ആരൺ ഫിഞ്ചിന് സെ‍ഞ്ചുറി; വാര്‍ണര്‍ക്ക് അര്‍ധസെഞ്ചുറി; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 286

australia
SHARE

 ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്നു നൽകിയ ഉജ്വല തുടക്കത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനു മുന്നിൽ 286 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു.

116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. ഈ ലോകകപ്പിലെ ഫി​ഞ്ചിന്‌റെ രണ്ടാം സെഞ്ചുറിയാണിത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...