കരുത്തുകാട്ടാൻ കിവീസിനാവുമോ? ബൗളർമാരിൽ വിശ്വാസമർപ്പിച്ച് വില്യംസൺ

kane14
SHARE

ലീഗ് മല്‍സരങ്ങളുടെ അവസാന നിമിഷം വരെ നീണ്ട സസ്പെന്‍സിനൊടുവിലാണ് ന്യൂസീലാന്‍ഡ് സെമിയിലെത്തിയത്. അതും റണ്‍റേറ്റിന്‍റെ കരുത്തില്‍. എന്നാല്‍ സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ പൊരുതി ജയിച്ച് കിവീസ് ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി. 136 റണ്‍സില്‍ ലങ്കയെ എറിഞ്ഞൊതുക്കിയ കിവീസ് പത്ത് വിക്കറ്റിന് അവരെ നിലംപരിശാക്കിയാണ് ലോകകപ്പില്‍ അങ്കം കുറിച്ചത്. പിന്നീടങ്ങോട്ട് തുടര്‍ ജയങ്ങളുമായി ഒരു കുതിപ്പായിരുന്നു. ബംഗ്ലദേശിനെ രണ്ടുവിക്കറ്റിനും അഫ്ഗാനെ ഏഴ് വിക്കറ്റിനും മുട്ടുകുത്തിച്ചു.

ക്യാപ്റ്റന്‍ വില്യംസന്റെ സെഞ്ചുറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തറപറ്റിച്ചു. പക്ഷേ വിന്‍ഡീസിനെതിരെ മുട്ടുവിറച്ചു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം  മൂന്നക്കം തൊട്ട വില്യംസന്റെ മികവില്‍ 291 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിനായി സാക്ഷാല്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് അവതരിച്ചതോടെ കളി മാറി മറിഞ്ഞു.

വിന്‍ഡീസിന്റെ ആകാശത്ത് ഉരുണ്ടുകൂടിയ നിര്‍ഭാഗ്യവും കിവീസിന്റെ തലയ്ക്കുമുകളില്‍ ഭാഗ്യവും പെയ്തിറങ്ങിയതോടെ 5 റണ്‍സിന് ജയം ന്യൂസീലന്‍ഡിനൊപ്പം നിന്നു. എന്നാല്‍ പിന്നീടുള്ള മല്‍സരങ്ങള്‍ തിരിച്ചടിയുടേയും തിരിച്ചറിവിന്റേതുമായിരുന്നു. 

അവസാന മൂന്ന് മല്‍സരങ്ങളില്‍ ഒന്നിലും ജയം തൊട്ടില്ല. 250 എന്ന ഭേദപ്പെട്ട സ്കോറില്‍ പോലും എത്തിയില്ല. പാക്കിസ്ഥാനെതിരെ സ്കോര്‍ ചെയ്തത് വെറും 237 റണ്‍സ്. അതാകട്ടെ 5 പന്ത് ശേഷിക്കെ അവര്‍ മറികടന്നു. തോല്‍വി ആറ് വിക്കറ്റിന്. ഓസ്ട്രേലിയയ്ക്കെതിരെ 243 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ വെറും 157 ന് പുറത്തായി. തോല്‍വി 86 റണ്‍സിന്

അതോടെ ന്യൂസീലന്‍ഡിന്റെ സെമി സാധ്യത മങ്ങി. എന്നാല്‍ രക്ഷകരായി ഇംഗ്ലണ്ട് അവതരിച്ചു. ഇന്ത്യയെ തോല്‍പ്പിച്ചതോടെ പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിലായി. ന്യൂസീലന്‍ഡിനെ തന്നെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് മൂന്നാമന്‍മാരായി സെമിയിലെത്തി. അതോടെ പാക്കിസ്ഥാന്റെ മോഹങ്ങള്‍ ചാരമായി. ഇംഗ്ലണ്ടിനോട് 119 റണ്‍സിന്  തോറ്റെങ്കിലും റണ്‍റേറ്റിന്റെ ആനൂകൂല്യത്തില്‍ കിവീസ് സെമിയിലേക്ക് ചിറകടിച്ചുയര്‍ന്നു.

മഴ കളിച്ച സെമിയില്‍ 240 എന്ന കുഞ്ഞന്‍ വിജയലക്ഷ്യം ഇന്ത്യന്‍നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ വരെ നീണ്ടു നില്‍ക്കുന്ന ബാറ്റ്സ്മാന്‍മാരെ കൊണ്ടൊന്നും നേടിയെടുക്കാന്‍ വില്യംസന്‍ അനുവദിച്ചില്ല. ബാറ്റിങ്ങില്‍ പലപ്പോഴും വില്യംസനേയും ടെയ്‌ലറേയും മാത്രം ചുറ്റിപ്പറ്റിയായിരുന്നു ന്യൂസീലന്‍ഡ് ഇന്നിങ്സ്. എന്നാല്‍ ബോള്‍ട്ടും ലോക്കിയുമടങ്ങുന്ന ബോളര്‍മാര്‍ എന്നും വില്യംസന്റെ വിശ്വാസം കാത്തു. അതാണ് തുടര്‍ച്ചയായ രണ്ടാംലോകകപ്പ് ഫൈനലിലേക്ക് ന്യൂസീലന്‍ഡിനെ എത്തിച്ചതും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...