സ്റ്റമ്പുകള്‍; ഇരുപത്തെട്ടിഞ്ച് നീളമുള്ള മൂന്ന് മരക്കമ്പ്; പന്ത് കൊള്ളുമ്പോഴുള്ള ‘കുളിരും’ശബ്ദം

cricket-story
ചിത്രങ്ങൾ: റോളി സൈമൺ
SHARE

കളിക്കുശേഷം ഊരിക്കൊണ്ടുപോയ സ്റ്റമ്പുകളൊക്കെ മഹേന്ദ്രസിങ് ധോണി എന്തു ചെയ്യും. ഒരു വീടു പണിയാനുള്ള സ്റ്റമ്പുകളുണ്ടാകും. സച്ചിന്റെ വീട്ടിലുള്ള സ്റ്റമ്പുകള്‍ക്ക് എന്തെല്ലാം പങ്കുവെക്കാനുണ്ടാകും. കളിക്കാരന്റെ ഏറ്റവും സമ്മോഹനമായ അനുഭവങ്ങളുടെ സൂക്ഷിപ്പുകളാകുന്നു, ഒാര്‍മ്മകളാകുന്നു സ്റ്റമ്പുകള്‍. കെ.എം.ബിജു എഴുതുന്നു.

ബാറ്റ് നിലത്ത് വെച്ച് പിടിയുടെ നീളവും കൂട്ടിച്ചേര്‍ത്ത് മുന്നിലേക്ക് ഒരു വര. സ്റ്റമ്പിന്റെ വലതുഭാഗത്തേക്ക് ബാറ്റുവെച്ച് ഒരുവര. ലൈഗ്സൈഡിലെ അളവ് ബാറ്റിന്റെ ഒരു പിടി. വരച്ചുവെച്ചത് ശരിയാണോയെന്ന് എതിര്‍ ടീമിന്റെ കീപ്പര്‍ വന്ന് അളന്ന് പരിശോധിക്കണം. സ്റ്റമ്പിന് മുന്നിലുള്ള ആ ചതുരത്തിന്റെ നടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ശീമക്കൊന്നയുടെ മണമാണ് ക്രീസിനകം. ശീമക്കൊന്നമരത്തിന്റെ കമ്പ് കൊണ്ടാണ് സ്റ്റമ്പ്. ഒരേ അളവില്‍ നീളമൊപ്പിച്ച് മുറിച്ചെടുത്ത മൂന്നെണ്ണം. തോലു പൊളിച്ചാല്‍ വെളുത്തിരിക്കുന്ന കമ്പുകള്‍. അതിന്റ മുകളില്‍ പെപ്സി, കൊക്കക്കോള എന്നൊക്കെ എഴുതിവെക്കാം. അടിഭാഗം ചെത്തി കൂര്‍പ്പിക്കും. വെള്ളമൊഴിച്ച് ഒരോന്നായി മണ്ണിലാഴ്ത്തും. 

ബാറ്റിന്റെ പിടി കൊണ്ടാണ് അടിച്ചു താഴ്ത്തുക. കമ്പിന്റെ നടു ചീന്തി ബെയില്‍സ്. പന്ത് സ്റ്റമ്പിന് ഒന്നുരഞ്ഞാല്‍ ബെയില്‍സ് വീഴണം. അത്രയും സൂക്ഷമമായിട്ടാണ് ബെയില്സ് വെക്കുക.  കളികഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ബാറ്റും പന്തും ആരെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകും. പൊട്ടലോ കീറലോയുണ്ടോയെന്ന് തൊട്ടും തലോടിയും നോക്കും. പക്ഷെ സ്റ്റമ്പുകളുടെ കാര്യം അങ്ങനെയല്ല. പിച്ചിന് സമീപം ആറുകുറ്റികള്‍ അനാഥമായിക്കിടക്കും. ക്രീസിനു ചുറ്റും മലര്‍ന്നു വീണുകിടക്കുന്ന സ്റ്റമ്പുകള്‍ ആ രാത്രി മുഴുവന്‍ മാനത്തുനോക്കിക്കിടക്കും. അന്നത്തെ കളിയാലോചിച്ച് ഉറക്കം വരാതെ കിടക്കുന്ന ഞങ്ങളിലൊരാളെപ്പോലെ. പിറ്റേദിവസം മിക്കവറും സ്റ്റമ്പുകളും തൊട്ടപ്പുറത്തെ പറമ്പിലെ പശുവിന്റെ കയറിന്റെ ഒരറ്റത്തുകാണാം. വീണ്ടും ക്രീസുകള്‍ക്ക് പുതിയ ശീമക്കൊന്നയുടെ മണം വരുന്നു. നാട്ടിന്‍പുറത്തെ ചെറിയ ചെറിയ മാച്ചുകളുടെ കാര്യമാണ് മുകളില്‍ പറഞ്ഞത്. വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍. തെങ്ങിന്റെ മടലാണ് സ്റ്റമ്പ്. പിറകിലെ കല്ലില്‍ ചാരിനില്‍ക്കുന്ന മടല്‍.

