ഇംഗ്ലണ്ടിന്റെ സ്റ്റോക്സ് ജനിച്ചത‌ും വളർന്നതും ന്യൂസിലാൻഡിൽ; കളി പഠിച്ചതും അവിടെത്തന്നെ!

stokes-15-7
SHARE

വിശ്വകിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചതിൽ നിർണായക സ്ഥാനമുണ്ട് ബെന്‍ സ്റ്റോക്സിന്. തോൽവിയിലേക്ക് പോകാമായിരുന്ന മത്സരത്തെ വരുതിയിലാക്കിയതും പൊരുതിയും സ്റ്റോക്സ് തന്നെ. ഫൈനലിലെ ഉജ്വല പ്രകടനത്തിനൊടുവിൽ സ്റ്റോക്സിനെ കാത്തിരുന്നത് മാൻ ഓഫ് ദ മാച്ച് പുരസ്കാരം. 

242 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ നാലിന് 86 റൺസ് എന്ന നിലയിൽ തകർന്നു. അപ്പോഴും രക്ഷകനായത് സ്റ്റോക്സാണ്. ജോസ് ബട്‍ലറിനൊപ്പം സ്റ്റോക്സ് പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ട് ഇംഗ്ലണ്ടിന് ജീവശ്വാസമായി. മൽസരത്തിലാകെ 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസാണ് സ്റ്റോക്സ് അടിച്ചെടുത്തത്. മൽസരം ടൈയിൽ അവസാനിച്ചതിനെ തുടർന്ന് സൂപ്പർ ഓവറിൽ വീണ്ടും ബാറ്റിങ്ങിന് ഇറങ്ങി സ്റ്റോക്സും ബട്‍ലറും ചേർന്ന് 15 റൺസെടുത്ത് ടീമിന്റെ വിജയത്തിന് അടിത്തറയുമിട്ടു.

എന്നാൽ, ന്യൂസീലൻഡിനെ തോൽവിയിലേക്കു തള്ളിവിട്ട സ്റ്റോക്സ് യഥാർഥത്തിൽ ഒരു ന്യൂസീലൻഡുകാരനാണ്. ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് സ്വദേശികളായ താമസിക്കുന്ന ജെറാർഡ് സ്റ്റോക്സ് – ഡെബ് സ്റ്റോക്സ് ദമ്പതികളുടെ മകനാണ് സ്റ്റോക്സ്. ദേശീയ റഗ്ബി താരമായിരുന്നു ബെന്നിന്റെ പിതാവ് ജെറാർഡ്.  1991 ജൂൺ നാലിന് ക്രൈസ്റ്റ് ചർച്ചിൽ ജനിച്ച ബെൻ സ്റ്റോക്സ് 12 വയസ്സു വരെ ജീവിച്ചതും അവിടത്തെന്നെയാണ്. 

പിതാവ് ജെറാർഡിന് ഇംഗ്ലണ്ടിലെ റഗ്ബി ലീഗിൽ പരിശീലക ജോലി ലഭിച്ചതോടെ കുടുംബസമേതം ഇംഗ്ലണ്ടിലേക്കു താമസം മാറി. അങ്ങനെയാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിലെത്തുന്നത്. 2013 വരെ അവിടെ തുടർന്ന ജെറാർഡ് പിന്നീട് ഭാര്യയുമൊത്ത് ന്യൂസീലൻഡിലേക്കു മടങ്ങിയെങ്കിലും ബെൻ ഇംഗ്ലണ്ടിൽ തുടർന്നു. അവിടെ ആഭ്യന്തര മൽസരങ്ങളിലൂടെ ശ്രദ്ധ നേടിയ ബെൻ, പിന്നീട് ഇംഗ്ലണ്ട് ടീമിൽ ഇടം നേടി.  

ഇക്കുറി ഫൈനലില്‍ സ്റ്റോക്സിന്റെ പിതാവ് ജെറാർഡിന്റെ പൂർണപിന്തുണ ന്യൂസിലാൻഡിനായിരുന്നു. മകൻ എതിർടീമിൽ കളിക്കുമ്പോഴാണിത് എന്നോർക്കണം. ന്യൂസീലൻഡ് അർഹിച്ചിരുന്ന കിരീടമാണ് അവസാന നിമിഷം കൈവിട്ടതെന്നാണ് ജെറാർഡിന്റെ നിലപാട്. ടീം തോറ്റെങ്കിലും ഇംഗ്ലണ്ടിനായി മകൻ കാഴ്ചവച്ച ഉജ്വല പ്രകടനത്തിൽ അതിയായ ആഹ്ലാദമുണ്ട്. അതേസമയം, ഇപ്പോൾ ന്യൂസീലൻഡിൽ ഏറ്റവും വെറുക്കപ്പെടുന്ന പിതാവ് താനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...