ജഡേജയോടു ക്ഷമ ചോദിക്കുന്നു, എന്നെ തേച്ചൊട്ടിച്ചു; മഞ്ജരേക്കര്‍

manjarekkar-jadeja
SHARE

സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ വീരോചിത പ്രകടനത്തിലൂടെ രവീന്ദ്ര ജഡേജ തന്നെ വലിച്ചു കീറിയെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. സെമിക്കു മുൻപ് ജഡേജ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനാണെന്നു പറഞ്ഞ് മഞ്ജരേക്കർ വിവാദത്തിൽ ചാടിയിരുന്നു. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് ജഡേജയുടെ പേരു പറഞ്ഞ് തന്നെ ട്രോളിയ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിനെ മഞ്ജരേക്കർ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ ന്യൂസീലൻഡിനെതിരെ മത്സര ശേഷം മഞ്ജരേക്കർ തന്റെ തെറ്റു സമ്മതിച്ചു.

‘ഉജ്വലമായ മികവു കൊണ്ട് ജഡേജ എന്നെ പൊട്ടും പൊടിയുമായി വലിച്ചു കീറി. മുൻപുള്ള ജഡേജയെ അല്ല ഇത്തവണ കണ്ടത്. കഴിഞ്ഞ 40 ഇന്നിങ്സുകളിൽ ജഡേജയുടെ ഉയർന്ന സ്കോർ 33 മാത്രമായിരുന്നു. ഇത്തവണ പക്ഷേ അദ്ദേഹം കലക്കി. റൺസ് വഴങ്ങാതെയുള്ള ബോളിങ്ങും അർധസെഞ്ചുറി നേടുമ്പോഴുള്ള ആഘോഷവുമെല്ലാം ഉജ്വലം’– മഞ്ജരേക്കർ പറഞ്ഞു.

അർധസെഞ്ചുറി പൂർത്തിയാക്കിയ ശേഷം പതിവുരീതിയിൽ വാള്‍ ചുഴറ്റുന്നതുപോലെ ബാറ്റ് ചുഴറ്റി ആഘോഷിച്ച ജഡേജ അതിനു തൊട്ടുമുൻപ് സ്റ്റാൻഡിലേക്കു ചൂണ്ടി എന്തൊ ആംഗ്യം കാട്ടിയിരുന്നു. ഇതു മഞ്ജരേക്കറിനെ ഉദ്ദേശിച്ചല്ലേയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അർധ സെഞ്ചുറി തികച്ചപ്പോൾ അദ്ദേഹം എന്നെയാകും തിരഞ്ഞിട്ടുണ്ടാവുക. പക്ഷേ ഞാൻ അവിടെയുണ്ടായിരുന്നില്ല. ലോഞ്ചിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു..’– മഞ്ജരേക്കർ പറഞ്ഞു. മഞ്ജരേക്കറുടെ വിമർശനം ജഡേജയുടെ ചോരത്തിളപ്പു കൂട്ടിയെന്ന് ഒളിംപിക് സ്വർണ മെഡൽ ജേതാവായ ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ട്വിറ്ററിലെഴുതി.

∙ ശരിക്കും സംഭവിച്ചതെന്ത്?

എജ്ബാസ്റ്റനിൽ ഇന്ത്യ–ഇംഗ്ലണ്ട് മൽസരം നടക്കുമ്പോഴാണ് കമന്ററി ബോക്സിൽ മഞ്ജരേക്കർ വിവാദ പരാമർശം നടത്തിയത്. രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഇത്തരം ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്ന് മഞ്ജരേക്കർ വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ കൈക്കുഴ സ്പിൻ ദ്വയം ഒട്ടേറെ റൺസ് വിട്ടുകൊടുത്ത സാഹചര്യത്തിലാണ് ഇവരിലൊരാൾക്കു പകരം ജഡേജയെ കളിപ്പിക്കുന്നതിനെക്കുറിച്ച് കമന്ററി ബോക്സിൽ ചർച്ച രൂപപ്പെട്ടത്. 

MORE IN SPORTS
SHOW MORE
Loading...
Loading...