ക്രിക്കറ്റില്‍ വീണ്ടും ലോബി കളിനീക്കം; കോലിയെ തുണച്ച് മഞ്‍ജരേക്കര്‍; ഗാവസ്കറിന് മറുപടി

kohli-cricket
SHARE

കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യ ലോകകിരീടം നേടിയതിനു പിന്നാലെയാണ് ക്രിക്കറ്റിെലെ ഗ്രൂപ്പുകളില്‍ കൂടുതല്‍ പുറത്തുവന്നത്. അന്ന് ഡല്‍ഹിക്കാരനായ കപില്‍ ദേവും മുംബൈക്കാരനായ സുനില്‍ ഗാവസ്കറും തമ്മിലായിരുന്നു പോര്. ഇത്തവണ ലോകകപ്പ് സെമിയില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ അതുവരെ നന്നായി കളിച്ച രോഹിത് ശര്‍മ പരാജയപ്പെടുന്നതിനെ സ്വാഭാവികം എന്ന് വിശേഷിപ്പിക്കാം, എന്നാല്‍ ഗ്രൂപ്പ് വഴക്കായി വേണമെങ്കില്‍ വ്യാഖ്യാനിക്കുകയുമാകാം. 

വാളെടുക്കും മുമ്പ് ചരിത്രം നോക്കാം

1983ലെ ലോകകപ്പ് ജയത്തോടെ സൂപ്പര്‍ ഹീറോയായി കപില്‍ ദേവ് മാറി. ഇത് സഹതാരങ്ങളില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാക്കി. 1984ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ നിന്ന് ഗാവസ്കര്‍, കപില്‍ ദേവിനെ മാറ്റിനിര്‍ത്തി. അതിനുമുമ്പ് നടന്ന ടെസ്റ്റില്‍ പുറത്തായത് മോശം ഷോട്ട് കളിച്ചാണെന്ന് ആരോപിച്ചായിരുന്നു നടപടി. 

കപില്‍ ദേവിന്റെ നൂറാം ടെസ്റ്റ് ആഘോഷം  ഈ നീക്കത്തിലൂടെ നീട്ടിവയ്ക്കാന്‍ ഗാവസ്കറിനായി. പിന്നാലെ ഇരുവരുടെയും പക്ഷത്ത് താരങ്ങളും ചേര്‍ന്നപ്പോള്‍ പലപ്പോഴും മല്‍സരങ്ങള്‍ തോല്‍ക്കുന്നതിനും സമനിലയാകുന്നതിനും കാരണമായി. എന്നാല്‍ ഇതാണ് കാരണം എന്ന് പറയാന്‍ പറ്റുന്ന തെളിവുകള്‍ നിരത്താനാകില്ലായിരുന്നു.  1987ലെ ലോകകപ്പ് സെമിയില്‍ മുംബൈ താരങ്ങള്‍ ചിലര്‍ ഉഴപ്പിക്കളിച്ചത് അക്കാലത്ത് വിമര്‍ശനത്തിന് ഇടയാക്കിരുന്നു.  

സിലക്ടര്‍മാരെ പഴിച്ച് ഗാവസ്കര്‍

2019 ലോകകപ്പ് വരെയായിരുന്നു ഡല്‍ഹിക്കാരനായ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി എന്നും ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലിയെ തുടരാൻ അനുവദിക്കുന്ന സിലക്ഷൻ കമ്മിറ്റിയുടെ നടപടി തെറ്റെന്നും സുനില്‍ ഗാവസ്ക്കർ വിമർശിച്ചു. വിരാട് കോലി ഇപ്പോഴും തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിന് വേണ്ടിയാണോ അതോ കമ്മിറ്റിയുടെ സന്തോഷത്തിന് വേണ്ടിയാണോയെന്നും മുന്‍ ക്യാപ്റ്റന്‍ ചോദിക്കുന്നു.   

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ നിശ്ചിത ഓവർ ക്രിക്കറ്റിൽ‌ കോലിക്ക് പകരം മുംബൈക്കാരനായ രോഹിത് ശര്‍മ്മ ക്യാപ്റ്റൻ ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന് വിശ്രമം എടുക്കാനായിരുന്നു കോലിയുടെയും തീരുമാനം. എന്നാല്‍ ക്യാപ്റ്റന്‍സി ചര്‍ച്ചയായപ്പോള്‍ കോലി വിശ്രമം മാറ്റിവച്ച് താന്‍ സമ്പൂര്‍ണ പരമ്പരയ്ക്ക് ഉണ്ടാകുമെന്ന് ബിസിസിഐയെ അറിയിക്കുകയായിരുന്നു.  

കുറിക്ക് കൊള്ളുന്ന മറുപടി

ലോകകപ്പ് സെമിവരെയെത്തിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമല്ലെന്നും അതിന്റെ പേരില്‍ വിരാട് കോലിയ മാറ്റേണ്ടതില്ലെന്നും മഞ്ജരേക്കര്‍ പ്രതികരിച്ചു. ‘അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് വിയോജിക്കുന്നു’ എന്നാണ് മഞ്ജരേക്കര്‍ കുറിച്ചത്.  സെമിയിലെ നേരിയ തോല്‍വിയുടെ പേരില്‍മാത്രം കോലിയുടെ ക്യാപ്റ്റന്‍സി വിലയിരുത്തേണ്ടതില്ലെന്നും മഞ്ജരേക്കര്‍ പറയുന്നു. ഭിന്നതയില്ലെന്ന് വെസ്റ്റ് ഇന്‍‍ഡീസിലേക്ക് പുറപ്പെടും മുമ്പ് വിരാട് കോലി പറഞ്ഞെങ്കിലും ഡല്‍ഹി –മൂംബൈ പോര് തുടരുമെന്ന് ഗാവസ്കര്‍–മഞ്ജരേക്കര്‍ വാക്പോര് വ്യക്തമാക്കുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...