സൂപ്പര്‍ ഓവറിന് തൊട്ടുമുന്‍പ് ആര്‍ച്ചറോട് കാതില്‍ സ്‌റ്റോക്‌സ് പറഞ്ഞത്: വെളിപ്പെടുത്തല്‍

archer-ben
SHARE

ലോഡ്സിൽ ഇന്നലെ നടന്ന ന്യൂസീലൻഡ് ഇംഗ്ലണ്ട് ഫൈനൽ ക്രിക്കറ്റ് പ്രേമികളാരും മറക്കില്ല. അവസാന പന്തും കടന്ന് മത്സരം സൂപ്പർ ഒാവറിലേക്ക് കടന്നു. ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ടായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടെറിഞ്ഞ ഓവറില്‍ 15 റണ്‍സായിരുന്നു ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ കിവീസിന് വിജയലക്ഷ്യം ഒരു ഓവറില്‍ 16 ആയി കുറിക്കപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ എറിഞ്ഞ ഒാവറിൽ കിവീസിന് 15 റൺസ് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ വിജയിയെ തീരമാനിച്ചത് ബൗണ്ടറികളുടെ എണ്ണമായി. കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.

അതേസമയം സൂപ്പര്‍ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ പന്തെറിയാനെത്തിയപ്പോള്‍ ഓടിയെത്തിയ ബെന്‍ സ്‌റ്റോക്‌സ് ആര്‍ച്ചറുടെ പുറത്ത് കൈപിടിച്ച് ചിരിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നത് ടെലിവിഷന്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന് ശേഷമാണ് വലിഞ്ഞ് മുറുകിയ മുഖം മാറ്റി പുഞ്ചിരിയോടെ ആര്‍ച്ചര്‍ പന്തെറിഞ്ഞ് തുടങ്ങിയത്. മത്സര ശേഷം ആര്‍ച്ചറോട് താന്‍ എന്താണ് പറഞ്ഞതെന്ന് ബെന്‍ സ്‌റ്റോക്‌സ് വെളിപ്പെടുത്തി.

‘ജോഫ്ര സൂപ്പര്‍ ഓവര്‍ എറിയുന്നതിന് മുമ്പ് ഞാന്‍ അവന് അരികിലെത്തി. ഇവിടെ എന്ത് സംഭവിച്ചാലും അത് നിന്റെ കരിയറിനെ ബാധിക്കില്ലെന്ന് അവനോട് പറഞ്ഞു. ഞാനും ഇത് പോലെ കഠിനമായ ഒത്തിരി സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുള്ളതിനാലായിരുന്നു അങ്ങനെ ആര്‍ച്ചറിനോട് പറയാന്‍ കഴിഞ്ഞത് ‘ സ്റ്റോക്ക്‌സ് ഓര്‍ക്കുന്നു.

ഇതിനിടെ, ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. വിജയിയെ നിശ്ചയിക്കാന്‍ ബൗണ്ടറികളുടെ എണ്ണം കണക്കാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.  ഡക്വാര്‍ത്ത് ലൂയിസ് നിയമത്തിലടക്കം വിക്കറ്റുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍  ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണം മാത്രം പരിഗണിച്ചത് അനീതിയാണെന്നും മുന്‍ ക്രിക്കറ്റ് താരങ്ങളും പണ്ഡിതരും വിമര്‍ശിക്കുന്നു. 

നിശചിത ഓവറിലും സൂപ്പര്‍ ഓവറിലും സമനില. ഇതോടെ മല്‍സരത്തില്‍ 26 ബൗണ്ടറി നേടിയ ഇംഗ്ലണ്ട് ലോകചാംപ്യന്‍മാരായി. ന്യൂസിലന്‍ഡ് മൂന്നുസിക്സറടക്കം 17 തവണമാത്രമാണ് പന്ത് അതിര്‍ത്തികടത്തിയത്. ക്രിക്കറ്റിലെ ഈ നിയമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സൂപ്പര്‍ ഓവര്‍ നിബന്ദനകളിലെ  ആറാം നിയമത്തിലാണ് കൂടുതല്‍ ബൗണ്ടറികള്‍ നേടുന്നവര്‍ വിജയികളാകുമെന്ന് പറയുന്നത്. ഇത്തരം നിയമങ്ങളിലൂടെ തോല്‍ക്കുന്നത് നിരാശാജനകമെന്നാണ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസന്‍ പറഞ്ഞത്.  

ബൗളര്‍മാരടുെട അധ്വാനം വെറുതെയാക്കുന്ന നിയമം മാറണമെന്ന് ക്രിക്കറ്റ് പണ്ഡിറ്റ് ഡീന്‍ ജോണ്‍സ് പറയുന്നു. ഡക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം വിക്കറ്റുകളുടെ എണ്ണം നിര്‍ണായമാണെന്നും ജോണ്‍സ് പറയുന്നു . ഇരുവരെയും സംയ്ക്ത വിജയികളായി പ്രഖ്യാപിക്കണം എന്നാണ് മറ്റൊരു വാദം. അതല്ലങ്കില്‍ നിശ്ചിത ഓവറില്‍ ഒാള്‍ ഔട്ട് ആകാതെയിരുന്ന കീവീസിനാണ് ലോകചാംപ്യന്‍മാരാകാന്‍ കൂടുതല്‍ യോഗ്യത. മണ്ടന്‍ നിയമം എന്നാണ് ഗൗതം ഗംഭീറിന്റെ ട്വീറ്റ്. യുവരാജ് സിംഗും ക്രിക്കറ്റ് നിമയമത്തിനെതിരെ രംഗത്തെത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...