ഇംഗ്ലണ്ട് ലോകചാംപ്യമാർ; സൂപ്പർ ഓവറും ‘ടൈ’; കിവീസിനെ മറികടന്നത് ‘ബൗണ്ടറിക്കരുത്തി’ൽ

england-winner-3
SHARE

ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറില്‍ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. സൂപ്പര്‍ ഓവര്‍ സമനിലയിലായതിനെ തുടർന്ന് ചട്ടമനുസരിച്ച് മൽസരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട്  ചാംപ്യന്‍മാരായി. ഇരുടീമും സൂപ്പര്‍ ഓവറില്‍ 15 റണ്‍സ് വീതം നേടി. ഇംഗ്ലണ്ടിന്റെ ആദ്യകിരീടമാണ് ഇത്. നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും 241 റൺസ് വീതമെടുത്ത് ടൈയിൽ പിരിഞ്ഞതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്. 

മൂന്നു ഫൈനലുകളിൽ തോറ്റ ശേഷമാണ് നാലാം അവസരത്തിൽ ഇംഗ്ലണ്ട് ചാംപ്യൻമാരാകുന്നത്. 1979, 1987, 1992 വർഷങ്ങളിലാണ് ഇംഗ്ലണ്ട് ഫൈനലിൽ തോറ്റത്. അതേസമയം, തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ന്യൂസീലൻഡ് ഫൈനലിൽ കീഴടങ്ങുന്നത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കൊപ്പം സംയുക്തമായി ആതിഥ്യം വഹിച്ച ലോകകപ്പിൽ ഫൈനലിൽ കടന്നെങ്കിൽ, സഹ ആതിഥേയരായ ഓസീസിനോടു തോറ്റു.

ആദ്യം മറുപടി ബാറ്റിങ്ങിലും പിന്നീട് സൂപ്പർ ഓവറിലും ഇംഗ്ലണ്ടിന്റെ പോരാട്ടം നയിച്ച ജോസ് ബട്‍ലർ – ബെൻ സ്റ്റോക്സ് സഖ്യമാണ് ആതിഥേയരുടെ വിജയശിൽപികൾ. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ട് 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് ഇവർ ആദ്യം രക്ഷകരായത്. 21.4 ഓവർ ക്രീസിൽ നിന്ന സഖ്യം കൂട്ടിച്ചേർത്തത് 130 റണ്‍സാണ് ഇംഗ്ലണ്ടിന് പുതുജീവൻ പകർന്നത്. ബട്‍ലർ ഇടയ്ക്കു മടങ്ങിയെങ്കിലും അവസാന പന്തുവരെ ക്രീസിൽ ഉറച്ചുനിന്ന സ്റ്റോക്സ് ടീമിന് സമനില സമ്മാനിച്ചു.

പിന്നീട് സൂപ്പർ ഓവറിലും കളത്തിലിറങ്ങിയ ഇരുവരും ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ 15 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡും 15 റൺസിൽ ഇടറി വീണതോടെ, മൽസരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണം നിർണായകമായി. ഇംഗ്ലണ്ട് ഇന്നിങ്സിലെ ബൗണ്ടറികളിൽ സിംഹഭാഗവും നേടിയ ബട്‍ലർ – സ്റ്റോക്സ് സഖ്യം ഇക്കാര്യത്തിലും അവരെ തുണച്ചു.

ഇംഗ്ലണ്ടിനായി സൂപ്പർ ഓവർ നേരിട്ടത് ജോസ് ബ‍ട്‌ലർ – ബെൻ സ്റ്റോക്സ് സഖ്യമാണ്. ട്രെനന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിൾ, ഒരു ഡബിൾ, രണ്ട് സിംഗിൾ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റൺസ്. സ്റ്റോക്സും ബട്‍ലറും ഓരോ ബൗണ്ടറി നേടി ഇംഗ്ലണ്ട് സ്കോർ ബോർഡിലേക്ക് റണ്ണൊഴുക്കി.

മറുപടി ബാറ്റിങ്ങിൽ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത് വമ്പനടികളുടെ ആശാൻമാരായ മാർട്ടിൻ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആർച്ചർ തുടങ്ങിയത്. മൂന്നാം പന്തിൽ സിക്സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയർത്തി. ഒടുവിൽ അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസെന്ന നിലയിൽ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർട്ടിൻ ഗപ്ടിൽ പുറത്തായതോടെ സൂപ്പർ ഓവറും ടൈയായി.

നേരത്തെ, ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്തായതോടെയാണ് വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടിവന്നത്. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു. ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.

86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്. ബട്‍ലർ 60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസെടുത്ത് പുറത്തായി. ജെയ്സൺ റോയി (20 പന്തിൽ 17), ജോ റൂട്ട് (30 പന്തിൽ ഏഴ്), ജോണി ബെയർസ്റ്റോ (55 പന്തിൽ 36), ക്യാപ്റ്റൻ ഒയിൻ മോർഗൻ (22 പന്തിൽ ഒൻപത്), ക്രിസ് വോക്സ് (നാലു പന്തിൽ രണ്ട്), ലിയാം പ്ലങ്കറ്റ് (10 പന്തിൽ 10), ജോഫ്ര ആർച്ചർ (0), ആദിൽ റഷീദ് (0), മാർക്ക് വുഡ് (0) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായ മറ്റുള്ളവർ. കിവീസിനായി ലോക്കി ഫെർഗൂസൻ മൂന്നും മാറ്റ് ഹെൻറി, കോളിൻ ഗ്രാൻഡ്ഹോം, ജിമ്മി നീഷം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...