ധവാന്‍ എന്ന വന്‍ മരം വീണു; ഇനിയാര്? അയ്യര്‍, പന്ത്, റായിഡു..? സാധ്യതാവഴി

dhavan-raidu-iyer
SHARE

പരുക്കിനെ തുടര്‍ന്ന് ശിഖര്‍ ധവാന്‍ എന്ന വന്‍ മരം വീണു, ഇനിയാര്? ടീം ഇന്ത്യയില്‍ ചര്‍ച്ചകള്‍ തുടങ്ങി. സമയമധികമില്ല, മറ്റന്നാള്‍ ന്യൂസീലന്‍ഡ‍ിനെതിരെയാണ് അടുത്ത പോരാട്ടം. ഓപ്പണിങ്ങില്‍ 2013 മുതല്‍ രോഹിത് ശര്‍മ–ശിഖര്‍ ധവാന്‍ സഖ്യം വന്‍ ഹിറ്റാണ്. രോഹിതിനൊപ്പം ഇനിയാര് ഓപ്പണ്‍ ചെയ്യും? ധവാനെ പകരക്കാരനായി ആരെ ടീമിലെടുക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ടീം ഇന്ത്യ തേടുന്നത്. 

ഓപ്പണിങ്ങില്‍ ആരെത്തും..?

രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഓപ്പണിങ്ങില്‍ ഇറങ്ങി പരിചയം ഉള്ളതിനാലും ഇപ്പോള്‍ ടീമിനൊപ്പമുള്ളതിനാലും രാഹുല്‍ തന്നെ ആദ്യ ചോയിസ്. എങ്കിലും രോഹിത് ശര്‍മ–ശിഖര്‍ ധവാന്‍ ഇടത് വലതു ചേരുവയ്ക്കൊപ്പമാവില്ല ഈ കൂട്ടുകെട്ട്. ലോകകപ്പില്‍ രണ്ടുമല്‍സരങ്ങളിലും ധവാന്‍ –രോഹിത് സഖ്യം നല്ല തുടക്കമാണ് നല്‍കിയത്. പ്രത്യേകിച്ച് ഓസ്ട്രേലിയ്ക്കെതിരെ തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ട്. ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തി. 

103 ഇന്നിങ്സില്‍ നിന്ന് 4681 റണ്‍സാണ് ഏകദിനത്തില്‍  ഓപ്പണിങ്ങില്‍ നേടി. 16തവണ സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയ ഈ സഖ്യം ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ ഒന്നാണ്.  ഈ വലിയ വിടവാണ് രാഹുലിന് നികത്തേണ്ടത്. രാഹുലിന്റെ സാങ്കേതികമികവില്‍ സംശയമില്ല. എന്നാല്‍ ആദ്യ രണ്ട് മല്‍സരത്തില്‍ 26,13 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്കോര്‍. അതുകൊണ്ട് ഭാരിച്ച ഉത്തരവാദിത്തം രാഹുല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്ന് അറിയേണ്ടതാണ്. 

ബാറ്റിങ് ലൈനപ്പ് കുഴയുമോ?

ഗബ്ബര്‍ ഒഴിച്ചിടുന്നത് വലിയൊരു വിടവാണ്. അതുകൊണ്ടുതന്നെ ഓപ്പണിങ്ങിനൊപ്പം നാലാം നമ്പറും വീണ്ടും ചര്‍ച്ചയാകുകയാണ്. രാഹുല്‍ ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ഇറങ്ങിയേക്കാം. ചിലപ്പോള്‍ രവീന്ദ്ര ജഡേജയെയും പരിഗണിച്ചേക്കാം. ജഡേജയാണ് എത്തുന്നതെങ്കില്‍ കുല്‍ദീപിന് പുറത്തിരിക്കേണ്ടിവരും. കേദാര്‍ ജാദവാണ് നാലാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യതയുള്ള മറ്റൊരുതാരം. എന്നാല്‍ ടീമിനൊപ്പം ഉണ്ടെങ്കിലും പരുക്കില്‍ നിന്ന് പൂര്‍ണമോചിതനല്ല എന്നതും ആശങ്കപ്പെടുത്തുന്നു. 

പകരം ആരെത്തും?

ധവാന്‍ പുറത്തായാല്‍ പകരം പരിഗണിക്കപ്പെടുന്നത് ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, അമ്പട്ടി റായിഡു എന്നിവരെയാണ്. ഇതില്‍ കൂടുതല്‍ പരിഗണന അയ്യര്‍ക്കും പന്തിനും തന്നെ. നാലാം നമ്പറില്‍ ബാറ്റുചെയ്യുമെന്നതും ഇപ്പോള്‍ ഇംഗ്ലണ്ടിലാണെന്നതും അയ്യര്‍ക്ക് പ്ലസ് പോയിന്റാകുന്നു. റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് അവസാനവട്ടമാണ് ഒഴിവാക്കിയത്. അയ്യര്‍ ആറ് ഏകദിനങ്ങളിലും പന്ത് അഞ്ച് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഫോം ഔട്ടായതാണ് റായിഡുവിന് വിനയായത്.

MORE IN SPORTS
SHOW MORE
Loading...
Loading...