ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോക ഇലവനില്‍ കോഹ്‌ലിയില്ല, ധോണി ക്യാപ്റ്റനല്ല..!

kapil-dhoni-sourav-sachin
SHARE

ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന ധോണിയല്ല ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോക ഇലവന്റെ ക്യാപ്റ്റന്‍, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ടീമില്‍ പോലും സ്ഥാനം ലഭിച്ചില്ല. ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അന്തിമ ഇലവനിന്‍ നിന്നൊഴിവാക്കി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചത്. 

ഓപ്പണര്‍മാര്‍ 

സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് എക്കാലത്തെയും മികച്ച ലോകഇലവനിലെ ഓപ്പണര്‍മാര്‍. ലോകകപ്പില്‍ നിന്ന് മാത്രം സച്ചിന്‍ ആറു സെഞ്ചുറി ഉള്‍പ്പെടെ 2278റണ്‍സ് നേടിയിട്ടുണ്ട്. 2011ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗവുമായിരുന്നു. 1996ലും 2003ലും സച്ചിന്റെ ബാറ്റിലേറിയായിരുന്നു ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം. സൗരവ് ഗാംഗുലി ഇന്ത്യയെ 2003ലെ ലോകകപ്പിന്റെ ഫൈനലിലെത്തിച്ച ക്യാപ്റ്റനും സര്‍വോപരി ഇടംകയ്യന്‍ ഓപ്പണറുമായിരുന്നു. ആയിരത്തി ആറ് റണ്‍സാണ് ഗാംഗുലി നേടിയത്. 1999ലെ ലോകകപ്പില്‍ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനായിരുന്നു. 

വന്‍മതിലായി ദ്രാവിഡ്

മൂന്നാംനമ്പറില്‍ ഇറങ്ങാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ദ്രാവി‍ഡ് തന്നെ.  ഓപ്പണര്‍മാര്‍ പരാജയപ്പെട്ടാല്‍ വിശ്വസ്തതയോടെ നിലയുറപ്പിച്ച് നില്‍ക്കുവാന്‍ ഇന്ത്യയ്ക്ക് മറ്റൊരു താരവും ഇല്ല. 860റണ്‍സാണ് ദ്രാവിഡ് ലോകകപ്പില്‍ നേടിയത്. എന്നാല്‍ ശരാശരിയില്‍ സച്ചിനെക്കാളും മുമ്പിലാണ്. രണ്ടാം വിക്കറ്റ് കീപ്പറായും ദ്രാവിഡിനെയാണ് കാണുന്നത്. 2003ലെ ലോകകപ്പില്‍ ഈ റോള്‍ ദ്രാവിഡ് ഭംഗിയായി നിര്‍വഹിച്ചിരുന്നു. 

നാലാം നമ്പറില്‍ ജിമ്മി

നിലവില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെങ്കില്‍ എക്കാലത്തെയും മികച്ച ഇലവനില്‍ ആ ഒരു ആശങ്ക ഇല്ല. ഓള്‍റൗണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ് നാലാം നമ്പറില്‍ ഇറങ്ങും. 1983ലെ ലോകകപ്പ് സെമിയിലും ഫൈനലിലും അമര്‍നാഥ് ബോളിങ് മികവിലൂടെ ഇന്ത്യയ്ക്ക് ജയം ഒരുക്കുന്നതില്‍ നിര്‍ണായകമായി. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വിശ്വസ്തനായിരുന്നു. 

അഞ്ചാം നമ്പറില്‍ മുഹമ്മദ് അസറുദ്ദീന്‍

ഇന്ത്യയെ മൂന്ന് ലോകകപ്പില്‍ നയിച്ച അസറുദ്ദീന്‍ 1996ല്‍ ടീമിനെ സെമിയിലെത്തിച്ചു. 826റണ്‍സാണ് അസറുദ്ദീന്‍ ലോകകപ്പില്‍ നേടിയത്. കൈക്കുഴ ഉപയോഗിച്ച് ബാറ്റിങ് മികവ് തുടരുന്ന അസറുദ്ദീന്‍ മികച്ച  ഫീല്‍ഡറുമാണ്. 

ആറാട്ടിന് യുവരാജ് സിങ്

2011ലെ ലോകകപ്പ് ജയിച്ച ടീമിലെ അംഗമായ യുവരാജ് സിങ് ആണ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടറാണ് യുവരാജ് സിങ്. 738റണ്‍സും 20വിക്കറ്റും ലോകകപ്പില്‍ നേടി. ഒപ്പം മികച്ച ഫീല്‍ഡര്‍ എന്നതും വമ്പന്‍ അടികളും യുവിക്ക് നേട്ടമായി. 

ഏഴാം നമ്പറില്‍ ധോണി

ഫിനിഷറായി ധോണി ഏഴാം നമ്പറിലെത്തും. 2011ല്‍ കപ്പ് നേടിയയെടുത്തപ്പോള്‍ സിക്സറിലൂടെയായിരുന്നു ധോണിയുടെ ഫിനിഷിങ്. 507റണ്‍സ് ലോകകപ്പില്‍ നേടി. ഒപ്പം വിക്കറ്റിന് പിന്നിലെ മികവും നേട്ടമായി. ധോണിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 

ക്യാപ്റ്റന്‍ കപില്‍ ദേവ്

ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപില്‍ ദേവാണ്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവന്റെ ക്യാപ്റ്റന്‍. കപിലിന്റെ ചെകുത്താന്മാര്‍ എന്നാക്ഷേപം കേട്ട 1983ലെ ടീം കപ്പുമായി മടങ്ങുമ്പോള്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും കപില്‍ താരമായി. സിംബാബ്്വെയ്ക്കെതിരായ 175റണ്‍സും പിന്നോട്ടോടിയെടുത്ത ക്യാച്ചും കപിലിനെ സൂപ്പര്‍ താരമാക്കി. 

ബോളിങ്ങില്‍ ആരൊക്കെ?

ഇന്ത്യയുടെ പ്രധാന ബോളറായി ജവഗല്‍ ശ്രീനാഥ് എത്തും. 44 വിക്കറ്റ് ലോകകപ്പില്‍ നേടിയ ഈ വലംകയ്യനാണ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളത്. ശ്രീനാഥിന് കൂട്ടായി ഇടംകയ്യന്‍ സഹീര്‍ ഖാന്‍ എത്തും. 2003ല്‍ ഇന്ത്യ ഫൈനലിലെത്തിയ ടീമില്‍ അംഗമായിരുന്നു, 2011ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. ടീമിലെ ഏക സ്പിന്നര്‍ അനില്‍ കുംബ്ലെയാണ്യ ലോകകപ്പില്‍ 31 വിക്കറ്റ് നേടിയ കുംബ്ലെ 1996ലെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു. 

പന്ത്രണ്ടാമന്‍ കോഹ്‌ലി 

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ടീമിലെ പന്ത്രണ്ടാമന്‍‌. ലോകകപ്പില്‍ ഇതുവരെ 587റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് തിരഞ്ഞെടുത്ത പട്ടികയില്‍ ചര്‍ച്ച മുറുകുകയാണ്.

MORE IN SPORTS
SHOW MORE