ധോണിക്ക് പ്രത്യേക സുരക്ഷ വേണ്ട; അദ്ദേഹം നാടിനെ സംരക്ഷിക്കും: സൈനിക മേധാവി

dhoni-army-bibin-rawat
SHARE

സൈനിക സേവനത്തിനായി ജമ്മു കശ്മീരിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും, മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കുകയാണ് ചെയ്യുകയെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി, തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സൈനിക ചുമതലകൾ നിറവേറ്റാൻ പ്രാപ്തനാണെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു. ഏതൊരു സൈനികനെയും പോലെ സംരക്ഷകന്റെ റോളാണ് ധോണിക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റാനും ബാധ്യസ്ഥനാണ്. സൈനിക സേവനത്തിനു മുന്നോടിയായി അടിസ്ഥാന പരിശീലനം ധോണി നേടിക്കഴിഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ട്’ – ഒരു ദേശീയ മാധ്യമത്തോട് ജനറൽ റാവത്ത് പ്രതികരിച്ചു.

‘മറ്റുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള കർത്തവ്യമാണ് ധോണിക്കുള്ളത്. ടെറിട്ടോറിയൽ ആർമിയുടെ 106–ാം ബറ്റാലിയനൊപ്പമാണ് (പാര) ധോണി പ്രവർത്തിക്കുക. സുരക്ഷയ്ക്കൊപ്പം ആശയ വിനിമയ ദൗത്യങ്ങളും നിർവഹിക്കുന്ന മികച്ചൊരു വിഭാഗമാണത്. ഇവിടെ ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണമെന്ന് എനിക്കു തോന്നുന്നില്ല. പകരം, ഏൽപ്പിക്കപ്പെട്ട ചുമതലകൾക്കനുസരിച്ച് മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുകയാകും അദ്ദേഹം ചെയ്യുക’ – റാവത്ത് പറഞ്ഞു.

സൈനിക സേവനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിൽനിന്ന് ധോണി പിൻമാറിയിരുന്നു. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി രണ്ടു മാസത്തേക്കാണ് സൈനിക സേവനത്തിനു പോകുന്നത്. ജൂലൈ 31ന് കശ്മീരിലെത്തുന്ന ധോണി, ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. വിക്ടർ ഫോഴ്സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. നിലവില്‍ ധോണി ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...