ധോണിയുടെ വിക്കറ്റെടുക്കാന്‍ പേടിയായിരുന്നു; വെളിപ്പെടുത്തലുമായി മിച്ചല്‍ സാന്റ്നര്‍

micheal--dhoni
SHARE

എം.എസ്.ധോണിയെന്ന ലോകോത്തര ബാറ്റസ്മാന്റെ വിക്കറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത ബോളര്‍മാര്‍ കാണില്ല. എന്നാല്‍ ഇന്ത്യയ്ക്കെതിരായ സെമിഫൈനലില്‍ ധോണിയുടെ വിക്കറ്റെടുക്കാന്‍ ആഗ്രഹമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
 കീവീസ് സ്പിന്നര്‍  മിച്ചല്‍ സാന്റ്നര്‍ .   

എം.എസ്.ധോണി ക്രീസിലുണ്ടെങ്കില്‍ അവസാന പന്ത് വരേയും ജയമുറപ്പിക്കാന്‍ എതിര്‍ ടീം മടിക്കും. ധോണിയെ പുറത്താക്കി സമ്മര്‍ദം കുറയ്ക്കാനാകും ശ്രമം. എന്നാല്‍ ധോണിയുടെ വിക്കറ്റെടുക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്ന് പറയുകയാണ് സാന്റ്നര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ അവസരം നഷ്ടമാകുമോ എന്നതായിരുന്നു സാന്റ്നറുടെ ഭയം 

എന്തായാലും തമാശ കലര്‍ന്ന ഈ കാരണം വൈറലായി. സ്പിന്നര്‍മാരെ പിന്തുണച്ചിരുന്ന ക്രീസില്‍ ജഡേജയുടെ ബോളിങ് നോക്കിയാണ് താന്‍ ഇന്ത്യയ്ക്കെതിരെ പന്തെറിഞ്ഞതെന്നും സാന്റനര്‍ പറഞ്ഞു. സാന്റനര്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കായി 4 മല്‍സരങ്ങളില്‍ നിന്ന് 4 വിക്കറ്റുകള്‍ നേടി. 

ഇന്ത്യന്‍ മുന്‍നിരയെ പേസര്‍മാര്‍ വീഴ്ത്തിയപ്പോള്‍ മധ്യഓവറുകളില്‍ റണ്‍റേറ്റ് നിയന്ത്രിച്ചത് സാന്റ്നറാണ്. സാന്റനറെറിഞ്ഞ പതിനെട്ടാം പന്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്കോര്‍ ചെയ്യാനായത്. അപകടകരമായി മുന്നേറുകയായിരുന്ന പന്ത്–പാണ്ഡ്യ സഖ്യം തകര്‍ത്തതും സാന്റനര്‍ തന്നെ. 

സാന്റ്നര്‍ എറിഞ്ഞ 39 പന്തുകളില്‍ റണ്‍സ് പിറന്നില്ല. 16 പന്തുകളില്‍ സിംഗിളുകള്‍ മാത്രമാണ് ഇന്ത്യന്‍താരങ്ങള്‍ക്ക് നേടാനായത്. പത്ത് ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സാന്റനര്‍ നേടി. ഫൈനലില്‍ ഏതായാലും ഒരു ഇംഗ്ലീഷ് ബാറ്റ്സ്മാന്റെയും വിക്കറ്റെടുക്കാന്‍ സാന്റ്നര്‍ക്ക് മടിയില്ല .        

MORE IN SPORTS
SHOW MORE
Loading...
Loading...