കോടികളുടെ ബൗണ്ടറി കടന്ന് താരങ്ങള്‍; പ്രതിഫലത്തില്‍ മിന്നി മോര്‍ഗനും കോലിയും: കണക്ക്

kohli-morgan
SHARE

സിക്സറുകളും ബൗണ്ടറികളും വിക്കറ്റുകളും കൊയ്യുന്ന ക്രിക്കറ്റില്‍ ഇപ്പോള്‍ പണത്തിന്റെ കൊയ്ത്തുല്‍സവമാണ്. ടെലിവിഷന്‍ സംപ്രേഷണ അവകാശം വില്‍കുന്നതിലൂടെയും ടീം സ്പോണ്‍സര്‍ഷിപ്പിലൂടെയും ശതകോടികളാണ് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡു‍കള്‍ സമ്പാദിക്കുന്നത്. ഇതില്‍ 20 മുതല്‍ 30 ശതമാനം വരെ തുക കളിക്കാര്‍ക്ക് പ്രതിഫലം നല്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും കളിക്കാരാണ്.  

പണംവാരുന്ന ഇംഗ്ലണ്ടും ഇന്ത്യയും

വരുമാനത്തില്‍ ഒന്നാംസ്ഥാനത്താണെങ്കിലും പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് പിന്നിലാണ്. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗനാണ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാള്‍. 8.13 കോടി രൂപയാണ് മോര്‍ഗന്റെ പ്രതിഫലം.  സഹതാരവും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ നായകനുമായ ജോ റൂട്ടും ഇതേ പ്രതിഫലം പറ്റി ലോകകപ്പില്‍ കളിക്കുന്നുണ്ട്.  വാര്‍ഷിക പ്രതിഫലം കൂടാതെ മൂന്നു ലക്ഷം രൂപയോളം മാച്ച് ഫീ ഇനത്തിലും ഇവര്‍ വാങ്ങുന്നു.  മോര്‍ഗനും റൂട്ടും കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പ്രതിഫലത്തില്‍ രണ്ടാമന്‍. ഏഴുകോടി രൂപ വാര്‍ഷിക പ്രതിഫലം കൂടാതെ ആറുലക്ഷം രൂപ മാച്ച് ഫീയും വാങ്ങുന്നുണ്ട് കോലി. രോഹിത് ശര്‍മയും ജസ്പ്രീത് ബുംമ്രയും ഇക്കാര്യത്തില്‍ കോലിക്കൊപ്പമുണ്ട്. 

പ്രതിഫലത്തില്‍ പിന്നിലായി കുലപതികള്‍ 

ഓസ്ട്രേലിയയുടെ നായകന്‍ ആരണ്‍ ഫിഞ്ചാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 6.9 കോടി രൂപയാണ് ഫിഞ്ചിന്റെ വാര്‍ഷിക വരുമാനം. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. വില്യംസന്‍ വര്‍ഷത്തില്‍ മൂന്നരക്കോടി രൂപ പ്രതിഫലം പറ്റുമ്പോള്‍ ഡുപ്ലെസിയുടെ പ്രതിഫലം മൂന്നു കോടി രൂപയാണ്. വാര്‍ഷിക പ്രതിഫലത്തിന് പുറമെ ഒന്നരലക്ഷത്തോളം രൂപ മാച്ച് ഫീയായും ഇരുവരും കൈപ്പറ്റുന്നുണ്ട്.

ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ രണ്ടുകോടി രൂപയാണ് വാര്‍ഷ‍ിക പ്രതിഫലം പറ്റുന്നത്.  ഇടക്കാലത്ത് പ്രതിഫലത്തര്‍ക്കം രൂക്ഷമായ വിന്‍ഡീസ് ക്രിക്കറ്റില്‍ തര്‍ക്കത്തിന് ഏതാണ്ട് പരിഹാരമായ മട്ടാണ്. നായകന്‍ ജേസന്‍ ഹോള്‍ഡര്‍ക്ക് 1.9 കോടി രൂപയാണ് പ്രതിഫലം. ഗ്ലാമറുണ്ടെങ്കിലും പ്രതിഫലക്കാര്യത്തില്‍ ഒട്ടുംതന്നെ ഗ്ലാമറില്ല പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക്. നായകന്‍ സര്‍ഫറാസിന് 60 ലക്ഷം രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്. അതായത് മാസം അഞ്ചുലക്ഷം രൂപ മാത്രം. ക്രിക്കറ്റിലെ നവാഗതരായ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് പാക്കിസ്ഥാന് പിന്നിലുള്ളത്.

.

MORE IN SPORTS
SHOW MORE
Loading...
Loading...