ഓവർത്രോയിലെ 'വിവാദ' നാല് റൺസ്; വേണ്ടെന്ന് സ്റ്റോക്സ് പറഞ്ഞു; വെളിപ്പെടുത്തൽ

stokes-overthrow-17
SHARE

ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദം ഇനിയും അവസാനിച്ചിട്ടില്ല. അപ്പോഴും സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പിറന്ന ആ സിക്സിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകം. 

അതി നിർണായക ഘട്ടത്തിലാണ് ആ സിക്സിന്റെ പിറവി. ന്യൂസിലാന്‍ഡ് താരം മാർട്ടിൻ ഗപ്റ്റിലിന്റെ ത്രോ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലെത്തിയപ്പോൾ അംപയർ അനുവദിച്ചതാണ് ആ സിക്സ്. മത്സരഫലത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഘടകവും ഈ സിക്സ് തന്നെയായിരുന്നു. 

ഓവർത്രോ ബൗണ്ടറി കടന്നതുവഴി ലഭിച്ച നാലു റൺസും ഓടിയെടുത്ത രണ്ടു റൺസും സഹിതമാണ് അംപയർ ഇംഗ്ലണ്ടിന് ആറു റൺസ് അനുവദിച്ചത്. ഇതോടെ മൽസരം ടൈയിൽ അവസാനിക്കുകയും സൂപ്പർ ഓവറിലേക്കു നീളുകയും ചെയ്തു. അവിടെയും 15 റൺസ് വീതമെടുത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മൽസരത്തിലും സൂപ്പർ ഓവറിലുമായി നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ, ഇംഗ്ലണ്ടിന് ആറു റൺസ് അനുവദിച്ചതിൽ ധർമസേനയ്ക്കു തെറ്റിയെന്ന് ചൂണ്ടിക്കാട്ടി മുൻ അംപയർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.  ആ ആറു റൺസിൽ ഓവർത്രോ വഴി ലഭിച്ച നാലു റണ്‍സ് വേണ്ടെന്ന് ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ ബെൻ സ്റ്റോക്സ് അംപയറോട് ആവശ്യപ്പെട്ടതായി പുതിയ വെളിപ്പെടുത്തൽ. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് താരവും ബെൻ സ്റ്റോക്സിന്റെ സുഹൃത്തുമായ പേസ് ബോളർ ജിമ്മി ആൻഡേഴ്സനാണ്  വെളിപ്പെടുത്തൽ നടത്തിയത്.

റണ്ണൗട്ടിൽനിന്നു രക്ഷപ്പെടാൻ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയാണ് ഗപ്ടിലിന്റെ ത്രോ നേരെ ബൗണ്ടറിയിലേക്കു പോയത്. വീണിടത്തുനിന്ന് എണീറ്റ സ്റ്റോക്സ് ഇരു കൈകളും വശങ്ങളിലേക്കു നീട്ടി അതു മനഃപൂർവം സംഭവിച്ചതല്ലെന്ന് ആംഗ്യം കാട്ടിയിരുന്നു. ഇതിനു പിന്നാലെ ആ ബൗണ്ടറി വേണ്ടെന്ന് സ്റ്റോക്സ് അംപയറോടു പറഞ്ഞെന്നാണ് ആൻഡേഴ്സന്റെ വെളിപ്പെടുത്തൽ.

‘കഴിഞ്ഞ ദിവസം ഈ സംഭവത്തേക്കുറിച്ച് ഞാൻ മൈക്കൽ വോണുമായി (മുൻ ഇംഗ്ലണ്ട് നായകനും കമന്റേറ്ററും) സംസാരിച്ചിരുന്നു. ഓവർത്രോയിലൂടെ ലഭിച്ച ആ നാലു റൺസ് വേണ്ടെന്ന് അപ്പോൾത്തന്നെ അംപയറോടു പറഞ്ഞതായി മൽസരശേഷം കണ്ടപ്പോൾ സ്റ്റോക്സ് വോണിനോടു പറഞ്ഞുവത്രേ. വോൺ ഇക്കാര്യം എന്നോടും പറഞ്ഞു. എന്നാൽ നിയമമനുസരിച്ച് ആ ഓവർത്രോയ്ക്ക് നാലു റൺസ് കൂട്ടിയല്ലേ തീരൂ.’ – ആൻഡേഴ്സൻ പറഞ്ഞു. 

‘ക്രിക്കറ്റിലെ മര്യാദയനുസരിച്ച് സ്റ്റംപു ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ ദേഹത്തോ ബാറ്റിലോ തട്ടി ഗതിമാറിയാൽ വീണ്ടും റണ്ണിനായി ശ്രമിക്കാറില്ല. എന്നാൽ, പന്തു നേരെ ബൗണ്ടറി കടന്നാൽ നിയമമനുസരിച്ച് നാലു റൺസ് നൽകണം. ഇക്കാര്യത്തിൽ ആർക്കുമൊന്നും ചെയ്യാനില്ല’ – ആൻഡേഴ്സൻ പറഞ്ഞു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...