പോർട്ട് ഓഫ് സ്പെയിനിൽ ഗെയിൽ വെടിക്കെട്ട്; ‘യാത്രയയപ്പു’മായി ഇന്ത്യൻ താരങ്ങൾ

chris-gayle-2
SHARE

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ കരിയറിലെ അവസാന രാജ്യാന്തര മൽസരമാകുമോ? ‘ഗെയിലാട്ട’ത്തിന് ഇപ്പോഴും യാതൊരു വാട്ടവുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അർധസെഞ്ചുറി പ്രകടനത്തിനൊടുവിൽ പുറത്തായി മടങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ ഗെയ്‌ലിനു നൽകിയ യാത്രയയപ്പാണ് ഇത്തരമൊരു സംശയമുണർത്തുന്നത്. തകർത്തടിച്ച് അർധസെഞ്ചുറി കുറിച്ചപ്പോഴും പുറത്തായി മടങ്ങുമ്പോഴും ഗെയ്ൽ പതിവില്ലാത്ത ‘ആഘോഷം’ നടത്തിയതും വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തു പകരുന്നു. നേരത്തെ, ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്ന ഗെയ്‍ൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകദിനത്തിലെ 301–ാം ഏകദിനം കളിക്കുന്ന ഗെയ്‍ൽ, 301–ാം ജഴ്സി നമ്പറുമായാണ് കളത്തിലിറങ്ങിയതും.

മൽസരത്തിലാകെ 41 പന്തുകൾ നേരിട്ട ഗെയ്‍ൽ 72 റൺസെടുത്താണ് പുറത്തായത്. ഇന്ത്യൻ ബോളർമാരെ നിർദ്ദയം പ്രഹരിച്ച ഗെയ്‍ൽ 38–ാം ഏകദിന അർധസെഞ്ചുറിയാണ് പോർട്ട് ഓഫ് സ്പെയിനിൽ കുറിച്ചത്. അർധസെഞ്ചുറിയിലേക്ക് എത്തിയതാകട്ടെ, വെറും 30 പന്തിൽനിന്ന്. അതും ആറു ബൗണ്ടറികളുടെയും നാലു പടുകൂറ്റൻ സിക്സുകളുടെയും അകമ്പടിയോടെ. പുറത്താകുമ്പോഴേയ്ക്കും നേടിയത് എട്ടു ബൗണ്ടറിയും അഞ്ചു സിക്സും. സഹ ഓപ്പണർ എവിൻ ലെവിസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്താൻ ഗെയ്‍ലിനായി. 6.1 ഓവറിൽ അർധസെഞ്ചുറി പിന്നിട്ട ഗെയ്‍ൽ – ലെവിസ് സഖ്യത്തിന്, അടുത്ത 50 റൺസ് നേടാൻ വേണ്ടിവന്നത് 19 പന്തുകൾ മാത്രം!

ഒടുവിൽ 12–ാം ഓവറിൽ ഖലീൽ അഹമ്മദിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഉജ്വല ക്യാച്ചിലാണ് ഗെയ്ൽ പുറത്തായത്. അപ്പോഴേയ്ക്കും ആരാധകർക്ക് എക്കാലവും ഓർമിക്കാനുള്ള വക ഗെയ്‍ൽ സമ്മാനിച്ചിരുന്നു. പുറത്തേക്കു നടക്കും മുൻപ് മൈതാനത്തുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ചുറ്റിലുമെത്തി താരത്തെ അനുമോദിച്ചു. ചിലർ പുറത്തുതട്ടിയും മറ്റുചിലർ ആശ്ലേഷിച്ചുമാണ് അവിസ്മരണീയ ഇന്നിങ്സിനൊടുവിൽ ഗെയ്‍ലിനെ യാത്രയാക്കിയത്. സെഞ്ചുറിയാഘോഷങ്ങളെ അനുകരിച്ച് ബാറ്റിനു മുകളിൽ ഹെൽമറ്റ് കോർത്ത് ഗാലറിയെ ഒന്നടങ്കം അഭിവാദ്യം ചെയ്താണ് ഗെയ്‍ൽ പവലിയനിലേക്കു മടങ്ങിയതും. ആരാധകർ ഒന്നാകെ എഴുന്നേറ്റുനിന്ന് താരത്തിന് ആദരമർപ്പിച്ചു.

ഓപ്പണർമാരായ ക്രിസ് ഗെയ്‍ലും എവിൻ ലെവിസും സംഹാരരൂപികളായതോടെ മൂന്നാം ഏകദിനത്തിൽ ആദ്യ 10 ഓവറിൽ ഇന്ത്യയുടെ ബോളിങ് അമ്പേ പാളി. ആദ്യ ഓവർ ബോൾ ചെയ്ത ഭുവനേശ്വർ കുമാർ മെയ്ഡനോടെയാണ് തുടങ്ങിയതെങ്കിലും അടുത്ത ഓവറിൽ മുഹമ്മദ് ഷമി 12 റൺസ് വഴങ്ങി. മൂന്നാം ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത ഭുവനേശ്വറിനു പിന്നാലെ നാലാം ഓവർ ഷമിയും മെയ്ഡനാക്കി. ഇതോടെ നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 13 റൺസ് എന്ന നിലയിലായി വിൻഡീസ്. എന്നാൽ അവിടുന്നങ്ങോട്ട് ആക്രമണത്തിലേക്കു വഴിമാറിയ വിൻഡീസ് ഓപ്പണർമാർ തുടർന്നുള്ള ഓവറുകളിൽ അടിച്ചെടുത്ത റൺസ് ഇങ്ങനെ: 5 –ാം ഓവർ – 16 റൺസ്, 6–ാം ഓവർ – 20, 7–ാം ഓവർ – 14, 8–ാം ഓവർ – 16, 9–ാം ഓവർ – 18, 10–ാം ഓവർ – 17

11–ാം ഓവറിൽ രണ്ടാം ബോളിങ് മാറ്റവുമായെത്തിയ യുസ്‍വേന്ദ്ര ചെഹലാണ് ഒടുവിൽ കൂട്ടുകെട്ട് പൊളിച്ചത്. 29 പന്തിൽ 43 റൺസുമായി ധവാനു ക്യാച്ച് നൽകിയ മടങ്ങുമ്പോേഴയ്ക്കും ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 115 റൺസ്. അടുത്ത ഓവറിൽ ഗെയ്‍ലും പുറത്ത്!

ഇതിനിടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരങ്ങളിൽ ഗെയ്‍ൽ രണ്ടാമനായി. ഈ വർഷം ഇതുവരെ 56 സിക്സുകളാണ് ഗെയ്‍ലിന്റെ സമ്പാദ്യം. 2015ൽ 58 സിക്സടിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാമത്. 2002ൽ 48 സിക്സ് നേടിയ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി മൂന്നാമതും 2017ൽ 46 സിക്സടിച്ച ഇന്ത്യൻ താരം രോഹിത് ശർമ നാലാമതും നിൽക്കുന്നു.

2012നു ശേഷം ഏകദിനത്തിൽ ആദ്യ 10 ഓവറിൽ കൂടുതൽ റൺസ് നേടിയ ടീമുകൾ:

118 ശ്രീലങ്കയ്ക്കെതിരെ ന്യൂസീലൻഡ്, 2015 - 8.2 ഓവർ

116 ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ്, 2015

114 ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസ്, 2019 *

113 ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്ക, 2018

MORE IN SPORTS
SHOW MORE
Loading...
Loading...