cricket 1
ചിത്രങ്ങള്‍: റോളി സൈമണ്‍

ഈ ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഒാസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ഒരു പന്താണ് പഴയ ശീമക്കൊന്ന മണമോര്‍മിപ്പിക്കുന്നത്.മണിക്കൂറില്‍ നൂറ്റിനാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ ക്രിസ് ഗെയിലിനേയും കടന്നു പോയ പന്ത്, ഒാഫ് സ്റ്റമ്പിന്റെ മുകളറ്റത്ത് ഒന്നുരുമ്മിയിട്ടും താഴേക്ക് വീഴാതിരിക്കുന്ന ബെയില്‍സുകള്‍. സ്റ്റമ്പ് തെറിച്ചു എന്ന് നാട്ടിലാരും പറഞ്ഞിരുന്നില്ല. കുറ്റിതെറിച്ചു എന്നായിരുന്നു അന്നത്തെ പ്രയോഗം. വിജയത്തിന് ശേഷം താരങ്ങള്‍ കുറ്റിയും പറിച്ചോടുന്ന ബ്ലാക്ക് ഏന്‍ഡ് വൈറ്റ് കാഴ്ചകള്‍ പതിനാലിഞ്ച് ടിവി സ്ക്രീന്‍ തന്ന മായാക്കാഴ്ചകളായി.

96 ലോകകപ്പില്‍ പാക്കിസ്ഥാന്റെ ആമിര്‍ സൈഹൈലിന്റെ അഹങ്കാരത്തിന്റെ ഒാഫ് സ്റ്റമ്പ് തെറിപ്പിച്ച വെങ്കിടേഷ് പ്രസാദ്. പ്രകമ്പനം കൊള്ളുന്ന സ്റ്റേഡിയം. കാതിനിമ്പമുള്ള ശബ്ദമേതെന്നു ചോദിച്ചാല്‍ പന്ത് സ്റ്റമ്പില്‍ കൊളളുന്ന ഒരു ശബ്ദമുണ്ടല്ലോ എന്റെ സാറേ എന്നു പറഞ്ഞ കാലം. സച്ചിന്റെ മിഡില്‍ സ്റ്റമ്പ് തെറിക്കുന്ന ശബ്ദമാണ് ലോകത്തില്‍ ഏറ്റവുമിഷ്ടമെന്ന് കേരളത്തില്‍ വന്നപ്പോള്‍ ബ്രെറ്റ് ലീ പറഞ്ഞിരുന്നു.

ഇന്‍സ്വിങറുകള്‍, ഒാഫ് സ്വിങ്ങറുകള്‍, റിവേഴ്സ് സ്വിങ്ങറുകള്‍. മൂന്നു മീറ്റര്‍ പിന്നിലേക്ക് തെറിച്ചുപോകുന്ന സ്റ്റമ്പുകള്‍. 

