പന്തുകള്‍ മൂളിപ്പറന്നു; ചതിച്ചതാ, പിച്ച് ചതിച്ചതാ...

kohli-rohit
SHARE

ഇന്ത്യ–ന്യൂസീലൻഡ് സെമിഫൈനലിലെ പിച്ചിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ. ഒരു ലോകകപ്പ് സെമിഫൈനലിനു ചേർന്ന പിച്ചല്ല ഇത് എന്നായിരുന്നു മുൻ ഓസ്ട്രേലിയൻ താരം മാർക് വോയുടെ അഭിപ്രായം. ‘ഇതൊരു നല്ല പിച്ചാണെന്നു തോന്നുന്നില്ല. വളരെ സ്ലോ. പിന്നെ നല്ല ടേണും..’– വോ ട്വിറ്ററിൽ കുറിച്ചു. 240 റൺസെങ്കിലും നേടിയാൽ ഈ പിച്ചിൽ കിവീസിനു ജയിക്കാം എന്ന പ്രവചനവും മൽസരത്തിന്റെ ആദ്യ ദിവസം വോ നടത്തി.

മുൻ ഇംഗ്ലണ്ട് താരം മാർക്ക് ബുച്ചർ ലോകകപ്പിലെ പിച്ചുകളെ ഒന്നാകെ ‘ചവറ്’ എന്നാണ് വിശേഷിപ്പിച്ചത്. ‘പിച്ചിന് രണ്ടു സ്വഭാവമാണ്. അവസാനത്തെ അഞ്ച് ഓവർ നിങ്ങളെ ത്രസിപ്പിച്ചേക്കാം. പക്ഷേ ബാക്കിയുള്ള ഓവറുകളെല്ലാം നിങ്ങളെ പേടിപ്പിക്കും..’– ബുച്ചർ കുറിച്ചു. എന്നാൽ പിച്ചിന്റെ തനിസ്വഭാവം അറിഞ്ഞത് ഇന്നലെ ഇന്ത്യയാണ്. പിച്ചിൽ നിന്നു കിട്ടിയ പിന്തുണയോടെ ബോൾട്ടും ഹെൻറിയുമെല്ലാം പന്തിനെ മൂളിപ്പറപ്പിച്ചു. 

മഴ പിച്ചി; പിച്ച് മാറി! 

ചൊവ്വാഴ്ച പെയ്ത മഴയിൽ മാഞ്ചസ്റ്ററിലെ പിച്ചിന്റെ സ്വഭാവം മാറിയതാണ് ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. മഴ തോർന്നെങ്കിലും വെയിൽ ഇല്ലാതിരുന്നതോടെ പിച്ച് ഒട്ടും ഉണങ്ങിയില്ല. ഈർപ്പം മാറിയില്ല. ന്യൂസീലൻഡിന്റെ ബോളർമാർ പ്രതീക്ഷിച്ചതിനപ്പുറം ടേണും ബൗൺസും പിച്ചിൽ നിന്നു ലഭിച്ചു. ബാറ്റ്സ്മാൻമാർക്ക് പലപ്പോഴും പന്തിന്റെ ദിശ ഊഹിക്കാനായില്ല. വിരാട് കോലി പുറത്തായ പന്തു തന്നെ പിച്ചിന്റെ അപകടകരമായ സ്വഭാവത്തിന്റെ നേർച്ചിത്രമായിരുന്നു.

ചൊവ്വാഴ്ച മഴ പെയ്തപ്പോൾ മുതൽ പിച്ച് മൂടിക്കിടക്കുകയായിരുന്നു. ടാർപോളിൻ ഇട്ടുമൂടിയാലും പിച്ചിൽ ഈർപ്പമുണ്ടാകും. കാറ്റുപോലും കടക്കാത്തതിനാൽ ഇതു നീണ്ടുനിൽക്കുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവും കുറവായിരുന്നു. മഴ മാറി വെയിലടിച്ചിരുന്നെങ്കിൽ പിച്ച് കുറച്ചുകൂടി ഉറച്ച് ബാറ്റിങ്ങിന് അനുകൂലമാകുമായിരുന്നു. പിച്ച് നിർമിക്കുമ്പോഴും ഇതായിരിക്കും പ്രതീക്ഷ. പക്ഷേ, അപ്രതീക്ഷിതമായി പെയ്ത മഴ എല്ലാം തകിടംമറിച്ചു.'

- എ.എം.ബിജു (ക്യുറേറ്റർ, കേരള ക്രിക്കറ്റ് അസോസിയേഷൻ) 

MORE IN SPORTS
SHOW MORE
Loading...
Loading...