ഓസ്ട്രേലിയയുടെ ആരാച്ചാറാകുമോ ആര്‍ച്ചര്‍?; ടീമിന് നെഞ്ചിടിപ്പ്; ചര്‍ച്ച

jofra-archer
SHARE

ജോഫ്ര ആര്‍ച്ചറുടെ അതിവേഗ പന്തുകളെ നേരിടാന്‍ ഹെല്‍മറ്റും പാഡുകളും മാത്രംപോരാ, ശരീരം മുഴുവന്‍ മൂടേണ്ടിവരുെമന്ന  അവസ്ഥയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഹെല്‍മറ്റിനു പുറമെ നെക്ക് ഗാര്‍ഡും നിര്‍ബന്ധമാക്കാന്‍ ക്രിക്കറ്റ് ഭരണസമിതിയും ആലോചിക്കുന്നുണ്ട്.  രണ്ടാം ടെസ്റ്റില്‍ ശരീരത്തിനു നേരെയെത്തിയ തീപ്പന്തുകളില്‍ വീണത് സാക്ഷാല്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ്.  അതുകൊണ്ട് ആഷസ് പരമ്പരയിലെ അടുത്ത ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളെ എങ്ങനെ പ്രതിരോധിക്കാം എന്ന കണക്കുകൂട്ടലിലാണ് ഓസ്ട്രേലിയ. 

വാഴ്ത്തിപ്പാടി മഗ്രാത്തും

വേഗം, കൃത്യതത, റണ്ണപ്പിലെ സ്വാഭാവികത, ബോളിങ് ആക്ഷനിലെ വഴക്കം ഇതെല്ലാമാണ് ജോഫ്ര ആര്‍ച്ചറെ വേര്‍തിരിച്ചു നിര്‍ത്തുന്നതെന്നും ഇതെല്ലാം ആര്‍ച്ചറെ അപകടകാരിയാക്കുന്നുവെന്നും ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസതാരം ഗ്ലെന്‍ മഗ്രാത്ത് പറയുന്നു. ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയ്ക്കും ഇതുതന്നെയാണ് അഭിപ്രായം. അതുകൊണ്ടാണ് മൂന്നാം ടെസ്റ്റില്‍ ആര്‍ച്ചറെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് ഓസ്ട്രേലിയ ചര്‍ച്ചചെയ്യുന്നത്. 

എന്താണ് ആര്‍ച്ചറുടെ പ്രത്യേകത

വേഗത്തിനും കൃത്യതയ്ക്കും പുറമെ കൈക്കുഴയുടെ വഴക്കവും ആര്‍ച്ചറെ നൈസര്‍ഗിക പ്രതിഭയാക്കുന്നു. മണിക്കൂറില്‍ 145 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആര്‍ച്ചര്‍ ബോള്‍ ചെയ്യും. രണ്ടാം ടെസ്റ്റില്‍ മണിക്കൂറില്‍ 146.9 കിലോമീറ്റര്‍ വേഗത്തിലെത്തിയ ഷോര്‍ട് ബോളാണ് സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയത്. സ്മിത്തിന്റെ കഴുത്തിലാണ് പന്തിടിച്ചത്. സ്മിത്ത് പരുക്കറ്റ് പിന്മാറിയപ്പോള്‍  രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ പകരക്കാരന്‍ എന്ന ചരിത്രംപേറി ക്രീസിലെത്തിയ മാര്‍ന്നസ് ലെബുഷെയ്നും കിട്ടി ഒരു ബൗണ്‍സര്‍. മാര്‍ന്നസിന്റെ ഹെല്‍മറ്റിലാണ് പന്തിടിച്ചത്. 

ആര്‍ച്ചറുടേത് കണ്ണീര്‍ക്കഥ

വെസ്റ്റിൻഡീസിലെ ബാർബഡോസിൽ ജനിച്ച ജോഫ്ര ആർച്ചറുടെ പിതാവ് ഇംഗ്ലിഷുകാരനാണ്. അമ്മ വെസ്റ്റ് ഇന്‍ഡീസുകാരിയും. അമ്മയും സഹോദരിയും ബാർബഡോസിൽ തുടരുന്നു. അണ്ടർ 19 വിൻഡീസ് ടീമിലെത്തിയ ആര്‍ച്ചര്‍ മികച്ച പ്രകടനം നടത്തി. എങ്കിലും 2014ലെ അണ്ടർ 19 ലോകകപ്പ് ടീമിലേക്ക് വീന്‍ഡീസുകാര്‍ പയ്യനെ പരിഗണിച്ചില്ല. ഇത് ആ കൗമാരക്കാരന് കടുത്ത ആഘാതമായി. പിന്നാലെ പരുക്കുമെത്തിയതോടെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആർച്ചറെ ഒന്നു തിരിഞ്ഞു നോക്കിയില്ല. ഇംഗ്ലണ്ടിനായി കളിക്കുന്ന കരീബിയൻ വംശജൻ ക്രിസ് ജോർദനാണ് വേദനയുടെ നാളുകളിൽ ആര്‍ച്ചര്‍ക്ക് വഴികാട്ടിയായത്. ജോർഡാൻ ആർച്ചറെ സസക്സ് കൗണ്ടിക്ക് പരിചയപ്പെടുത്തി. അവിടെനിന്ന് കരിയറിന്റെ രണ്ടാം ഘട്ടം. 2017ല്‍ സസ്ക്സിനായി 61വിക്കറ്റെടുത്തതോടെ താരത്തെ ഇംഗ്ലണ്ടും നോട്ടമിട്ടു. വൈകാതെ ഇംഗ്ലണ്ടിന്റെ കുപ്പായം അണിഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...