ധോണിയുടെ ബാറ്റിങ് ഓര്‍ഡറിനെച്ചൊല്ലി വിവാദം, ബാല്‍ക്കണിയിലെ സംഭാഷണം എന്തായിരുന്നു ?

dhoni-batting-order
SHARE

350 മല്‍സരം കളിച്ചിട്ടുള്ള ഏകദിനത്തില്‍ പതിനായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ള ധോണിയെ അവിശ്വസിക്കേണ്ട കാര്യമില്ല.  ടീമിലെ പരിചയസമ്പനായ താരത്തെ ബാറ്റിങ് ഓര്‍ഡറില്‍ ഇറക്കുമ്പോള്‍ ടീമിന് കൃത്യമായ പദ്ധതി വേണം. മുന്‍നിര വിക്കറ്റുകള്‍‌ പെട്ടെന്ന് നിലംപൊത്തുമ്പോള്‍ പരിചയസമ്പന്നനായ താരത്തെ ക്രീസിലിറക്കി കളി പിടിക്കാനാണ് നോക്കേണ്ടത്. ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലില്‍ ധോണി ബാറ്റിങ്ങിന് ഇറങ്ങിയത് ഏഴാമനായിട്ടാണ്. ഇതിനെച്ചൊല്ലി വിവാദം തുടങ്ങിക്കഴിഞ്ഞു. 

ആദ്യ 45മിനിറ്റ് കാര്യങ്ങള്‍ മാറ്റിമറിച്ചു

ഇന്ത്യയുടെ  ബാറ്റിങ്ങിലെ ആദ്യ 45മിനിറ്റ് വളരെ നിര്‍ണായകം ആയിരുന്നു. വിക്കറ്റ് പോകാതെ ആദ്യ പത്ത് ഓവര്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രം ഇന്ത്യയുടെ മുന്‍നിരയിലുണ്ടായില്ല. അല്ലെങ്കില്‍ അതിനുള്ള മനസാന്നിധ്യം അവര്‍കാണിച്ചില്ല. ആദ്യ നാല് ഓവറില്‍ തന്നെ മൂന്നുവിക്കറ്റ് നഷ്ടം. നാലാമനായി റിഷഭ് പന്ത് ഇറങ്ങി. അതില്‍ അസ്വഭാവികത ഇല്ല. എന്നാല്‍ അഞ്ചാമനായി ഇറങ്ങേണ്ടത് ദിനേശ് കാര്‍ത്തിക്കല്ലായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ആ സ്ഥാനത്ത് ധോണിയായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ധോണി ഒരറ്റത്ത് ഉറച്ചുനില്‍ക്കുകയും പന്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കളിക്കുകയും ചെയ്യുമായിരുന്നു. ഇളംകാറ്റുള്ളപ്പോള്‍ സ്പിന്നര്‍ സന്റനര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അനുവദിക്കുമായിരുന്നുമില്ല. കാര്‍ത്തിക് 25 പന്തില്‍ ആറുറണ്‍സെടുത്ത് പുറത്തായപ്പോഴും ധോണിയെ ഇറക്കിയില്ല. ഹര്‍ദിക് പാണ്ഡ്യയെത്തി. പാണ്ഡ്യയും പന്തും ചേര്‍ന്ന് 47റണ്‍സെടുത്തു. ഒരേ ശൈലില്‍ ബാറ്റുവീശുന്നവരെക്കാള്‍ നല്ലത് ധോണിയുടെ പരിചയസമ്പത്തായിരുന്നു. 

വിമര്‍ശനവുമായി സച്ചിനും ഗാംഗുലിയും

ധോണി എല്ലായിപ്പോഴും മല്‍സരം ഫിനിഷ് ചെയ്യുമെന്ന് കരുതുന്നത് ശരിയല്ലെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ധോണിയെ അഞ്ചാമനായിട്ടായിരുന്നു ക്രീസില്‍ ഇറക്കേണ്ടിയിരുന്നത്. ബാറ്റിങ് ഓര്‍ഡറിലെ മാറ്റം തെറ്റായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയതിന്റെ യുക്തി മനസിലാവില്ലെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. വിക്കറ്റുകള്‍ വേഗത്തില്‍ പോകുമ്പോള്‍ പരിചയസമ്പന്നനായ കളിക്കാരനെയാണ് ക്രീസില്‍ ഇറക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു. പന്ത് പുറത്തായതിനുശേഷം വിരാട് കോലിയും രവി ശാസ്ത്രിയും നടത്തിയ സംഭാഷണം എന്തൊക്കെയോ അതൃപ്തി ചൂണ്ടിക്കാട്ടുന്നുവെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. തോറ്റുകഴിയുമ്പോള്‍ പല അഭിപ്രായങ്ങളും വരുമെന്നായിരുന്നു ഇതിനോടുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണം. 

കോലി –ശാസ്ത്രി പോര്?

ബാറ്റിങ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ വരുത്തിയതില്‍‌ വിരാട് കോലി അസംതൃപ്തനായിരുന്നോ? അല്ലെങ്കില്‍ റിഷഭ് പന്ത് പുറത്തായതിനു പിന്നാലെ ബാല്‍ക്കെണിയിലിരുന്ന ശാസ്ത്രിയുടെ അടുത്തെത്തി കോലി സംസാരിച്ചത് എന്തായിരുന്നു. കോലിയുടെ മുഖത്ത് അസംതൃപ്തി വ്യക്തമായിരുന്നു. പക്ഷെ ശാസ്ത്രിക്ക് ഭാവ പകര്‍ച്ച ഉണ്ടായില്ല. ക്യാപ്റ്റനും കോച്ചും തമ്മില്‍ ബാറ്റിങ് ഓര്‍ഡറിനെച്ചൊല്ലി തര്‍ക്കം ഉണ്ടായെന്ന് കമന്റേറ്റര്‍മാരായ മുന്‍താരങ്ങള്‍ പറയാതെ പറയുന്നു.  ഈ ലോകകപ്പ് വരെയായിരുന്നു രവി ശാസ്ത്രിയുടെ കാലാവധി. 

MORE IN SPORTS
SHOW MORE
Loading...
Loading...