ഓവലിൽ ഇന്ത്യക്ക് ആനന്ദമഴ; ഓസ്ട്രേലിയക്കെതിരെ മിന്നുംജയം

indian-cricket-team-celebrate-wicket-vs-australia
SHARE

ഓവലിലെ മണ്ണിനെ റണ്ണടിച്ച് നനയിച്ച് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഈ ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയം, ഓസ്ട്രേലിയയുടെ ആദ്യ തോൽവി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അടിച്ചുപറത്തി നേടിയത് റെക്കോർഡ് നേട്ടം.  ലോകകപ്പില്‍ ഒരു ടീം ഓസ്ട്രേലിയക്കെതിരെ നേടുന്ന ഏറ്റവും വലിയ സ്കോറാണ് ഇന്ത്യന്‍ ടീം ബാറ്റു വീശിയെടുത്തത്. 

കരുത്തരായ ഓസീസിനെതിരെ 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറിക്കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് നേടിയത്. നെല്ലിട വിടാതെ തിരിച്ചടിച്ച ഓസീസ് അവസാന നിമിഷം വരെ പോരുതിയെങ്കിലും 50 ഓവറിൽ 316 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്നിങ്സിലെ അവസാന പന്തിൽ ആദം സാംപയെ പുറത്താക്കിയ ഭുവനേശ്വർ കുമാർ ഓസീസിനെ ഓൾഔട്ടാക്കി. ഇന്ത്യൻ വിജയം 36 റൺസിന്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ റൺവേട്ട ഇങ്ങനെ

ഓവലിലെ ആദ്യ മണിക്കൂറുകള്‍ ബോളര്‍മാര്‍ക്കുള്ളതാണെന്ന് മുന്നറിയിപ്പ് മറക്കാതെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിങ് . 127 റണ്‍സിന്റെ അടിത്തറയൊരുക്കിയാണ് രോഹിത് ധവാന്‍ സഖ്യം പിരിഞ്ഞത്. ആറാം തവണയാണ് ധവാന്‍ രോഹിത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത്. ധവാനും രോഹിത്തിനും ശീലമുള്ളതല്ല ഇങ്ങനൊരു തുടക്കം. ആദ്യ അഞ്ചോവറില്‍ സിംഗിളും ഡബിളുമെടുത്ത് നിലയുറപ്പിച്ചു. പന്ത് ബൗണ്ടറി കടന്നത് ഒരിക്കല്‍ മാത്രം.  പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ സമ്പാദ്യം 41 റണ്‍സ്.

സ്റ്റാര്‍ ബോളര്‍മാരായ സ്റ്റാര്‍ക്കിനെയും കമ്മിന്‍സിനെയും മാറ്റി ഫിഞ്ച് സ്പിന്നര്‍മാരിലേയ്ക്ക്. ആദം സാംപയ്ക്ക് മുമ്പേ മാക്സ്‍വെല്‍ എത്തിയെങ്കിലും  ബ്രേക് ത്രൂ മാത്രം കിട്ടിയില്ല .പിന്നാലെയെത്തിയ സാംപയെ ബൗണ്ടറിയോടെ ഇന്ത്യ സ്വീകരിച്ചു.   ആദ്യ സിക്സിനായി 17ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറിയടിച്ചത് 19ാം ഓവറില്‍. 57 റണ്‍സുമായി രോഹിത് വീണെങ്കിലും സെഞ്ചുറി പിന്നിട്ട ധവാന്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍  പകരക്കാരന്‍ നേഥന്‍ ലിയോണിന്റെ കൈകളിലെത്തുമ്പോഴേയ്ക്കും  ഇന്ത്യന്‍ സ്കോര്‍  ഭദ്രമായ നിലയിലെത്തിയിരുന്നു.

കളത്തിലിറങ്ങിയവരെല്ലാം മിന്നിയ മൽസരത്തിൽ ശിഖര്‍ ധവാന്‍ 117 (95) സെഞ്ച്വറി നേടി. ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി പൂർത്തിയാക്കി. അവസാന ഓവറുകളിൽ ഇന്ത്യൻ റൺനിരക്കുയർത്തിയ കോഹ്‍ലി 77 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 82 റൺസെടുത്തു. ധവാനൊപ്പം ഇന്ത്യൻ ഇന്നിങ്സിന് അടിസ്ഥാനമിട്ട രോഹിത് 70 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയത് 57 റൺസ്. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും സ്ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച ഹാർദിക് പാണ്ഡ്യ ആദ്യ ലോകകപ്പ് അർധസെഞ്ചുറിക്ക് രണ്ടു റൺസ് അകലെ പുറത്തായി. 27 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്. എം.എസ്. ധോണി14 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 27 റൺസെടുത്തു. ലോകേഷ് രാഹുൽ മൂന്നു പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു. 

മഴ കളിമുടക്കുമോ എന്ന ആശങ്കയോടെ തുടക്കമിട്ട മൽസരത്തിൽ കെന്നിങ്ടൻ ഓവലിനെ നനച്ചത് ഇന്ത്യയുടെ റൺമഴയാണ്. ടോസ് മുതൽ ഭാഗ്യം ഒപ്പം നിന്നതോടെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യാനിറങ്ങി. ഓപ്പണിങ് വിക്കറ്റിൽ കരുതലോടെ തുടക്കമിട്ട രോഹിത് – ധവാൻ സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിസ്ഥാനമിട്ടത്. 

രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‍ലിക്കൊപ്പം ശിഖർ ധവാൻ 93 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ഓസ്ട്രേലിയ പതറി. ധവാൻ പുറത്തായതിനു പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ടോടെ ഇന്ത്യൻ സ്കോർ കുതിച്ചുകയറി. 53 പന്തുകൾ മാത്രം നീണ്ട കൂട്ടുകെട്ടിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത് 80 റൺസ്. നാല് ഓവർ മാത്രം ക്രീസിൽ ഒരുമിച്ചുനിന്ന കോഹ്‍ലി–ധോണി സഖ്യം 37 റൺസ്.  കൂട്ടിച്ചേർത്തതോടെ ഇന്ത്യ കൂറ്റൻ സ്കോർ ഉറപ്പാക്കി.

MORE IN SPORTS
SHOW MORE
Loading...
Loading...