ഒരേയൊരു 'റാഫ'; കളം മുഴുവൻ പറന്നെത്തി ആക്രമിക്കുന്ന ‘കളിഭംഗി’

nadal-new
SHARE

വീറുറ്റ പോരാട്ടങ്ങളും, അട്ടിമറികളും  കണ്ട ഫ്രഞ്ച് ഓപ്പൺ അവസാനിച്ചപ്പോൾ പുരുഷവിഭാഗം സിംഗിൾസ് ജേതാവിന്റെ കാര്യത്തിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കളിമൺ കോർട്ടിന്റെ രാജാവ് താൻ തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു റാഫേൽ നദാൽ. എതിരാളികളില്ലാത്ത പോരാട്ടത്തിലൂടെ.

18 ഗ്രാന്റ്സ്ലാം കിരീടങ്ങൾ. മൂന്ന് തവണ യുഎസ് ഓപ്പണും, രണ്ട് തവണ വിംബിൾഡണും, ഒരു വട്ടം ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയ നദാലിന്റെ പ്രതിഭ ലോകം ശരിക്കും കണ്ടത് ഫ്രഞ്ച് ഓപ്പണിലാണ്. പന്ത്രണ്ട് തവണയാണ് ഫ്രഞ്ച് ഓപ്പൺ കിരീടം നദാലിന്റെ കൈകളിലൂടെ വാനിലേക്കുയർന്നത്.

2001ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് പ്രൊഫഷണൽ ടെന്നീസിലേക്ക് നദാൽ കടന്നുവരുന്നത്. 2002ൽ പതിനാറാം വയസ്സിൽ ആദ്യ എടിപി കിരീടം. പതിനെട്ട് വയസ്സും ആറ് മാസവും പ്രായമുള്ളപ്പോൾ ഡേവിസ് കപ്പ് ഫൈനൽ സിംഗിൾസിൽ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നദാൽ.

2005ലാണ് നദാൽ ആദ്യമായി  ഗ്രാന്റ്സ്ലാമിൽ മുത്തമിടുന്നത്. തന്റെ പത്തൊമ്പതാം പിറന്നാൾ കഴിഞ്ഞ് രണ്ട് ദിവസത്തിനപ്പുറം ഫ്രഞ്ച് ഓപ്പൺ കിരീടം നദാൽ സ്വന്തമാക്കി. കളിമൺ കോർട്ടിലെ ആദ്യകിരീടം.   മാറ്റ്സ് വിലാൻഡെറിന് (1982) ശേഷം ആദ്യ ശ്രമത്തിൽ ഫ്രഞ്ച് ഓപ്പൺ നേടുന്ന പുരുഷതാരമായി നദാൽ. 1990ൽ പത്തൊമ്പതാം വയസിൽ പീറ്റ് സാംപ്രസ് യുഎസ് ഓപ്പൺ നേടിയതിന് ശേഷം ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ കൗമാരക്കാരൻ കൂടിയായി നദാൽ. 2006, 2007 വർഷങ്ങളിലും ഫ്രഞ്ച് ഓപ്പണിൽ നദാലിന് എതിരാളികളുണ്ടായിരുന്നില്ല. 2008ൽ ഫ്രഞ്ച് ഓപ്പണിനൊപ്പം വിംബിൾഡണും ഒളിമ്പിക് സ്വർണ്ണവും കൂടി സ്വന്തമാക്കിയതോടെ ടെന്നിസ് ലോകത്തെ നദാൽ കൈപ്പിടിയിലൊതുക്കി തുടങ്ങി.

2009 ൽ ഓസ്ട്രേലിയൻ ഓപ്പൺ മാത്രമാണ് നദാലിന്റെ ശേഖരത്തിലെത്തിയത്. 2010ൽ കഥ മാറി. ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നിവക്കൊപ്പം യുഎസ് ഓപ്പൺ കൂടി നേടി 'കരിയർ ഗ്രാൻറ്സ്ലാം' എന്ന നേട്ടം കൂടി നദാൽ സ്വന്തം പേരിൽ എഴുതിച്ചേർത്തു. 

