കറക്കി വീഴ്ത്തി ചഹൽ; ആഞ്ഞടിച്ച് ബുംറ; ദക്ഷിണാഫ്രിക്കയുടെ വില്ലന്‍മാർ

bumrah-and-chahal
SHARE

ആദ്യബാറ്റിങ് തിരഞ്ഞെടുത്ത് മികച്ച സ്കോര്‍ ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയ്ക്ക് വില്ലന്‍മാരായത് ജസ്പ്രിത് ബുംറയും യുസ്‍വേന്ദ്ര ചഹലും. പരുക്കിനുശേഷം തിരികെയെത്തിയ അംലയെയേും, ഡികോക്കിനെയും പുറത്താക്കി ബുംറ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ സമ്മാനിച്ചത് കനത്തപ്രഹരം. ബുംറയുടെ അന്‍പതാം ഏകദിനമായിരുന്നു ഇത്. അതേസമയം, നായകന്‍ ഡുപ്ലസിയുടേതടക്കം നാലുവിക്കറ്റുകളാണ് ചഹല്‍ നേടിയത്.

സതാംപ്ടണിലെ പച്ചില്‍ ആദ്യം ബാറ്റുചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തിന് ആദ്യവെല്ലുവിളി ഉയര്‍ത്തിയത് ജസ്പ്രീത് ബുംറ. രാജ്യാന്തര ഒന്നാംനമ്പര്‍ ബോളര്‍ക്കുമുന്നില്‍ ഓപ്പണര്‍മാര്‍ പലപ്പോഴും പരുങ്ങി. പരുക്കിന് ശേഷം ടീമിലെത്തിയ ഹാഷിം അംലയായിരുന്നു ബുംറയുടെ ആദ്യ ഇര. അപകടകരമായ ബോളില്‍ ബാറ്റുവച്ച അംല പുറത്ത്. ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 24ല്‍‌ എത്തിനില്‍ക്കെ അടുത്ത ഊഴം ഡികോകിന്.  

പത്തുറണ്‍സ് മാത്രമായിരുന്നു ഡികോകിന്‍റെ സംഭാവന. പേസിനൊപ്പം സ്പിന്നര്‍മാരെെയും പിന്തുണച്ച പിച്ചില്‍ ദക്ഷിണാഫ്രിക്ക വിയര്‍ത്തു. മൂന്നാംവിക്കറ്റില്‍ ഡുപ്ലസിയും ഡസനും ചേര്‍ന്ന് സ്കോര്‍ പതിയെ ഉയര്‍ത്തി. എന്നാല്‍, ചാഹലിന് മുന്നില്‍ ആ കൂട്ടുകെട്ടും തകര്‍ന്നു.

തീരുമാനിച്ചുറപ്പിച്ച റിവേഴ്സ് സ്വീപ് കളിക്കാനുള്ള ശ്രമത്തിനിടെ പിച്ച് ചെയ്ത ബോള്‍ മിഡില്‍ സ്റ്റംപിലേക്ക്. ഡസന്‍ ഔട്ട്. അതേ ഓവറില്‍തന്നെ ഡുപ്ലസിക്കെതിരെ പെര്‍ഫെക്റ്റ് ഗൂഗ്ലി. എണ്‍പതുറണ്‍സിനിടെ ആദ്യനാല് മുന്‍നിരക്കാര്‍ പവലിയനിലേക്ക്. ലോകകപ്പിലെ ആദ്യരണ്ടുകളിയിലും പിന്തുടര്‍ന്ന് ജയിക്കാനാകാത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇതോടെ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത് വന്‍സ്കോര്‍ ഉയര്‍ത്താമെന്ന മോഹവും അവസാനിപ്പിക്കേണ്ടിവന്നു.

MORE IN SPORTS
SHOW MORE