വിരമിച്ചിട്ടും വിശ്രമമില്ലാതെ രാജു പോൾ; ‘കോതമംഗലം കാലം’ കടന്ന് ജിവി രാജയില്‍

raju-paul-1
SHARE

കായിക മേളകളിൽ കോതമംഗലം സെൻറ് ജോർജ് സ്കൂളിന്റെ വിജയക്കുതിപ്പിന് കരുത്തേകിയ പരിശീലകൻ രാജു പോൾ പടിയിറങ്ങുന്നു. മുപ്പത്തിനാലു വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച രാജുപോളിന് ശിഷ്യഗണങ്ങൾ കോതമംഗലത്ത് യാത്രയയപ്പ് ഒരുക്കി. വിരമിച്ചെങ്കിലും ജിവി രാജ സ്കൂളിന്‍റെ പരിശീലക വേഷത്തിൽ, കായികരംഗത്ത് ഇനിയും രാജു പോളുണ്ടാകും.

1984 നവംബറിലാണ് കായികാധ്യാപകനായി രാജു പോൾ ഇടുക്കി ജില്ലയിലെ പാറത്തോട് എത്തുന്നത്. അധ്യാപകനായുള്ള അദ്ദേഹത്തിൻറെ ആദ്യ പോസ്റ്റിങ് ആയിരുന്നു അത്. പാറത്തോട് ജോലി തുടങ്ങിയ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഒരു അഞ്ചാം ക്ലാസുകാരി രാജുപോളിൻറെ ശ്രദ്ധ പിടിച്ചു പറ്റി. നല്ല ഓട്ടക്കാരിയായ ആ കുട്ടിയുടെ കഴിവുകൾ തേച്ചു മിനുക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. കേരളത്തിൻറെ മാത്രമല്ല, ഇന്ത്യയുടെ തന്നെ കായിക ചരിത്രത്തിലെ തന്നെ ഒരു നിർണാകയ നിമിഷമായിരുന്നു അത്. കെ.എം.ബീനാമോളെന്ന ആ അഞ്ചാം ക്ലാസുകാരി വർഷങ്ങൾക്കിപ്പുറം ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും അടക്കം പല രാജ്യാന്തര വേദികളിലും ഇന്ത്യയുടെ മൂവർണക്കൊടി പാറിച്ചു. ഒളിംപിക്സിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് മലയാളിയുടെ അഭിമാനമായി.

രാജുപോളിനെ സംബന്ധിച്ച് അതൊതരു തുടക്കമായിരുന്നു. പിന്നെയും രണ്ട് ഒളിംപ്യൻമാരെ കൂടി അദ്ദേഹം കേരളത്തിലെ സ്കൂൾ മുറ്റങ്ങളിൽ നിന്ന് കണ്ടെടുത്തു. സിനി ജോസും അനിൽഡ തോമസും. ബീനാമോളും, സിനിയും, അനിൽഡയും ബിനീഷ് ബാലനും തുടങ്ങി വിസ്മയ വരെ നീളുന്നു രാജുപോളിൻറെ ശിഷ്യസന്പത്ത്. രാജ്യാന്തര വേദികളിൽ ഈ താരങ്ങൾ മെഡലുകൾ ഓടിയെടുക്കുന്പോൾ അഭിമാനം വാനോളമുയരുന്നത് രാജു പോളിൻറെ കൂടിയാണ്.