ആക്ഷനിലെ സര്‍വസൗന്ദര്യവും ആവാഹിച്ചുവരുന്ന വഖാര്‍ യൂനിസ്. ഒാടിയെത്തി നോന്‍സ്ട്രൈക്ക് എന്‍ഡിനു സമീപമുള്ള വിക്കറ്റിന് തൊട്ടടുത്ത് വെച്ച് ഇടത് കയ്യില്‍ നിന്നും പന്ത് വലതുകയ്യിലേക്ക് മാറ്റിയുള്ള ഡെലിവറി, മൂളിയെത്തുന്ന റിവേഴ്സ് സ്വിങ്ങര്‍. ബോളും സ്റ്റമ്പും തമ്മില്‍ മുട്ടുന്ന ശബ്ദം. ഒരിക്കല്‍ മിഡില്‍ സ്റ്റമ്പ് മൂന്ന് പീസുകളാക്കിയിട്ടുണ്ട് വഖാര്‍.വസീം ആക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷോണ്‍ പൊള്ളോക്ക്, ചാമിന്ദവാസ്, അലന്‍ ഡൊണാള്‍ഡ്, ഒലോംഗ, സഹീര്‍ഖാന്‍, ശ്രീനാഥ് ആ ഇമ്പം ഈ മനുഷ്യര്‍ നിരന്തരം കേള്‍പ്പിച്ചുകൊണ്ടേയിരുന്നു. 

cricket 2
ചിത്രങ്ങള്‍: റോളി സൈമണ്‍

ബൗളിങ് കിറുകൃത്യതകളുടെ മനക്കണക്കുകളാണ്. പേസ്,ലൈന്‍, ലെങ്ത്. സ്വിങ്, ആംഗിള്‍, ടേണ്‍ ഇവയെല്ലാം സമ്മേളിച്ച് പൂര്‍ണതയിലെത്തുന്നൊരു പന്ത്. ജീവന്‍ പോയാലും പിന്നിലെ മൂന്നു കമ്പുകള്‍ കാക്കുന്ന ബാറ്റ്സ്മാന്‍. തലനാഴിരയുടെ അകലങ്ങള്‍ ഗണിച്ചെടുക്കുന്ന പന്തേറുകാരന്‍. ഷോയബ് അക്തറും, ഷെയിന്‍ ബോണ്ടും, ഡെയിന്‍ സ്റ്റെയിനും , ബ്രെറ്റ് ലീയും, ഷോണ്‍ ടെയ്റ്റും ട്രെയിനിരമ്പംപോലെ സ്റ്റമ്പുകളിലേക്ക് കുതിച്ചിറങ്ങി.

ലോകത്തിലെ ഏതെങ്കിലും സ്റ്റമ്പ് ഏതെങ്കിലും കളിക്കാരനെ നോക്കി മാന്ത്രികനെന്ന് വിളിച്ചിട്ടുണ്ടാകുമോ? പ്രണയിച്ചിട്ടുണ്ടാകുമോ?.

ഷെയിന്‍ വോണിന്റ അവശ്വസനീയ പന്ത് മൈക്ക് ഗാറ്റിങ്ങിനെ മറികടന്ന് സ്റ്റമ്പിലേക്ക് പാഞ്ഞുകയറുകയാണ്. നൂറ്റാണ്ടിലെ അസാധാരണമായ അവിശ്വസനീയ കുത്തിത്തിരിയലുകള്‍. കാന്തം ഇരുമ്പിനെ വലിച്ചെടുക്കുന്നതുപോലെ വോണിന്റെ പന്തുകളെ സ്റ്റമ്പുകള്‍ വലിച്ചടുപ്പിച്ചു. 

