ടിന്റു ലൂക്കയ്ക്ക് ആരാധകരുടെ വക പണി; വിരമിച്ചെന്ന് വ്യാജപ്രചാരണം

tintu-luka-web-plus
SHARE

ഫെയ്സ് ബുക്കിലെ ടിന്റു ലൂക്ക ഫാന്‍ പേജില്‍ ഉച്ചയോടെയാണ് ട്രാക്കിനോട് വിടപറഞ്ഞുവെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മധ്യദൂര ഓട്ടത്തില്‍ രാജ്യത്തെ ഏറ്റവും പ്രമുഖതാരം ടിന്റു ലൂക്ക ട്രാക്കിനോട് വിടപറഞ്ഞെന്നും നിങ്ങള്‍ തന്ന പ്രോത്സാഹനത്തിന് നന്ദി അറിയിക്കുന്നുവെന്നും ആയിരുന്നു പോസ്റ്റ്.  പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ വിളിച്ചപ്പോഴാണ് ടിന്റു വിരമിച്ചില്ലെന്ന് അറിയുന്നത്. ഈ ഫെയ്സ്ബുക്ക് പേജ് ആരാണ് നടത്തുന്നതെന്ന് അറിയില്ലെന്നും വിരമിക്കലിനെക്കുറിച്ച് ആരോടും സംസാരിച്ചില്ലെന്നും ടിന്റുപറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍  ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആരാധര്‍ ടിന്റു വിടപറയുന്നുവെന്ന പോസ്റ്റ് ഇട്ടത്. ഒപ്പം ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്കും ചേര്‍ത്തിരുന്നു,

കഴിഞ്ഞ കുറച്ചുനാളുകളായി ടിന്റു ലൂക്ക അത്്ലറ്റിക്സിനോട് വിടപറയുമെന്ന് സൂചനയുണ്ടായിരുന്നു. 2017ല്‍ പരുക്കിനെതുടര്‍ന്ന് ട്രാക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ടിന്റു ഇതുവരെ ട്രാക്കിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് പരിശീലനക്യാംപില്‍ നിന്ന് പിന്മാറുകയാണെന്ന് ടിന്റു അത്്്ലറ്റിക്സ് അസോസിയേഷനെ അറിയിച്ചിരുന്നു. ഇപ്പോള്‍ സേലത്ത് ദക്ഷിണ റെയില്‍വേയുടെ ഓഫിസറായി ജോലി ചെയ്യുകയാണ് ടിന്റു.

ടിന്റുവിന്റെ ഓട്ടം

കണ്ണൂരിലെ ഇരുട്ടിക്കടുത്തുള്ള ടിന്റു ലൂക്ക 2001ല്‍ ഉഷാ സ്കൂള്‍ ഓഫ് അത്്ലറ്റിക്സിന്റെ ആദ്യ പന്ത്രണ്ടംഗസംഘത്തില്‍ അംഗമായി എത്തി. ലോങ് ജംപിലാണ് പയറ്റിതുടങ്ങിയതെങ്കിലും പി.ടി.ഉഷ എന്ന ഇതിഹാസതാരത്തിന്റെ കീഴില്‍ ട്രാക്കിലേയ്ക്ക് ചുവടുമാറ്റി. ഉഷയ്ക്കുശേഷം രാജ്യത്തിന്റെ കായിക അഭിമാനം എന്നനിലയിലേയ്ക്ക് ടിന്റുവിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2008ല്‍ ജുനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി രാജ്യാന്തര തലത്തിലേയ്ക്ക് കുതിച്ചുപാഞ്ഞു. 2010ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനന്റല്‍ കപ്പില്‍ ഷൈനി വില്‍സന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയെഴുതി. 800മീറ്ററില്‍ 1.59.17 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോര്‍ഡിന് ഉടമയായി. പക്ഷെ 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റുവിന്റെ ഓട്ടം പുറകോട്ടായിപ്പോയി, ആദ്യ നാനൂറില്‍ മെ‍ഡലിലേയ്ക്ക് കുതിച്ച ടിന്റു രണ്ടാമത്തെ നാനൂറില്‍ പിന്നിലേയ്ക്കായി. ഒടുവില്‍ മെഡലില്ലാതെ മടക്കം. അന്ന് ടിന്റുവും ഉഷയും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

എന്നാല്‍ 2012ലെ ലണ്ടന്‍ ഒളിംപിക്സിന്റെ സെമിയിലെത്തി മടക്കം. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേയില്‍ സ്വര്‍ണവും 800മീറ്ററില്‍ വെള്ളിയും നേടി ഉജ്വല തിരിച്ചുവരവ്., ഒപ്പം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണത്തിളക്കം. 2014ല്‍ രാജ്യം അര്‍ജുന നല്‍കി ആദരിച്ചു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ആകെ ആറുമെ‍ഡ‍ല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ടിന്റു 2016ലെ ഒളിംപിക്സില്‍ നിരാശപ്പെടുത്തി. ഇക്കുറി ഹീറ്റ്സില്‍ പുറത്താകാനായിരുന്നു വിധി. പിന്നീട് പരുക്കിനെ തുടര്‍ന്ന് ട്രാക്ക് വിട്ടു.

MORE IN SPORTS
SHOW MORE