2001ലാണ് രാജു പോൾ കോതമംഗലം സെൻറ് ജോർജ് സ്കൂളിലെ കായികാധ്യാപകനാകുന്നത്. രാജുപോളിൻറെയും സെൻറ് ജോർജിൻറെയും തലവര തിരുത്തിയ വരവായിരുന്നു അത്. 2002ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ കോരുത്തോടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി സെൻറ് ജോർജ് വരവറിയിച്ചു. 2003ലും രണ്ടാം സ്ഥാനം. പക്ഷേ 2004ൽ കഥമാറി. സ്കൂൾ കായികമേളയിലെ കോരുത്തോടിന്‍റെ കുത്തക തകർത്തെറിഞ്ഞ് സെൻറ് ജോർജ് ചരിത്രത്തിലാദ്യമായി ചാംപ്യൻ പട്ടം നേടി. അതൊരു യാത്രയുടെ തുടക്കമായിരുന്നു. കഴിഞ്ഞ പതിനഞ്ച് കൊല്ലത്തിനിടെ പത്തു തവണയും രാജുപോളിൻറെ കുട്ടികൾ സംസ്ഥാന സ്കൂൾ കായികമേളയുടെ കിരീടം കോതമംഗലത്തേക്കെത്തിച്ചു. 2017ൽ ആറാം സ്ഥാനത്തേക്ക് പോയപ്പോൾ രാജുപോളിൻറെ കാലം കഴിഞ്ഞുവെന്ന് വിമർശകർ പറഞ്ഞു. പക്ഷേ അവരുടെയെല്ലാം വായടപ്പിച്ച് കഴിഞ്ഞ കായികമേളയിൽ പത്താം കിരീടം കോതമംഗലത്തെ കുട്ടികൾ രാജുപോളിന് നേടിക്കൊടുത്തു. 

സ്കൂൾ കായികമേളകളിൽ രാജുപോളിന്‍റെ കുട്ടികളെ മൈതാനത്ത് എവിടെ നിന്നും തിരിച്ചറിയാം. ആൺകുട്ടികളുടെയെല്ലാം തല മൊട്ടയടിച്ചിട്ടേ രാജുപോൾ കായികമേളകൾക്ക് അവരെ ട്രാക്കിലിറങ്ങാൻ സമ്മതിച്ചിട്ടുള്ളൂ. എന്തായാലും ആ മൊട്ടക്കൂട്ടം രാജുപോളിനെ നിരാശരാക്കിയിട്ടില്ല. മൈതാനത്തിന്‍റെ ഏതു കോണിൽ നിന്ന് രാജു പോളിന്‍റെ വിസിൽ മുഴങ്ങിയാലും കുട്ടികൾ ഓടിയെത്തുന്നത് സ്കൂൾ മേളകളിലെ കാഴ്ചയാണ്. സ്കൂൾ കായിക മേളയെ കോതമംഗലം ഒളിംപിക്സെന്ന് വിമർശിച്ചപ്പോഴും രാജു പോൾ കുലുങ്ങിയില്ല. കുട്ടികളെ സമ്മർദത്തിലാക്കുന്നു എന്ന ആരോപണം നേരിട്ടപ്പോഴൊക്കെ കപ്പും കൊണ്ട് രാജു പോൾ തിരിച്ച് കയറിയത്. 

അധ്യാപന ജീവിതത്തിലെ രാജു പോളിന്‍റെ അവസാന പ്രവർത്തി ദിനത്തിൽ കെ.എം. ബീനാമോൾ മുതലുള്ള ശിഷ്യരെല്ലാം കോതമംഗലത്ത് ഒന്നു ചേർന്നിരുന്നു. പ്രിയ ഗുരുവിന് ആശംസകളർപ്പിക്കാനും. ഒപ്പം അവരുടെ സ്നേഹസമ്മാനം നൽകാനും.

അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചു. പക്ഷേ രാജു പോളെന്ന കായിക പരിശീലകന് വിരാമമില്ല. വിശ്രമ ജിവിതത്തിലേക്കല്ല കൂടുതൽ വലിയ മൽസരക്കളങ്ങളിലേക്കാണ് ഇനി അദ്ദേഹത്തിൻറെ യാത്ര. തിരുവനന്തപുരം ജിവി രാജ സ്കൂളിൻറെ പരിശീലകനായി ചുമതലയേൽക്കുകയാണ് ഇനി രാജു പോൾ. ഒപ്പം കോതമംഗലത്ത് നിന്നുള്ള 15 കുട്ടികളും രാജു പോളിനൊപ്പം തിരുവനന്തപുരത്തേക്ക് വണ്ടി കയറും. കായികമേളകളുടെ ആവേശാരവങ്ങളിൽ ഇനിയും രാജു പോൾ ഉണ്ടാകും.

MORE IN SPORTS
SHOW MORE