ശാസ്ത്രിയെ വെട്ടി സേവാഗോ ജയവര്‍ധനയോ? ജയവര്‍ധന വന്നാല്‍ കോലിക്ക് പേടിയോ?

web-cricket-coach-new
SHARE

ലോകകപ്പ് ക്രിക്കറ്റുവരെയായിരുന്നു രവി ശാസ്ത്രിയുടെയും കൂട്ടരുടെയും പരിശീലക കാലാവധി. എന്നാല്‍ ലോകകപ്പിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഉള്ളതിനാല്‍ തല്‍ക്കാലം രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും കരാര്‍ 45 ദിവസത്തേക്കു നീട്ടിക്കൊടുത്തു. മുഖ്യപരിശീലകന്‍ രവി ശാസ്ത്രി, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍. ശ്രീധര്‍  എന്നിവരാണ് ടീം ഇന്ത്യയുടെ പരിശീലക സംഘം. 

ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനാണ് ശ്രമം എങ്കിലും മറ്റ് അപേക്ഷകര്‍ക്കൊപ്പം ഇവരും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ വരും. മുഖ്യപരിശീലകന്റെ കൂടി താല്‍പര്യപ്രകാരം ആയിരിക്കും സഹപരിശീലകരുടെ തിരഞ്ഞെടുപ്പ്. പരിശീലകരുടെ തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്റെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയത് മാറ്റമുണ്ടാവുമെന്നതിന്റെ സൂചനയായി കരുതാം. 

ശാസ്ത്രിക്ക് പകരം ആര്?

2017ല്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായ രവി ശാസ്ത്രിയുടെ കീഴില്‍ ടീം ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളെ ടെസ്റ്റിലും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ ടീമുകളെ ഏകദിനത്തിലും തോല്‍പിച്ചു. കൂടാതെ ഏഷ്യാകപ്പ് കിരീടവും ലോകകപ്പ് സെമിഫൈനലും ഉള്‍പ്പെടുന്നു. 

ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പും ബാറ്റിങ് ഓര്‍ഡറും രവി ശാസ്ത്രിക്കും ക്യാപ്റ്റന്‍ കോലിക്കും എതിരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഈ സാഹചര്യത്തില്‍ മുഖ്യ പരിശീലകന്റെ സ്ഥാനത്ത് രവി ശാസ്ത്രി വീണ്ടും എത്തുന്നതിനുള്ള സാധ്യത കുറവാണ്. പകരം ആരെന്ന ചോദ്യത്തിന് മഹേല ജയവര്‍ധന, വീരേന്ദര്‍ സേവാഗ്, ടോം മൂഡി, ഗാരി കേസ്റ്റന്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. 

ജയവര്‍ധന എത്തുമോ?

ശ്രീലങ്കയുടെ എക്കാലത്തെയും ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി വിലയിരുത്തുന്ന മഹേല ജയവര്‍ധനയാണ് ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്നത്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്ന ജയവര്‍ധനെ രണ്ടു കിരീടങ്ങളും ടീമിന് സമ്മാനിച്ചു. ഇതുമാത്രമല്ല, ഇന്ത്യന്‍ താരങ്ങളുമായെല്ലാം ജയവര്‍ധനയ്ക്ക് അടുപ്പമുണ്ട്. പ്രത്യേകിച്ച് രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളുമായി. ഇംഗ്ലണ്ടിന്റെ ബാറ്റിങ് കണ്‍സള്‍‌ട്ടന്‍റ്ായും സേവനം ചെയ്തിട്ടുള്ള ജയവര്‍ധനയുടെ പരിശീലകമികവും പ്ലസ് പോയിന്റാകും. 

സേവാഗിന്റെ സാധ്യത?

അനില്‍ കുംബ്ലെയ്ക്ക് പകരക്കാരന്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ രവി ശാസ്ത്രിക്കൊപ്പം വീരേന്ദര്‍ സേവാഗും അപേക്ഷ അയിച്ചിരുന്നു. എന്നാല്‍ എല്ലാത്തിനെയും വളരെ ലാഘവത്തോടെ കാണുന്നുവെന്നത് സേവാഗിന് തിരിച്ചടിയായി. ഒപ്പം കളിക്കാരന്‍ എന്നതില്‍ പരിചയം ആവോളം ഉണ്ടെങ്കിലും പരിശീലകന്‍ എന്നനിലയില്‍ അനുഭവ സമ്പത്തില്ലാത്തത് തിരിച്ചടിയായേക്കും. 

മൂഡിയോ കേസ്റ്റനോ വരുമോ?

ഇന്ത്യയെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള ഗാരി കേസ്റ്റന്‍ ഇക്കുറിയും അപേക്ഷ നല്‍കിയിട്ടുണ്ട്. 2008മുതല്‍ 2011വരെ ടീമിനൊപ്പമുണ്ടായിരുന്ന കേസ്റ്റന്റെ കാലഘട്ടത്തിലാണ് ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്. പരിശീലകന്‍ എന്ന നിലയിലെ മികവും ഇന്ത്യന്‍ താരങ്ങളുമായുള്ള അടുപ്പവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ അറിയാവുന്നതും കേസ്റ്റന് ഒരിക്കല്‍ക്കൂടി അവസരം ലഭിക്കുന്നതിന് കാരണമായേക്കാം.  ടോം മൂഡി 2005ല്‍ ഇന്ത്യന്‍ പരിശീലകനാകുവാന്‍ അപേക്ഷ നല്‍കിയെങ്കിലും അന്ന് ഗ്രെഗ് ചാപ്പലിന്റെ പ്രഫഷനലിസത്തില്‍ കീഴടങ്ങി. ഐപിഎല്ലിലെ പരിശീലക പരിചയം നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് മോഡി. 

ജയവര്‍ധനയുടെ വരവും കോലിയുടെ പേടിയും

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്ന മഹേല ജയവര്‍ധനയ്ക്ക് മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി വളരെ അടുപ്പുമുണ്ട്. അതിനാല്‍ നിലവിലെ രോഹിത്–കോലിപ്പോരിന് മഹേലയുടെ വരവ് പുതിയ മാനങ്ങള്‍ നല്‍കിയേക്കും. ഒരുപക്ഷെ ഏകദിന–ട്വന്റി 20 ക്യാപ്റ്റനായി രോഹിത് എത്താനും സാധ്യതയുണ്ട്. 

ലോകകപ്പിനിടെതന്നെ രോഹിത്തും കോലിയും രണ്ട് ഗ്രൂപ്പായി തിരിഞ്ഞിരുന്നുവെന്നാണ് ആരോപണം. ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലിയായിരുന്നു ഈ അഭിപ്രായവ്യത്യാസം. സെമിഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഏകദിന ക്യാപ്റ്റനായി രോഹിത് വരണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്രമമെടുക്കാന്‍ തീരുമാനിച്ചിരുന്ന കോലി അത് വേണ്ടെന്ന് വച്ച് ടീമിനൊപ്പം ചേര്‍ന്നത്. 

കോച്ചിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ കോലിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡിന്റെ നിലപാട് കോലിക്ക് നേട്ടമാണോ തിരിച്ചടിയാണോ നല്‍കുകയെന്ന് കാത്തിരുന്ന് അറിയണം. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ പരിശീലകസംഘത്തെ തിര‍ഞ്ഞെടുക്കുന്നത്

MORE IN SPORTS
SHOW MORE
Loading...
Loading...