അടിച്ചും എറിഞ്ഞും പറന്നും കളി പിടിക്കും; പടിക്കൽ കലമുടയ്ക്കും; ഈ ലോകകപ്പിലോ..?

cricket
SHARE

ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിൽ ആരായിരിക്കും ചാമ്പ്യന്മാർ ? ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി ആരാധകർക്ക് പറയാൻ പല പേരുകളുമുണ്ട്. എന്നാൽ ആരും പറയാൻ ധൈര്യപ്പെടാത്ത പേരൊന്നുണ്ട്. ദക്ഷിണാഫ്രിക്ക. നിർഭാഗ്യത്തിന്റെ ഉറ്റതോഴർ, പടിക്കൽ കലമുടയ്ക്കുന്നവർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്.

ആത്മാർത്ഥതയുടേയും, അർപ്പണമനോഭാവത്തിന്റെയും പ്രതിരൂപങ്ങളായ ഒരുപറ്റം കളിക്കാർ. അടിച്ച് തകർത്തും, എറിഞ്ഞിട്ടും മാത്രമല്ല പറന്ന് പിടിച്ചും കളി ജയിപ്പിക്കാമെന്ന് തെളിയിച്ചവർ. അസാധ്യമായതൊന്നും ക്രിക്കറ്റിലില്ല എന്ന് തെളിയിച്ച ടീമാണ് ദക്ഷിണാഫ്രിക്ക. ഏകദിനത്തിൽ 300 റൺസ് മികച്ച സ്കോർ ആയിരുന്ന കാലഘട്ടത്തിൽ 434 റൺസെടുത്ത, ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ, പിന്തുടർന്ന് മറികടന്ന ഇരട്ട ചങ്കന്മാർ. ഇത്തരത്തിൽ ഏറെയുണ്ട് ദക്ഷിണാഫ്രിക്കൻ വീരഗാഥകൾ.

ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ ഊന്നിപ്പറയാൻ ഏതൊരു ക്രിക്കറ്റ് ആരാധകനും ഒന്ന് സംശയിക്കും. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ചരിത്രമാണ് അതിന് കാരണം.

ലോകകപ്പും, ദക്ഷിണാഫ്രിക്കയും


വർണ്ണവിവേചനത്തിന്റെ പേരിൽ ലഭിച്ച വിലക്കിന് ശേഷം 1991ലാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. തൊട്ടടുത്ത വർഷം നടന്ന ലോകകപ്പിൽ ആദ്യമായവർ പോരാടാനിറങ്ങി. ആദ്യ ലോകകപ്പിൽ തന്നെ ടീമിന് സെമിഫൈനലിൽ എത്താൻ സാധിച്ചുവെങ്കിലും, പിന്നീട് നടന്ന ആറ് ലോകകപ്പുകളിലും അതിനപ്പുറം കടക്കാൻ ദക്ഷിണാഫ്രിക്കക്കായിട്ടില്ല.

ആദ്യ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ പുറത്താകൽ വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ 13 പന്തിൽ 22 റൺസായിരുന്നു വേണ്ടിയിരുന്നത്. ആ സമയം പെയ്ത മഴ 10 മിനിറ്റോളം കളി തടസ്സപ്പെടുത്തി. തുടർന്ന് മഴനിയമപ്രകാരം വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചപ്പോൾ ഒരു ബോളിൽ നിന്നും 21 റൺസ് എന്ന അപ്രാപ്യമായ നിലയിലേക്ക് മാറി. ദക്ഷിണാഫ്രിക്ക പുറത്തേക്ക്. 99 ലെ ലോകകപ്പിന്റെ സെമിയിൽ ദക്ഷിണാഫ്രിക്ക പുറത്തായത് കണ്ട് ഞെട്ടാത്ത ഒരൊറ്റ ക്രിക്കറ്റ് ആരാധകനുമുണ്ടാകില്ല. ജയിക്കാൻ ഒരു റൺ മാത്രം വേണ്ടിയിരുന്ന സമയത്ത് അവസാന വിക്കറ്റിൽ ബാറ്റ് ചെയ്തിരുന്ന ലാൻസ് ക്ലൂസ്നറും, മറുവശത്ത് നിന്നിരുന്ന അലൻ ഡൊണാൾഡും തമ്മിലുള്ള ആശയക്കുഴപ്പം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങളാണ് തല്ലിക്കെടുത്തിയത്. മത്സരം കൈവിട്ട് പോയത് മനസിലായതോടെ തിരിഞ്ഞുപോലും നോക്കാതെ ദു:ഖിതനായി പവലിയനിലേക്കോടിയ ക്ലൂസ്നറെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല.

