ഓവർ ത്രോ വിവാദം നീളുന്നു; അംപയർമാരെ തുണച്ച് ഐസിസി; നിലപാട് ഇങ്ങനെ

guptil-icc16
SHARE

ലോകകപ്പിനെ വിവാദത്തിലാക്കിയ ഓവർ ത്രോ വിവാദത്തിൽ അംപയർമാരെ പിന്തുണച്ച് ഐസിസി. ഇംഗ്ലണ്ടിന് ഫീൽഡ് അംപയർമാർ നൽകിയ എക്സ്ട്രാ റൺ വിവാദം കൊഴുത്തതോടെയാണ് ഐസിസി നേരിട്ട് വിശദീകരണം നൽകിയിരിക്കുന്നത്. അംപയറുടെ തീരുമാനമാണ് കളിയിൽ അന്തിമം. ഇക്കാര്യത്തിൽ ഇടപെടുന്നത് ചട്ടലംഘനമാണെന്നായിരുന്നു ഐസിസി വക്താവിന്റെ വിശദീകരണം. ഐസിസിയുടെ നിയമാവലി അനുസരിച്ചാണ് അംപയർമാരുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിന് അനുവദിക്കപ്പെട്ട എക്സ്ട്രാ റൺ നിയമവിരുദ്ധമാണെന്ന് മുൻ അംപയർ സൈമൺ ടോഫൽ കൂടി തുറന്നടിച്ചതോടെയാണ് ഐസിസി പ്രതിരോധത്തിലായത്. അഞ്ച് റൺസ് നൽകുന്നതിന് പകരം ആറ് റൺസ് അനുവദിച്ചത് പ്രകടമായ പിഴവാണെന്നായിരുന്നു അഞ്ച് തവണ ഐസിസിയുടെ അംപയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ടോഫല്‍ വ്യക്തമാക്കിയത്. 

ഫീൽഡർ ബോൾ എറിയുന്നതിന് മുൻപ് രണ്ട് ബാറ്റ്സ്മാൻമാരും ക്രോസ് ചെയ്തെങ്കിൽ മാത്രമേ എക്സ്ട്രാ ഒരു റൺ അനുവദിക്കാവൂ എന്നാണ് ഐസിസിയുടെ 19.8 ആം നിയമത്തിൽ പറയുന്നതെന്നും ടോഫൽ വിശദീകരിച്ചിരുന്നു. ഇതനുസരിച്ച് പരിശോധിച്ചാൽ ഗപ്റ്റിൽ പന്ത് എറിയുമ്പോളേക്കും സ്റ്റോക്സും റാഷിദും ക്രോസ് ചെയ്തിട്ടില്ല. എന്നാൽ ഫീൽഡ് അംപയർമാരായിരുന്ന ഇറാസ്മസും കുമാർ ധർമസേനയും ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ചു. ഇതോടെയാണ് കാര്യങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായത്. സൂപ്പർ ഓവറും ടൈ ആയതോടെ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...