ഒത്തിണക്കത്തില്‍ മുന്നേറി; കരിങ്കല്ലുകൊണ്ട് കോട്ട കെട്ടി: ബ്രസീല്‍ കോപ്പയേറിയത് ഇങ്ങനെ

brazil-win
SHARE

കോപ്പ അമേരിക്കയിൽ അദ്‌‌ഭുതങ്ങളൊന്നും സംഭവിച്ചില്ല. മികച്ച സ്ക്വാഡുമായെത്തിയ ബ്രസീൽ തന്നെ ജേതാക്കളായി. 2013 ൽ കോൺഫെഡറേഷൻസ് കപ്പ് നേടിയതിന് ശേഷമുള്ള ബ്രസീലിന്റെ കാത്തിരിപ്പാണ് മാറക്കാനയിലവസാനിച്ചത്. 

വിജയം അർഹിച്ച സംഘം തന്നെയായിരുന്നു ബ്രസീൽ. പരിശീലകൻ മുതൽ മൈതാനത്ത് ഇറങ്ങിയ ഓരോരുത്തരും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിച്ചു. എതിരാളികൾക്കനുസരിച്ച് തന്ത്രങ്ങളിൽ മാറ്റം വരുത്തുകയെന്ന  നയമായിരുന്നു തുടക്കം മുതൽ ബ്രസീൽ സ്വീകരിച്ചത്. അതെല്ലാം വിജയത്തിൽ എത്തുകയും ചെയ്തു.

ഒത്തിണക്കമായിരുന്നു കോപ്പ നേടിയ ബ്രസീൽ ടീമിന്റെ മുഖമുദ്ര. മുന്നേറ്റനിരയും, മധ്യനിരയും, പ്രതിരോധവും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. മുന്നേറ്റനിരയ്ക്ക് കൃത്യമായി പന്തുകൾ എത്തിച്ചു നൽകാൻ മധ്യനിരയ്ക്കായി. എന്നാൽ എടുത്തുപറയേണ്ടത് പ്രതിരോധനിരയുടെ മികച്ച പ്രകടനമായിരുന്നു.

കരിങ്കല്ലുകൊണ്ട്  കോട്ട കെട്ടിയതുപോലെയായിരുന്നു ബ്രസീലിന്റെ പ്രതിരോധനിര. എതിരാളികളുടെ ശക്തമായ ആക്രമണങ്ങളുടെ മുനയൊടിഞ്ഞത് ബ്രസീൽ പ്രതിരോധത്തിന് മുന്നിലായിരുന്നു. തിയാഗോ സിൽവയും, മാർക്വിനസും, ഡാനി ആൽവസും നിറഞ്ഞാടി. ഫൈനലിൽ മാത്രമാണ് ബ്രസീൽ ഗോൾ വഴങ്ങിയത്. അതും ഒരെണ്ണം.

മുപ്പത്തിയാറാം വയസിൽ നായകൻ ഡാനി ആൽവസ് മൈതാനത്ത് കാഴ്ച്ചവെച്ച പ്രകടനത്തെ എടുത്ത് പറയണം. കോപ്പയിലെ ആൽവസിന്റെ പ്രകടനം കണ്ട ബ്രസീലിയൻ ആരാധകർ ചിന്തിച്ചത് മറ്റൊന്നായിരിക്കും. ഇക്കഴിഞ്ഞ ലോകകപ്പിൽ ഡാനി ഉണ്ടായിരുന്നെങ്കിലെന്ന്. കോപ്പ നേടിയതോടെ ആൽവസിന്റെ ശേഖരത്തിൽ കിരീടങ്ങളുടെ എണ്ണം നാൽപ്പതായി.  ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം.

സെൻട്രൽ ഡിഫൻസിൽ തിയാഗോ സിൽവയും മാർക്വിനസും കാഴ്ച്ചവെച്ച പോരാട്ടവീര്യത്തെയും എടുത്ത് പറയണം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് തിയാഗോ സിൽവയെന്ന് ആരാധകർ പറയുന്നത് വെറുതെയല്ല.  

മധ്യനിരയിൽ കുട്ടീഞ്ഞോ, കാസമിറോ എന്നിവരും മികവ് കാണിച്ചു. മുന്നേറ്റനിരയിൽ ജിസ്യൂസ് - ഫിർമിനോ- എവർട്ടൺ സഖ്യവും കഴിവിനൊത്തുയർന്നു. ഇതിൽ എടുത്തു പറയേണ്ടത് എവർട്ടന്റെ പ്രകടനമാണ്. ബ്രസീലിന്റെ മുന്നേറ്റനിര ഭാവിയിലും ഭദ്രമാണെന്ന ഉറപ്പാണ് ഈ ഇരുപത്തിമൂന്നുകാരന്റെ പ്രകടനം  തെളിയിക്കുന്നത്.

ടൂർണമെന്റിലെത്തിയ മറ്റു ടീമുകളും ബ്രസീലും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അലിസനായിരുന്നു. ഗോൾ വലയ്ക്ക് മുന്നിൽ മാലാഖയെപ്പോലെ അലിസൻ നിന്നപ്പോൾ എതിരാളികൾ നിശബ്ദരായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും, യുവേഫ ചാമ്പ്യൻസ് ലീഗിലും നടത്തിയ തകർപ്പൻ പ്രകടനം കോപ്പയിലും ആവർത്തിക്കാൻ അലിസനായി. ഇതോടെ കോപ്പയിലേക്കുള്ള ബ്രസീലിന്റെ യാത്രയും സുഗമമായി.

പരിശീലകൻ എന്ന നിലയിൽ ടിറ്റെയുടെ പേര് എടുത്തു പറയണം. വ്യക്തിഗത മികവിനെ ആശ്രയിക്കാതെ ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ താരങ്ങളെ അണിനിരത്താൻ കഴിഞ്ഞത് ടിറ്റെയുടെ മിടുക്കാണ്. അതിന്റെ ഫലമാണ് ഈ വിജയം. 

അടുത്ത വർഷം നടക്കുന്ന കോപ്പയ്ക്ക് പുറമേ, മൂന്ന് വർഷങ്ങൾക്കപ്പുറം നടക്കുന്ന ലോകകപ്പ് കൂടി മുന്നിൽ കണ്ടാണ് ബ്രസീൽ കരുക്കൾ നീക്കുന്നത്. അത്തരം ഒരുക്കങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ കിരീട വിജയം. കിരീടങ്ങളാൽ സമ്പന്നമായ ബ്രസീലിന്റെ ശേഖരത്തിലേക്ക് മറ്റൊന്ന് കൂടി എത്തുമ്പോൾ ഉറപ്പിച്ച് പറയാം. ലാറ്റിനമേരിക്കയിൽ ഇനി ഒരേയൊരു രാജാവ് മാത്രം

MORE IN SPORTS
SHOW MORE
Loading...
Loading...