ഓടാനൊരുങ്ങിയ ജഡേജയോട് ഫീൽഡറെ ചൂണ്ടി ധോണി അലറി; 'അയാൾ ഇടംകയ്യനാണ്'

dhoni-madhavan-12
SHARE

പാടിത്തീരുംമുൻപ് നിലച്ച ഹംസഗാനം - സെമിയിൽ ന്യൂസിലാൻഡിനെതിരായ ധോണി ഇന്നിങ്സിനെ എൻഎസ് മാധവൻ വിശേഷിപ്പിച്ചത് ഇങ്ങനെ. 'അവസാനത്തെ ഓവറിൽ വിജയം നേടുന്ന, ധോണി സാധ്യമാക്കിയിരുന്ന പരിണാമഗുപ്തി നടക്കാതെ പോയപ്പോൾ, അദ്ദേഹം സ്വാഭാവികമായി പഴിക്കു പാത്രമായി'. മലയാള മനോരമയിലെ 'തത്സമയം' കോളത്തിൽ ധോണിയെക്കുറിച്ചെഴുതിയ ലേഖനത്തിലാണ് എൻ.എസ്.മാധവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ലേഖനം വായിക്കാം:

ബിഹാറിൽ ലാലുപ്രസാദ് - റാബറി ദേവി ഭരണത്തിന്റെ അവസാന നാളുകളിൽ ക്രമസമാധാനം തകർച്ചയുടെ വക്കിലായിരുന്നു. കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചു. പട്ടണങ്ങൾ സന്ധ്യയ്ക്കുതന്നെ വിജനമായിരുന്നു. പത്രങ്ങൾ ബിഹാറിനെപ്പറ്റി പുറത്തു കൊണ്ടുവന്നിരുന്ന വിവരങ്ങൾ മിക്കതും മോശമായിരുന്നു. അതിലൊരു വ്യത്യാസം, ഒരു ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചുള്ള വാർത്തകളായിരുന്നു.1999ൽ ബിഹാറിനു വേണ്ടി കളിച്ചുതുടങ്ങിയ മഹേന്ദ്ര സിങ് ധോണി എന്ന യുവ ക്രിക്കറ്ററായിരുന്നു ആ സംസ്ഥാനത്തിൽനിന്നു പുറത്തുവന്ന ചുരുക്കം നല്ല വാർത്തകളിലൊന്ന്.

2000ൽ ബിഹാറിൽനിന്നു വേർപെട്ട് ജാർഖണ്ഡ് പിറന്നു. റാഞ്ചി സ്വദേശിയായ ധോണി ജാർഖണ്ഡിനു വേണ്ടി കളിക്കേണ്ടതായിരുന്നു, പക്ഷേ 2004വരെ ബിഹാർ ക്രിക്കറ്റ് അസോസിയേഷനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കാരണം, ആ വർഷമേ ബിസിസിഐ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നൽകിയുള്ളൂ. തുടർന്ന് ഉത്തരാഖണ്ഡിൽ വേരുകളുള്ള ഈ കളിക്കാരനെ ജാർഖണ്ഡ് ഏറ്റെടുത്തു. റാഞ്ചി വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോൾ പലപ്പോഴും ഡ്രൈവർമാർ വളഞ്ഞ വഴികളിലൂടെ യാത്രക്കാരെ കൊണ്ടുപോകും. എന്നിട്ട് പറയും, ഇവിടെയാണു ധോണി പഠിച്ചത്, ഇതാണു ധോണിയുടെ കളിസ്ഥലം... രാജ്യാന്തരതലത്തിൽ തന്നെ ധോണിയെപ്പോലെ വളരെ ചുരുക്കം കളിക്കാരേ ഒരു ജനതയുടെ മുഴുവൻ ഭാവനയെ കീഴടക്കിയിട്ടുള്ളൂ.