2011, 12, 13, 14 വർഷങ്ങളിലും ഫ്രഞ്ച് ഓപ്പൺ കിരീടം നദാലിന്റെ കയ്യിൽ ഭദ്രമായി തന്നെ ഇരുന്നു. 2014 ഫ്രഞ്ച് ഓപ്പണിന് ശേഷം പരിക്കുകൾ നദാലിനെ വിടാതെ പിന്തുടർന്നു. എങ്കിലും 2016 റിയോ ഒളിമ്പിക്സിൽ സ്പെയിന് വേണ്ടി മാർക് ലോപസിനൊപ്പം  ഡബിൾസിൽ സ്വർണ്ണം നേടാൻ നദാലിനായി. 

റാഫാ യുഗം അവസാനിച്ചെന്ന് കരുതിയിടത്തു നിന്നുമാണ് ഗ്രാന്റ്സ്ലാമിലെ രണ്ടാം ഘട്ടമാരംഭിക്കുന്നത്. തിരിച്ചടികളിൽ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ നദാൽ 2017 തന്റേതാക്കി മാറ്റി. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തന്റെ എക്കാലത്തെയും വലിയ എതിരാളി റോജർ ഫെഡറർക്ക് മുന്നിൽ പൊരുതി വീണെങ്കിലും, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ എന്നിവ നേടി നദാൽ കായികലോകത്തെ ഞെട്ടിച്ചു.  തുടർന്ന് വർഷാവസാനം ഒന്നാം റാങ്കിലും നദാലെത്തി.

2018 ലും ഫ്രഞ്ച് ഓപ്പൺ കിരീടംനദാലിന് തന്നെയായിരുന്നു. കഴിഞ്ഞ ഫൈനലിന്റെ തനിയാവർത്തനം പോലെ ഇക്കുറിയും ഡൊമിനിക്ക് തീമിനെ തകർത്ത് റോളണ്ട് ഗ്യാരോസിൽ കിരീടമുയർത്തുമ്പോൾ, കളിമൺ കോർട്ടിലെ രാജാവല്ല, ചക്രവർത്തിയാവുകയാണ് നദാൽ.

ഗ്രാന്റ്സ്ലാം പുരുഷ സിംഗിൾസ് കിരീട നേട്ടത്തിൽ ഇരുപത് കിരീടം നേടിയ റോജർ ഫെഡറർക്ക് തൊട്ട് പിന്നിലാണ് നദാൽ. ഏതെങ്കിലും ഗ്രാന്റ്സ്ലാം ഏറ്റവും കൂടുതൽ തവണ (ഫ്രഞ്ച് ഓപ്പൺ - 12) നേടിയതിന്റെ റെക്കോർഡും നദാലിന് സ്വന്തമാണ്. കരിയറിൽ ഇതുവരെ 82 കിരീടങ്ങളാണ് നദാൽ നേടിയിട്ടുള്ളത്. കിരീടങ്ങളുടെ എണ്ണത്തിൽ ഓപ്പൺ യുഗത്തിൽ നാലാം സ്ഥാനവും ഈ സ്പാനിഷ് താരത്തിന് തന്നെ. 

കളത്തിൽ മുഴുവൻ സമയ ആക്രമണമാണ് നദാലിന്റെ മുഖമുദ്ര. ശക്തമായ ഫോർഹാന്റ് ഷോട്ടുകളാൽ എതിരാളിയെ സമ്മർദ്ധത്തിലാഴ്ത്താൻ നദാലിനാവും. കളം മുഴുവൻ പറന്നെത്തി ആക്രമിക്കുന്ന നദാലിന്റെ കഴിവ് പല തവണ വിമർശകരുടെ വായടപ്പിച്ചിട്ടുണ്ട്. മുപ്പത്തിമൂന്നാം വയസ്സിലും നീണ്ട മത്സരങ്ങൾ കളിക്കാനുള്ള ശാരീരികക്ഷമതയും  നദാലിനെ വേറിട്ട് നിർത്തുന്നവയാണ്.

കളിമൺ കോർട്ടിലെ റാഫേൽ നദാലിന്റെ ഇത്തവണത്തെ പ്രകടനം എതിരാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഫെഡററെ മറികടന്ന് ഗ്രാന്റ്സ്ലാം നേട്ടത്തിൽ പുതിയ റെക്കോർഡിടാൻ നദാലിന് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നുറപ്പ്. അതിനായി കാത്തിരിക്കുകയാണ് ആരാധകരും.

MORE IN SPORTS
SHOW MORE
Loading...
Loading...