കളത്തിലെ ‘റോബറി’ അവസാനിക്കുന്നു; കപ്പെടുത്ത് മടങ്ങുമോ റോബനും റിബറിയും?

arjen-robben
SHARE

അലിയന്‍സ് അരീനയിലെ ‘റോബറി’കൂട്ടായ്മ ഇതാ അവസാന അങ്കത്തിന് ഇറങ്ങുന്നു. ബയേണിന് തുടര്‍ച്ചയായ ഏഴാംകിരീടം ‘റോബറി’സമ്മാനിക്കുമോ? റോബന്‍ ഗോള്‍ നേട്ടം നൂറാക്കുമോ? ആരാധകര്‍ ആകാംക്ഷയോടെ ഈ രാവിന്റെ പോരിന് കാത്തിരിക്കുന്നു. വലതുവിങ്ങില്‍ ആര്യന്‍ റോബനും ഇടതുവിങ്ങില്‍ ഫ്രാങ്ക് റിബറിയും ബയേണ്‍ മ്യൂനിക്കിനായി കുതിച്ചുപായാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം പിന്നിട്ടു. വലതു വിങ്ങിലാണെങ്കിലും, എതിരാളികളെ വെട്ടിച്ച് എവിടെ വേണമെങ്കിലും എത്തുന്ന റോബന്‍, ഇടതുവിങ്ങിലൂടെ കുതിച്ചുപായുന്നപായുന്ന റിബറി ഗോളവസരങ്ങളുടെ കലവറ സൃഷ്ടിക്കുന്നു. ബുന്ദസ് ലീഗയില്‍ എതിരാളികളുടെ പേട്സ്വപ്നമായ ഈ വിങ്ങര്‍മാര്‍ ബുന്ദസ് ലീഗയില്‍ അവസാന അങ്കത്തിന് ഇറങ്ങുന്നു. ഡോര്‍ട്ട്മുണ്ടിനെതിരെയാണ് മല്‍സരം. ഇരുവരുടെയും ലക്ഷ്യമിടുന്നത് ബയേണ്‍മ്യൂനിക്കിന് തുടര്‍ച്ചയായ ഏഴാംകിരീടം സമ്മാനിച്ച് പടിയിറങ്ങാനും. 

‘റോബറി’

ആര്യന്‍ റോബന്റെ ‘റോ’യും ഫ്രാങ്ക് റിബറിയുടെ ‘ബറി’യും ചേര്‍ന്ന് ‘റോബറി’ ബുന്ദസ് ലീഗയില്‍ തീര്‍ത്തത് സമാനതകളില്ലാത്ത പോരാട്ടം. ഒപ്പം ലീഗില്‍ ബയേണ്‍ മ്യൂനിക്കിന്റെ സമഗ്രാധിപത്യവും. ഏകദേശം ഒരേശൈലിയിലാണ് റോബനും റിബറിയും കളിക്കുന്നത്. ഇരുവരും വിങ്ങര്‍മാരാണ്. റിബറി ഗോള്‍ അടിക്കുന്നതിനെക്കാള്‍ ഗോള്‍ അടിപ്പിക്കുന്നതില്‍ സംതൃപ്തികണ്ടെത്തുമ്പോള്‍ ഗോള്‍ അടിക്കുന്നതിലാണ് റോബന്റെ ആവേശവും ഇഷ്ടവും. ‘റോബറി’ 728 മല്‍സരങ്ങളാണ് ബയേണിനായി തീര്‍ത്തത്. 266ഗോള്‍ ‘റോബറി’ നേടി. 284ഗോളവസരങ്ങള്‍ ഇരുവരുംചേര്‍ന്ന് കളത്തില്‍ തുറന്നു. 

റോബന്‍

വലതു വിങ്ങിലാണ് നെതര്‍ലന്‍ഡ്സുകാരനായ റോബന്‍റെ സ്ഥാനം. പക്ഷെ ഗോളിലേക്ക് പന്ത് എത്തിക്കുന്നതിനൊപ്പം ഗോളടിക്കാനും മിടുക്കുകാട്ടുന്ന റോബന്‍ ഏതു കടുകട്ടി പ്രതിരോധക്കോട്ടയും തുളച്ചുകയറും.  അതിവേഗത്തിലുള്ള നീക്കങ്ങളും കൃത്യതയുള്ള ഷോട്ടുകളും ആണ് റോബന്റെ കരുത്ത്. ക്രോസുകള്‍ നല്‍കുന്നതിലും പാസുകള്‍ തീര്‍ക്കുന്നതിലും പന്ത് കൈവശം വയ്ക്കുന്നതിലും സെറ്റ്പീസുകള്‍ ഗോളാക്കുന്നതിലും അസാമാന്യ പ്രതിഭ. 2009ല്‍ബയണ്‍ മ്യൂനിക്കിലെത്തിയ റോബന്‍ ഇതുവരെ 200മല്‍സരങ്ങളില്‍ നിന്ന് 98ഗോള്‍ നേടി. പത്തുസീസണുകള്‍ കളിച്ച റോബന്‍ ഏഴുകിരീടങ്ങള്‍ ബയേണിന്റെ ജേഴ്സിയില്‍ നേടി. 

റിബറി

ഇടതുവിങ്ങിലാണ് ഫ്രാന്‍സ് താരമായ റിബറിയുടെ സ്ഥാനം.  വേഗവും കൗശലവും വേണ്ടുവോളമുള്ള റിബറി ഇടതുവിങ്ങിലൂടെ ശരവേഗത്തില്‍ പാഞ്ഞ് ഗോളവസരം തുറക്കും.  മികച്ച നിയന്ത്രണവും ‍ഡ്രിബ്ലിങ്ങും റിബറിയെ കൂടുതല്‍ അപകടകാരിയായാക്കുന്നു.  2007ല്‍ ബയേണ്‍ മ്യൂനിക്കിലെത്തിയ റിബറി 272മല്‍സരങ്ങളില്‍ നിന്നായി 85ഗോള്‍ നേടി. എട്ടുതവണ ബയേണിന്റെ കിരീടനേട്ടത്തില്‍ പങ്കുചേര്‍ന്നു. ഈ സീസണോടെ ബയേണ്‍മ്യൂനിക്കിന്റെ കുപ്പായത്തില്‍ നിന്ന് പടിയിറങ്ങുന്നു. അടുത്തവര്‍ഷം റോബനും റിബറിക്കുമായി ബയേണ്‍മ്യൂനിക്ക് പ്രത്യേക മല്‍സരം സംഘടിപ്പിക്കും. അതിനുമുമ്പ് കിരീടം നേടി ‘റോബറി’യെ യാത്രയക്കാനാണ് സഹതാരങ്ങളുടെ നീക്കം. 

MORE IN SPORTS
SHOW MORE