ലോകകപ്പ് ഇലവനെ നയിക്കാന്‍ കോലിയോ..? ആ പതിനൊന്നില്‍ ആരൊക്കെ: കുറിപ്പ്

eleven
SHARE

ലോകകപ്പ് അവസാനഘട്ടത്തിലേക്ക്. ഈ ഘട്ടത്തില്‍ ഒരു ലോകകപ്പ് ഇലവന്‍ തിരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെ ഇടംപിടിക്കും..? മനോരമ ന്യൂസ് എക്സിക്ക്യുട്ടീവ് ന്യൂസ് പ്രൊഡ്യൂസറും സ്പോര്‍ട്സ് ലേഖികയുമായ ജീനാ പോള്‍ എഴുതുന്നു.

ക്രിക്കറ്റിന്റെ തറവാട്ടില്‍ നടക്കുന്ന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു. കിരീടത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും ന്യൂസീലന്‍ഡും പോരടിക്കുമ്പോള്‍ ലോക ഇലവനില്‍ ആരൊക്കെ ഇടംപിടിക്കുമെന്നത് കൗതുകമുള്ള കാര്യമാണ്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോക ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത ആവശ്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ ഇഷ്ടതാരങ്ങളെ പുറത്തുനിര്‍ത്തേണ്ടിയുംവരും. കളത്തിലിറങ്ങുന്ന പതിനൊന്നുപേര്‍ ആരെന്നത് നിര്‍ണായകം ആണ്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2019ലോകകപ്പിന്റെ ഇലവനിതാ.

ഓപ്പണര്‍മാര്‍

ഏതുടീമിന്റെയും ഏറ്റവും നിര്‍ണായകമായത് ഓപ്പണിങ് സഖ്യത്തിന്റെ പ്രകടനമാണ്. ഇവര്‍ നല്‍കുന്ന തുടക്കം ടീമിന്റെ ഒന്നാകെയുള്ള പ്രകടനത്തെ ബാധിക്കും. ഒന്നാം നമ്പറില്‍ ഇന്ത്യയുടെ രോഹിത് ശര്‍മതന്നെ. ഈ വലംകയ്യന്‍ ബാറ്റ്സ്മാന്‍ അഞ്ചുസെഞ്ചുറി ഉള്‍പ്പെടെ 647 റണ്‍സ് നേടി. പതിവുള്ള വന്‍ഹിറ്റുകള്‍ക്ക് പകരം അല്‍പം കരുതലോടെയാണ് ഇത്തവണ രോഹിത് കളിക്കുന്നത്. രോഹിത്തിന് കൂട്ടായി ഓപ്പണിങ്ങില്‍ ഇറങ്ങുക ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ആണ്. വാര്‍ണറെക്കാളും രോഹിത്തിനെക്കാളും സ്ട്രൈക്ക് റേറ്റ് ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനാണെങ്കിലും ഇടത് വലത് കോമ്പിനേഷന്‍ കണക്കാക്കി ഡേവിഡ് വാര്‍ണര്‍ എന്ന ഇടംകയ്യനാണ്. മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 638റണ്‍സ് നേടിയിട്ടുണ്ട്. 166 റണ്‍സാണ് വാര്‍ണറുടെ ഉയര്‍ന്ന സ്കോര്‍‌. രോഹിത്തിന്റേത് 140റണ്‍സും. 

മധ്യനിരയില്‍ ആരൊക്കെ?

മൂന്നാംനമ്പര്‍ വളരെ നിര്‍ണായകമായ സ്ഥാനമാണ്. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടാല്‍ പെട്ടെന്ന് ഇറങ്ങേണ്ടിവരും. മാത്രമല്ല ഇന്നിങ്സ് കെട്ടിപ്പൊക്കേണ്ട ചുമതല ഈ മൂന്നാംനമ്പറിനാണ് താനും. ഈ ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനം നോക്കിയാല്‍ ഇന്ത്യയുടെ വിരാട് കോലി തന്നെ അനുയോജ്യന്‍. തുടര്‍ച്ചയായ അഞ്ച് അമ്പതുകള്‍ കോലിയുടെ മൂന്നാം നമ്പറിന് തിളക്കം കൂട്ടുന്നു. ന്യൂസീലന്‍‍ഡിന്റെ കെയിന്‍ വില്യംസണ്‍ നാലാംനമ്പറില്‍ ഇറങ്ങും. പൊതുവെ മൂന്നാം നമ്പറില്‍ ഇറങ്ങുന്ന താരമെങ്കിലും നാലാം നമ്പറും ഈ ബാറ്റ്സ്മാന് വഴങ്ങും. രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 481 റണ്‍സ് വില്യംസണ്‍ നേടി.  

ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെ?

