Sreesanth
SHARE

ഇവനെ ക്രൂശിക്കുക എന്ന് വിളിച്ച് കല്ലെറിയും മുമ്പ് ചിലകാര്യങ്ങള്‍ ചിന്തിക്കാം. കേരളം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരില്‍ ഒരാളാണ് എസ്.ശ്രീശാന്ത്. എന്നാല്‍ കളത്തിലും കളത്തിനു പുറത്തും എപ്പോഴും എല്ലാവരും ഈ കളിക്കാരന്  കല്‍പിച്ചുനല്‍കിയത് അഹങ്കാരിയുടെ പരിവേഷമാണ്. ടീം ഇന്ത്യയില്‍ കളിക്കുന്ന ഗര്‍വാണ് ആ കളിക്കാരന് അഹങ്കാരഭാവം നല്‍കിയത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് വാതുവയ്പിന് ശ്രീശാന്ത് അറസ്റ്റിലായെന്ന വാര്‍ത്ത കേട്ടപാതി എല്ലാവരും വിശ്വസിച്ചതും. പിന്നാലെ ബിസിസിഐ വക ആജീവനാന്ത വിലക്കും.  പിന്നീട് നിയമപോരാട്ടങ്ങള്‍, ഡല്‍ഹി പട്യാല കോടതി കുറ്റപത്രം തന്നെ കശക്കിയെറിഞ്ഞു, വിലക്ക് പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ല. നിയമ പോരാട്ടം തുടര്‍ന്നു. ഒടുവില്‍ ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠവും ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കണ്ട്  വിലക്ക് റദ്ദാക്കി. എന്നാല്‍ ബിസിസിഐ ഒരു സ്വയംഭരണസ്ഥാപനമായതിനാല്‍ അതിന്റെ അച്ചടക്കസമിതി എടുത്ത തീരുമാനങ്ങളില്‍ മാറ്റംവരുത്തേണ്ടത് ബോര്‍ഡ് തന്നെയാണ്.   

എന്താണ് ബിസിസിഐ ചെയ്തത്?

ശ്രീശാന്ത് കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷെ ബിസിസിഐ വിലക്കില്‍ മുറുകെ പിടിച്ചു. എന്നാല്‍ ഇതേ ബിസിസിഐ വാതുവയ്പിന് ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും വെറും രണ്ടുവര്‍ഷത്തിന് ശേഷം തിരിച്ചെടുത്തു. അപ്പോഴും ഡല്‍ഹി പട്യാല കോടതി കുറ്റപത്രം കശക്കിയെറിഞ്ഞ കേസിലെ ശ്രീശാന്തിനോട് മുഖം തിരിച്ചുനിന്നു. നിയമപോരാട്ടം തുടര്‍ന്ന ശ്രീശാന്ത് ആറുവര്‍ഷത്തിനുശേഷം സുപ്രിംകോടതിയില്‍ നിന്ന് നീതി തേടിയിറങ്ങിയപ്പോഴും ബിസിസിസിഐ ഓംബുഡ്സ്മാന്‍ അദ്ദേഹത്തിന്റെ വിലക്ക് ഏഴുവര്‍ഷമാക്കി കുറച്ചുകൊണ്ട് ഉത്തരവായി. എന്നാല്‍ എന്തുകൊണ്ടായിരിക്കും ശ്രീശാന്തിന്റെ വിലക്ക് ഒരുവര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചത്. 

1. ശ്രീശാന്തിനെ വീണ്ടും ഇന്ത്യന്‍ കളര്‍ അണിയിക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെയോ ബോര്‍ഡുമായി ബന്ധപ്പെട്ട ഉന്നതരോ വാശിപിടിച്ചിട്ടുണ്ട്. അതാണ് വിലക്കിന്റെ കാലം ഇപ്പോള്‍ തീര്‍ക്കാമായിരുന്നിട്ടും ഒരുവര്‍ഷംകൂടി നീട്ടിയത്. 

2. ഇപ്പോള്‍ 36വയസുള്ള ശ്രീശാന്തിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ശ്രമകരമാണ്. എന്നാല്‍ ആത്മവിശ്വാസവും പോരാട്ടവീര്യവുമുള്ള ശ്രീശാന്ത് തിരിച്ചെത്തുമോ എന്ന ഭയമാണ് വിലക്ക് ഒരുവര്‍ഷം കൂടി നീട്ടാന്‍ കാരണം. അപ്പോള്‍ 37 വയസാകുന്ന ശ്രീശാന്തിന് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ദേശീയ ടീമിലെത്താന്‍ വീണ്ടും സമയമെടുക്കും. ദേശീയ ടീമിലെത്താനുള്ള  ഒരു ചെറിയ സാധ്യതപോലും ഇല്ലാതാക്കുകയാണ് ഇവരുടെ ഉദ്ദേശം. 

3. സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും നീതി നടപ്പാക്കിയ ബോര്‍ഡിന് ശ്രീശാന്തിനോടുള്ള പക ഇനിയും ഒടുങ്ങിയിട്ടില്ലെന്ന് ഇതിലൂടെ വ്യക്തം. 

ഓര്‍ക്കാം നല്ല നിമിഷങ്ങള്‍

2007ലെ ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ പിഴുതെറിഞ്ഞ ശ്രീശാന്ത് , 2007ലെ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ അവസാന ക്യാച്ചെടുത്ത ശ്രീശാന്ത്, ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയത്തിന് വഴിയൊരുക്കിയ ശ്രീശാന്ത്, ജാക് കാലിസിനെതിെര എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകം കണ്ട മികച്ച പന്തുകളിലൊന്നായി. കെവിന്‍ പീറ്റേഴ്സിനെ ഭീതിയിലാക്കിയ ബീമര്‍, ജൊഹാനാസ്ബര്‍ഗില്‍ സിക്സറടിച്ചുള്ള വാര്‍ഡാന്‍സ് അങ്ങനെ എത്രയെത്ര മനോരഹര നിമിഷങ്ങളാണ് താരം നമുക്ക് നല്‍കിയത്.  2005ല്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനം. തുടര്‍ന്ന് 53 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 75വിക്കറ്റ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം. 27 ടെസ്റ്റില്‍ നിന്ന് നേടിയത് 87 വിക്കറ്റുകള്‍.  ടെസ്റ്റില്‍ മൂന്നുവട്ടവും ഏകദിനത്തില്‍ ഒരു വട്ടവും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ടീം ഇന്ത്യയ്ക്കായി ഇത്രയും കാലം കളിച്ച വേറൊരു താരമില്ല. കേരളത്തില്‍ നിന്ന് രാജ്യാന്തര ട്വന്റി 20കളിച്ച ആദ്യതാരം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...