2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വിജയത്തിനാവശ്യമായ സിക്സറടിച്ച് നിശ്ചലമായ മുഖത്തോടെ പന്തിന്റെ പഥം നോക്കിനിൽക്കുന്ന ധോണിയെ മറക്കുന്നതെങ്ങനെ? ആരും പ്രതീക്ഷിക്കാത്ത ട്വന്റി 20 ലോകകപ്പ്, ചാംപ്യൻസ് ട്രോഫി... ധോണി ആരാധകർക്കു നൽകിയ ആനന്ദം ഒരു ഭാഗത്ത്. എങ്ങനെ സംഘർഷങ്ങളെ ഒരു ക്ഷോഭവും കൂടാതെ നേരിടണമെന്ന് രണ്ടു തലമുറകളിലെ കുട്ടികൾക്കു ധോണി നൽകിയ ജീവിതപാഠം മറുഭാഗത്ത്. വെറുമൊരു കളിക്കാരനായി മാത്രം അദ്ദേഹത്തെ കാണാനാവില്ല. 

ന്യൂസീലൻഡിനോട് ഇന്ത്യ തോറ്റ സെമി ഫൈനൽ, ലോകകപ്പുകളിൽ ധോണിയുടെ അവസാനത്തെ കളിയാണെന്ന് എല്ലാവരെയും പോലെ അദ്ദേഹത്തിനും അറിയാമായിരുന്നു. അരയന്നങ്ങൾ ജീവൻ വെടിയുംമുൻപ് മനോഹരമായി പാടും എന്നൊരു പാശ്ചാത്യസങ്കൽപമുണ്ട്. തന്റെ ഹംസഗാനമാണു താൻ കളിക്കുന്ന ഇന്നിങ്സ് എന്നു ധോണിക്ക് അറിയാമായിരുന്നു. അക്ഷോഭ്യനായി പന്തുകൾ മുട്ടിക്കളിച്ചപ്പോഴും തുടർച്ചയായി കളിക്കാതെ വിട്ടപ്പോഴും ഒരു ഘടികാരം പോലെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് ബുദ്ധി ടിക് ടിക് എന്നു ചലിക്കുന്നുണ്ടായിരുന്നു.

ഈ കളിയിൽത്തന്നെ ആ ബുദ്ധിയുടെ ഒരു മിന്നൽ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ഇടത്തേ കൈകൊണ്ടു പന്തു തടുത്ത ഫീൽഡറെ ശ്രദ്ധിച്ച്, രണ്ടാമത്തെ റണ്ണിനു വേണ്ടി ഓടാനൊരുങ്ങിയ ജഡേജയെ  തടഞ്ഞുകൊണ്ട് ധോണി വിളിച്ചുപറഞ്ഞു, ‘അയാൾ ഇടംകയ്യനാണ്’.

എന്തായിരുന്നു ധോണിയുടെ കണക്കുകൂട്ടൽ? അവസാനത്തെ 3 ഓവറുകളിലൊന്ന് ദുർബലനായ ഒരു ബൗളർ – നീഷമോ ഗ്രാൻഡ്ഹോമോ – എറിയേണ്ടി വരും. അപ്പോൾ തീർക്കാവുന്ന കണക്കേ ഉള്ളൂവെന്ന് അദ്ദേഹം ഉറപ്പിച്ചു. അപ്പോഴാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ധോണി റണ്ണൗട്ട് ആകുന്നത്. ഹംസഗാനം, പാടിത്തീരുന്നതിനു മുൻപ് നിലച്ചു. അവസാനത്തെ ഓവറിൽ വിജയം നേടുന്ന, ധോണി സാധ്യമാക്കിയിരുന്ന പരിണാമഗുപ്തി നടക്കാതെ പോയപ്പോൾ, അദ്ദേഹം സ്വാഭാവികമായി  പഴിക്കു പാത്രമായി. പവിലിയനിലേക്ക് ഇത്രയ്ക്കു ദൂരമുണ്ടെന്നു തോന്നിപ്പിച്ചത് ഔട്ടായതിനു ശേഷമുള്ള ധോണിയുടെ തിരിച്ചുനടത്തമാണ്. അസ്തമയത്തിലേക്കുള്ള ധോണിയുടെ യാത്ര തൊണ്ടയിൽ ഇറുക്കം അനുഭവിപ്പിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...