വിന്‍ഡീസിനെ വീഴ്ത്തിയത് അംപയറിങ്ങോ? വിവാദം മുറുകുന്നു

chris-gayle-upire-1
SHARE

ഒരു അബദ്ധം ഏത് അംപയര്‍ക്കും പറ്റും, പക്ഷെ അത് തുടരെ ആയാലോ ഒരു ടീമിന്റെ തന്നെ ഭാവിയെ ബാധിക്കും. ഓസ്ട്രേലിയ–വെസ്റ്റ് ഇന്‍ഡീസ് മല്‍സരത്തില്‍ അംപയറിങ്ങ് ദുരന്തമായെന്നു പറയാം. മുന്‍കാല ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും വിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് ന്യൂസീലന്‍ഡ്കാരനായ ക്രിസ് ഗാഫിനിയുടെ അംപയറിങ്ങാണ് ഏറെ വിവാദമായത്. ക്രിസ് ഗെയിലിനെ രണ്ടുവട്ടം പുറത്താക്കിയ ഗാഫിനിയുടെ തീരുമാനം തെറ്റായിരുന്നു. മുന്നാംവട്ടം വിധിച്ചപ്പോഴാകട്ടെ അതിനുമുമ്പത്തെ പന്ത് നോ ബോള്‍ വിളിക്കാനും മറന്നു. 

ഗാഫിനിയുടെ പിഴവുകള്‍ 

മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറിലാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഗെയില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് മടങ്ങിയെന്ന് ക്രിസ് ഗാഫിനി വിധിച്ചു. ഓസ്ട്രേലിയന്‍‌ താരങ്ങളുടെ അപ്പീല്‍ ശബ്ദം കേട്ടതും ഗാഫിനിയുടെ കൈ പൊങ്ങുകയായിരുന്നു. എന്നാല്‍ റിവ്യൂ നല്‍കിയ ഗെയില്‍ നോട്ടൗട്ടായി. കാരണം പന്ത് ബാറ്റില്‍ കൊണ്ടല്ല, സ്റ്റംപില്‍ തട്ടിയാണ് വിക്കറ്റ് കീപ്പറുടെ കൈകളിെലത്തിയത്.   ആറാം പന്തില്‍ സ്റ്റാര്‍ക്കിന്‍റെ ഏറ് ഗെയിലിന്‍റെ പാഡില്‍ തട്ടിവീണു, എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്ത ഓസീസ് താരങ്ങളുടെ ശബ്ദത്തിനു മുന്നില്‍ വീണ്ടും അംപയര്‍ കൈപൊക്കി. ഗെയില്‍ വിടാന്‍ കൂട്ടാക്കിയില്ല, വീണ്ടും റിവ്യൂ, റീപ്ലേയില്‍ പന്ത് ലെഗ് സ്റ്റംപിന്റെ ലൈനിനു പുറത്ത്, അങ്ങനെ ‘ബോസ്’ വീണ്ടും ക്രീസിലുറച്ചു. 17 പന്തില്‍ 21റണ്‍സുമായി വെടിക്കെട്ട് തുടരുന്നതിനിടെ അഞ്ചാം ഓവറില്‍ വീണ്ടും സ്റ്റാര്‍ക്ക് എത്തുന്നു. അ‍ഞ്ചാം പന്ത് പറന്നെത്തിയത് നേരെ പാഡിലേക്ക്. അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ ആദ്യ രണ്ട് ഔട്ടുകളും നോട്ടൗട്ട് ആയതിനാല്‍ സഹതാരവുമായി ആലോചിച്ച് ഗെയില്‍ വീണ്ടും റിവ്യൂ ആവശ്യപ്പെട്ടു. പക്ഷെ ഇത്തവണ അംപയറുടെ തീരുമാനം ശരിയെന്ന് റിപ്ലേയില്‍ തെളിഞ്ഞു. 

ഗെയില്‍ പുറത്തായത് ‘ഫ്രീ ഹിറ്റില്‍’ 

ഗെയില്‍ പുറത്തായ ശേഷം ക്രിക്കറ്റ് കമന്റേറ്റേഴ്സാണ് ട്വിസ്റ്റ് കൊണ്ടുവന്നത്. ഗെയില്‍ ഔട്ടായ പന്തിന് തൊട്ടുമുന്പുള്ള പന്ത് നോബോളായിരുന്നുവെന്ന് കമ്മന്‍റേറ്റേഴ്സാണ് കണ്ടെത്തിയത്. ടി വി റിപ്ലേയില്‍ സ്റ്റാര്‍ക്ക് 150 കിലോമീറ്റര്‍ വേഗത്തില്‍ എറിഞ്ഞ ആ പന്ത് ഒരു വലിയ നോബോള്‍ ആയിരുന്നുവെന്ന് വ്യക്തം. എന്നാല്‍ അംപയറുടെ കണ്ണില്‍ ഇത് പെട്ടില്ല. 2010മുതല്‍ അംപയറായി പ്രവര്‍ത്തിക്കുന്ന ക്രിസ് ഗാഫിനിയുടെ പിഴവുകള്‍ ‘ദുരന്ത’മെന്നാണ് കമന്റേറ്ററായ മൈക്കല്‍ ഹോള്‍ഡിങ് വിശേഷിപ്പിച്ചത്. ഇത്തരം നിലവാരമില്ലാത്ത അംപയര്‍മാരെ ലോകകപ്പില്‍ നിര്‍ത്തുമ്പോള്‍ അത് രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണെന്ന് കീറോണ്‍ പൊള്ളാര്‍ഡിനെപ്പോലുള്ള താരങ്ങളും പറയുന്നു. വിന്‍ഡീസ് ബോളര്‍മാര്‍ക്കെതിരെ അനാവശ്യ വൈഡ് വിളിച്ചതിനെതിരെയും താരങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മല്‍സരത്തില്‍ വിന്‍ഡീസ് 20 വൈഡാണ് എറിഞ്ഞത്. ഓസ്ട്രേലിയ മല്‍സരം ജയിച്ചത് 15റണ്‍സിനും. 

MORE IN SPORTS
SHOW MORE