ക്ലീന്‍ ബൗള്‍ഡുകളുടെ തമ്പുരാനാണ് മുത്തയ്യ മുരളീധരന്‍. മുരളി കരിയറില്‍ മൊത്തമെടുത്ത 1347 വിക്കറ്റുകളില്‍ 290 തെണ്ണവും വിക്കറ്റ് പിഴുതെടുത്ത ശബ്ദമാണ്.മൈക്കല്‍ ഹോള്‍ഡിങ്, ജോയല്‍ ഗാര്‍ണര്‍, മാല്‍ക്കം മാഷല്‍, ഡെനിസ് ലിലി, ജെഫ് തോംസണ്‍. സ്റ്റമ്പിനെ വായുവിലൂടെ രണ്ടും മൂന്നും വട്ടം കറക്കിയ തലമുറകള്‍.1.92 മീറ്റര്‍ ഉയരമുള്ള മൈക്കല്‍ ഹോള്‍ഡിങിന്റെ കയ്യില്‍ നിന്നും വന്ന ശരവേഗങ്ങള്‍ സ്റ്റമ്പിനെ ഇരുപത് മീറ്ററോളം ദൂരം പിന്നിലേക്ക് എത്തിച്ചിരുന്നെന്ന് എവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട്. വിസ്പറിങ് ഡെത്ത്.

കളിക്കുശേഷം ഊരിക്കൊണ്ടുപോയ സ്റ്റമ്പുകളൊക്കെ മഹേന്ദ്രസിങ് ധോണി എന്തു ചെയ്യും. ഒരു വീടു പണിയാനുള്ള സ്റ്റമ്പുകളുണ്ടാകും. സച്ചിന്റെ വീട്ടിലുള്ള സ്റ്റമ്പുകള്‍ക്ക് എന്തെല്ലാം പങ്കുവെക്കാനുണ്ടാകും. കളിക്കാരന്റെ ഏറ്റവും സമ്മോഹനമായ അനുഭവങ്ങളുടെ സൂക്ഷിപ്പുകളാകുന്നു, ഒാര്‍മ്മകളാകുന്നു സ്റ്റമ്പുകള്‍. കാലനുസൃതമായി എന്തൊക്കെ മാറ്റങ്ങളാണ് ഇരുപത്തെട്ടിഞ്ച് നീളമുള്ള ആ മരക്കമ്പില്‍ നമ്മള്‍ വരുത്തിയത്.

ചെറിയ കാമറകള്‍ പിടിപ്പിച്ചു. എല്‍ഇഡിലൈറ്റുകള്‍ വന്നു. പന്തു തട്ടിയാല്‍ ബെയില്‍സ് കത്തും. ഒാസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ കൊണ്ടുവന്ന ഈ പുതുമ 2013 ട്വന്റി–ട്വന്റി ലോകകപ്പിലെത്തി. കഴിഞ്ഞ ലോകകപ്പിന് ഉപയോഗിച്ച സ്റ്റമ്പിന്റെ വില 24 ലക്ഷമായിരുന്നു. ബെയില്‍സിന് അമ്പതിനായിരം രൂപ വീതം. പാക്കിസ്ഥാനെതിരായ മല്‍സരം ജയിച്ചപ്പോള്‍ സ്റ്റമ്പൂരിക്കൊണ്ടുപോകാനുള്ള ധോണിയുടെ ശ്രമം അമ്പയര്‍ തടഞ്ഞത് ഈ മൂല്യം കൊണ്ടാണ്. കളിക്കാരുടെ വംശീയ അധിക്ഷേപങ്ങളും മുറുമുറുക്കലുകളും മൈക്രോ ഫോണുകളിലൂടെ സ്റ്റമ്പുകള്‍ ഒപ്പിയെടുത്തു. തെളിവെടുപ്പുകളില്‍ സ്റ്റമ്പുകള്‍ താരങ്ങളായി.  മാറ്റങ്ങള്‍ തുടരുകയാണ്. 

പന്ത് സ്റ്റമ്പില്‍ കൊള്ളുമ്പോഴുണ്ടാകുന്ന സ്വാഭാവിക ശബ്ദമാണ് ഭൂതകാലക്കുളിരുകള്‍.

ശീമക്കൊന്നക്കമ്പുകള്‍ അല്‍ഭുതത്തോടെ നോക്കിനിന്ന എത്രമാത്രം കളിക്കാരുണ്ടാകും നാട്ടിമ്പുറങ്ങളില്‍.

കളി കഴിഞ്ഞു. ക്രീസിന് ചുറ്റും മുകളിലേക്ക് നോക്കി നീണ്ടുനിവര്‍ന്ന് കിടക്കുന്നു മൂന്നു കമ്പുകള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...