തുടർന്നുള്ള ലോകകപ്പുകളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. മികച്ച താരങ്ങളുണ്ടായിട്ടും എല്ലാ തവണയും പരാജയപ്പെടാൻ തന്നെയായിരുന്നു വിധി. കഴിഞ്ഞ ലോകകപ്പിൽ സൂപ്പർ താരം എ.ബി ഡിവില്ലിയേഴ്സിന്റെ നേതൃത്വത്തിലായിരുന്നു ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. എന്നാൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് അവസാന ഓവറിൽ തോറ്റ് പുറത്തായിരുന്നു ടീമിന്റെ യോഗം.

ഇത്തവണത്തെ ഒരുക്കങ്ങൾ


എ.ബി ഡിവില്ലിയേഴ്സ് എന്ന അതികായൻ പാഡഴിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാന പരീക്ഷയാണ് ദക്ഷിണാഫ്രിക്കക്ക് ഈ ലോകകപ്പ്. ടീമിന്റെ ശക്തി തെളിയിക്കാൻ ഇതിലും നല്ലൊരവസരം ഇനിയില്ല.

ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലാണ് ഇത്തവണ ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. ക്വിന്റൻ ഡി കോക്ക്, മാക്രം, ഡേവിഡ് മില്ലർ എന്നിവർക്കൊപ്പം സീനിയർ താരം ഹാഷിം അംല കൂടി ചേരുമ്പോൾ ടീമിന്റെ ബാറ്റിങ്ങ് നിര ശക്തമാണ്. അംലയുടെ മോശം ഫോമാണ് ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ തലവേദന. എന്നാൽ ലോകകപ്പിൽ അംല ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീം മാനേജ്മെന്റും, ആരാധകരും ഉറച്ച് വിശ്വസിക്കുന്നത്.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. കഗിസൊ റബാദ, ഡ്വെയ്ൽ സ്റ്റെയ്ൻ, ലുംഗി എൻഗിഡി, യുവതാരം ആന്റിച്ച് നോർജെ എന്നിവരടങ്ങുന്ന പേസ് നിര വിനാശകാരികളാണ്. സ്പിൻ ഡിപ്പാർട്ട്മെന്റിൽ സാക്ഷാൽ ഇമ്രാൻ താഹിറും, ജെ.പി ഡുമിനിയും, തബ്രീസ് ഷംസിയും. ഓൾറൗണ്ടർമാരായി ഡ്വെയ്ൻ പ്രിട്ടോറിയസും ഫെലുക്വായോയും എത്തുന്നതോടെ ടീം സജ്ജമാണ്.

കാലിടറുമോ ?


വലിയ ടൂർണ്ണമെന്റുകളുടെ സമ്മർദ്ധം താങ്ങാനാവാതെ വീണുപോകുന്നു എന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്രശ്നം. പ്രതീക്ഷകളുടെ ഭാരം താങ്ങാനാവുന്നില്ലെന്ന് മുൻ വർഷങ്ങളിൽ കളിക്കാർ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇത്തവണ അത്തരം പ്രശ്നങ്ങളില്ലെന്നാണ് ടീം വ്യക്തമാക്കുന്നത്.

പ്രതീക്ഷകളുടെ ഭാരമില്ലാത്തത് മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്ന് ടീം മാനേജ്മെന്റ് വിലയിരുത്തുന്നു. താരങ്ങൾ മികച്ച ഫോമിലുമാണ്. ഭാഗ്യം കൂടി തുണച്ചാൽ ഇത്തവണ ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്കെത്തുമെന്നാണ് ടീം ഉറച്ച് വിശ്വസിക്കുന്നത്. ടീമിന്റെ ഈ ആത്മവിശ്വാസത്തിലാണ് ആരാധകരുടെയും പ്രതീക്ഷ.

MORE IN SPORTS
SHOW MORE