മേഴ്സികുട്ടൻ എന്ന പോരാളി; ഇനി സ്പോർട്സ് കൗൺസിൽ തലപ്പത്തേക്ക്; പ്രതീക്ഷ

mercy-kuttan-web-plus
SHARE

ലോങ് ജംപില്‍ ആറുമീറ്റര്‍ ദൂരംമറികടന്ന ആദ്യഇന്ത്യന്‍ വനിത. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ട്രാക്കിലും ഫീല്‍ഡിലും മെഡല്‍ നേടിയ ആദ്യഇന്ത്യന്‍ വനിത. അര്‍ജുന അവാര്‍ഡ് ജേതാവ്. ഏഷ്യന്‍ഗെയിംസ് മെഡല്‍ ജേതാവായ ഭര്‍ത്താവ്. ചിട്ടയായ പരിശീലനമുറകളിലൂടെ മകനെ കൗമാരപ്രായത്തില്‍ ദേശീയഗെയിംസ് വ്യക്തിഗതമെഡല്‍ ജേതാവാക്കിയ അമ്മ, പരിശീലക. ട്രാക്കിലും ഫീല്‍ഡിലും പോരാളിയാണ് ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍. ജേതാവും. പരിശീലക എന്നനിലയിലും മോശമല്ലാത്ത റെക്കോഡ്. സ്പോട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പദവിയിലെ ശ്രദ്ധേയമായ നിലപാടും പ്രവര്‍ത്തനങ്ങളും. ഇനി സ്പോട്സ് കൗണ്‍സില്‍ അധ്യക്ഷയെന്ന പദവിയിലേക്കാണ് ചുവടുമാറ്റം.

പത്മിനി ശെല്‍വം, അഞ്ജു ബബി ജോര്‍ജ്. ശേഷം ഒരു കായികവനിത കൂടി സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെ തലപ്പത്തെത്തുന്നു. ഒറ്റ ചോദ്യമേ അവശേഷിക്കുന്നുള്ളു. മാറുമോ സ്പോട്സ് കൗണ്‍സില്‍? കൗണ്‍സിലിന് പുതിയ മുഖം വരുമോ? സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായുള്ള മേഴ്സികുട്ടന്റെ സ്ഥാനാരോഹണത്തിന് ഇനി ഉത്തരവിറങ്ങിയാല്‍ മതി. മറ്റെല്ലാ തീരുമാനങ്ങളും എടുത്തുകഴിഞ്ഞു. രാഷ്ട്രീയ അതിപ്രസരത്തില്‍ നട്ടം തിരിഞ്ഞിട്ടുണ്ട് കൗണ്‍സില്‍ എല്ലായ്പ്പോഴും. അഞ്ജു ബോബി ജോര്‍ജാണ് അതിന് വലിയ ഉദാഹരണം. വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴെ രാഷ്ട്രീയ അതിപ്രസരത്തെ ചോദ്യം ചെയ്തിട്ടുണ്ട് മേഴ്സിക്കുട്ടന്‍. കടുപ്പമുള്ള നിലപാടുകള്‍ എടുത്തിട്ടുണ്ട്. അനാവശ്യ ഇടപെടലുകളെ കൗണ്‍സില്‍ മീറ്റിങ്ങിനുള്ളില്‍ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഗുണകരമായ മാറ്റങ്ങള്‍ക്കും, കായികതാരങ്ങളുടെ അവകാശത്തിനും വേണ്ടി ഒച്ചയുയര്‍ത്തിയിട്ടുമുണ്ട്. തീരുമാനങ്ങളിലെ കാര്‍ക്കശ്യവും, ഉറപ്പുമാകാം മേഴ്സിക്കുട്ടനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചതും. ഇവയെല്ലാം വിലയിരുത്തിതന്നെയാണ് മറ്റുപലരും സ്വപ്നം കണ്ട, കരുനീക്കംനടത്തിയ സ്ഥാനത്തേയ്ക്ക് കായിക മന്ത്രി മേഴിസിക്കുട്ടനെ നിയമിച്ചതും. 

സംസ്ഥാനത്ത് മോശമായി പ്രവര്‍ത്തിക്കുന്ന  12സ്പോട്സ് ഹോസ്റ്റലുകള്‍ പൂട്ടാനുള്ള തീരുമാനം എടുത്തത് മേഴ്സിക്കുട്ടന്‍ അധ്യക്ഷയായ സിമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. അവര്‍ തന്നെ നേരിട്ടുപോയി നടത്തിയ മിന്നല്‍ പരിശോധനകളില്‍ പലഹോസ്റ്റലുകളും വിരണ്ടു. പിന്നീട് ബ്ലാക് ലിസ്റ്റില്‍ ഇടംപിടിച്ച ഹോസ്റ്റലുകളെയും മറ്റുള്ളവയേയും ഒരുപരിധിവരെ നേരെയാക്കാന്‍ ഈ തീരുമനത്തിനായി. ജൂനിയര്‍ തലം മുതല്‍ സീനിയര്‍ തലംവരെയുള്ള കായികതാരങ്ങളുടെ പ്രൈസ്മണിയില്‍ ഒരുവിഭാഗം പരിശീലകര്‍ കയ്യിട്ടുവാരുന്ന പ്രവണതയ്ക്കെതിരേയും ധീരമായ നിലപാടെടുത്തു. അതിനൊപ്പം അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മേഴ്സിക്കുട്ടനായി. കായിക സംഘടനയുടെ തലപ്പത്ത് കായികതാരം തന്നെയെത്തിയത് കുറഞ്ഞപക്ഷം കായികതാരങ്ങള‍ക്കും കായികത്തെ ഇഷ്ടപ്പെടുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. അവരുടെ ആ പ്രതീക്ഷ നിലനിര്‍ത്തുമോ എന്നത് കാത്തിരുന്നു കാണാം.ഭരണസമിതി അംഗത്വം സ്ഥിരം പദവിയാക്കിയവരെ ഒഴിവാക്കിയത് ഗുണകരമാകും. പക്ഷേവലിയ പദവിയാണെങ്കിലും സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി സ്ഥാനം നിലവില്‍ പാര്‍ട്ട് ടൈം പോലെയാണെന്നതാകും വെല്ലുവിളി.

MORE IN SPORTS
SHOW MORE