സച്ചിന് മറക്കാനാകത്ത ബ്രിസ്റ്റോൾ; ദൈവം അവതരിച്ച് മൈതാനം

sachin-bristol
SHARE

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്റ്റേഡിയത്തിന്  മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഒരു ബന്ധമുണ്ട്. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ഏടായിരുന്നു 1999 ലെ ലോകകപ്പില്‍ കെനിയക്കെതിരെ ബ്രിസ്റ്റോളില്‍ നേടിയ സെഞ്ചുറി അച്ഛന്‍ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു സച്ചിന്‍ രാജ്യത്തിനായി പാ‍ഡണിഞ്ഞത്.

തന്റെ ജീവിതത്തില്‍ എല്ലാമായ അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ മരിച്ചിട്ട് അന്നേക്ക് മൂന്നുദിവസം മാത്രമേ ആയിരുന്നുള്ളു. മരണാനന്തര ക്രിയകള്‍ തീരും മുന്‍പാണ് ടെന്‍ഡുല്‍ക്കര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ച് വിമാനം കയറിയത്. ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു മനസില്‍. പ്രതിസന്ധി നേരിടുന്ന രാജ്യത്തിനായി കളത്തിലിറങ്ങുക.

ദുഃഖം തളംകെട്ടിയ മുഖവുമായാണ് അന്ന് സച്ചിന്‍ ബ്രിസ്റ്റോളിലെ ഗ്രൗണ്ടിലിറങ്ങിയത്. സച്ചിന്‍ വരില്ലെന്ന് പ്രതീക്ഷിച്ചിരുന്ന കാണികള്‍ക്കുമുന്നിലേക്ക്  ക്രിക്കറ്റിന്റെ ദൈവം അവതരിച്ചു. 

ഇന്ത്യക്ക് അന്നത്തെ മല്‍സരം ജയിച്ചേ തീരും. രണ്ട് മല്‍സരങ്ങള്‍ തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്നു ടീം. അച്ഛനുവേണ്ടി ലിറ്റില്‍ മാസ്റ്റര്‍ ബാറ്റ് വീശിത്തുടങ്ങി. കെനിയന്‍ ടീമിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു പിന്നീടുള്ള ഓരോ നിമിഷങ്ങളും. പതിനാറ് ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 101 പന്തില്‍ 140 റണ്‍സ് അടിച്ചെടുത്തു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 

സെഞ്ചുറി നേടിയശേഷം ആകാശത്തേക്ക് തലഉയര്‍ത്തിപ്പിടിച്ച് അച്ഛന് സമര്‍പ്പിച്ച ആ ദൃശ്യം കണ്ണീരണിഞ്ഞാണ് ക്രിക്കറ്റ് ലോകം കണ്ടുനിന്നത്. ദൈവം അവതരിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 329 റണ്‍സ്. ഒടുവില്‍ 235 റണ്‍സിന് കെനിയയെ തളച്ച് ആ ലോകകപ്പിലെ ആദ്യ ജയം.

MORE IN SPORTS
SHOW MORE