അ​ഞ്ചാംനമ്പര്‍ മുതല്‍ തുടങ്ങുന്നു ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ പൂരം. ബാറ്റിങ് ഓള്‍‌റൗണ്ടര്‍മാരാണ് അഞ്ചും ആറും സ്ഥാനത്ത് ഇറങ്ങുന്നത്. ഈ ലോകകപ്പിലെ പ്രകടനം നോക്കിയാല്‍ അഞ്ചാം നമ്പറില്‍ ഏറ്റവും യോജ്യനായ കളിക്കാരന്‍ ബംഗ്ലദേശിന്റെ ഷാക്കിബ് അല്‍ഹസനാണ്. വീണ്ടുമൊരു ഇടംകയ്യന്‍ സാന്നിധ്യവും ഷാക്കിബിലൂടെ ടീമിന് ഉറപ്പിക്കാനാകും. 

രണ്ട് സെഞ്ചുറിയോടെ ഷാക്കിബ് അഞ്ചാം നമ്പറില്‍ 606റണ്‍സ് നേടി. ഒപ്പം പതിനൊന്ന് വിക്കറ്റും വീഴ്ത്തി. ആറാം നമ്പറില്‍ ഈ ലോകകപ്പ് കണ്ട മികച്ച സ്ട്രോക്ക് പ്ലയര്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് എത്തും. ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് സ്റ്റോക്സ് 381 റണ്‍സ് നേടി. 89റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇടംകയ്യന്‍ ബാറ്റിങ്ങിനൊപ്പം വലംകയ്യന്‍ മീ‍ഡിയം പേസും ചേരുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന് ചേര്‍ന്ന ഓള്‍റൗണ്ടറായി. ഏഴുവിക്കറ്റും നേടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാനുമാകും. 

ആരാണ് വിക്കറ്റ് കീപ്പര്‍?

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇറങ്ങും. ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും ഓസ്ട്രേലിയയുടെ അലക്സ് കാരി ആണ് മുന്നിലെങ്കിലും യുവതാരമെന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പിനെ തിര‍ഞ്ഞെടുക്കുന്നു. 274 റണ്‍സ് നേടിയ ഹോപ്, വിക്കറ്റിന് പിന്നില്‍ 16പേരെ പുറത്താക്കി. 96റണ്‍സാണ് ഈ  25കാരന്റെ ഉയര്‍ന്ന സ്കോര്‍.  

പേസ് ബോളര്‍മാര്‍ ആരൊക്കെ?

സംശയമൊന്നുമില്ലാതെ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയും ബോളിങ് ഓപ്പണ്‍ചെയ്യിക്കാന്‍ ഇറക്കാം. ഇടകയ്യന്‍–വലംകയ്യന്‍ കോമ്പിനേഷന്‍ ആയതിനാല്‍ മികവുകൂടും. 26റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 

ഇതുവരെ 26വിക്കറ്റ് നേടി. ബുംറ 17വിക്കറ്റെടുത്തു. 55റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഇംഗ്ലണ്ടിന്റെ യുവതാരം ജോഫ്ര ആര്‍ച്ചര്‍ ആയിരിക്കും മൂന്നാമത്തെ പേസ് ബോളര്‍. ഓരോ പന്തിലും വ്യതിയാനം കൊണ്ടുവരുന്ന ആര്‍ച്ചര്‍‌ ഇതുവരെ 17വിക്കറ്റ് വീഴ്ത്തി. 27റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തിയതാണ് ഈ 24കാരന്റെ മികച്ച പ്രകടനം. 

സ്പിന്‍ ബോളര്‍ ആരാകും?

ഓള്‍റൗണ്ടര്‍ ഷാക്കിബിന്റെ സ്പിന്നിനു പുറമെ ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നറായി ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറെത്തും. യുവതാരങ്ങള്‍ പലരുണ്ടായെങ്കിലും ഈ വെറ്ററന്‍താരമാണ് മികച്ച പ്രകടനം നടത്തിയത്. താഹിറിന്റെ ലെഗ്സ്പിന്നില്‍ പതിനൊന്ന് വിക്കറ്റുകള്‍ തെറിച്ചു. ഒപ്പംമറ്റ് സ്പിന്നര്‍മാരെക്കാള്‍ മികച്ച ഇക്കോണമിറേറ്റും താഹിറിനുതന്നെ. 4.92 ആണ് ഇക്കോണമി റേറ്റ്. 

പന്ത്രണ്ടാമന്‍ ആര്?

കരുത്തുറ്റ ബാറ്റിങ് നിര ആയതിനാല്‍ പന്ത്രണ്ടാമനായി ഒരു ബോളറെ ഉള്‍പ്പെടുത്തുന്നു. പാക്കിസ്ഥാന്റെ യുവതാരം ഇടംകയ്യന്‍ പേസറുമായ ഷഹീന്‍ അഫ്രീദിയെയാണ് പന്ത്രണ്ടാമനായി തിരഞ്ഞെടുക്കുന്നത്

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...