‘ഞാനൊരു പെണ്ണുതന്നെ, വിശ്വസിക്കൂ..’; ട്രാക്കില്‍ സെമന്യയുടെ കണ്ണുനീര്‍ത്തുള്ളി: അപമാനഭാരം

caster-semenya
SHARE

‘ഞാനൊരു പെണ്ണുതന്നെ, എന്നെ വിശ്വസിക്കൂ.

ഞാന്‍ മൂത്രമൊഴിക്കുന്നത് പെണ്ണിനെപ്പോലെ."..’

അപമാനവും നാണക്കേടും സഹിച്ച് കായിക മേഖലയിലെ എത്രയോ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ പറയേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ശാന്തി സൗന്ദര്‍രാജിനെ ഓര്‍മയില്ലേ. ഏഷ്യന്‍ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യതമിഴ്നാട്ടുകാരി. ലിംഗവിവാദത്തിന്റെ പേരില്‍ ആ മെഡല്‍ തിരികെ നല്‍കേണ്ടിവന്ന പെണ്ണ്. തിരിച്ചെടുത്ത ആ മെഡലിനായി ഇന്നും വാതിലുകള്‍ മുട്ടുന്നുണ്ട് ശാന്തി...

ദ്യുതി ചന്ദ്

2009ല്‍ കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ കായികോല്‍സവം മുതലുള്ള പരിചയമുണ്ട്  വനിതാ സ്പ്രിന്‍റര്‍ ദ്യുതി ചന്ദുമായി. ഒളിംപിക് ട്രാക്ക് വരെ ഓടിക്കയറിയ ആ പണ്ണിനും പറയേണ്ടിവന്നിട്ടുണ്ട് പലവട്ടം "ഞാനൊരുപെണ്ണുതന്നെ" എന്ന്.

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ജേതാവായശേഷം ലിംഗവിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങള്‍ക്കുമുന്നില്‍ ആ പെണ്ണ് പൊട്ടിക്കരഞ്ഞു. ഞാന്‍ പെണ്ണുതന്നെ. ആവര്‍ത്തിക്കേണ്ടിവന്നു ദ്യുതിയ്ക്ക്.

ദ്യുതി ഒരിക്കല്‍ പറഞ്ഞു. ആണോ പെണ്ണോ എന്നറിയാന്‍ സ്പോട്സ് അതോരിറ്റി ഓഫ് ഇന്ത്യ ബെംഗലൂരുവിലേയ്ക്ക് വിളിപ്പ് പരിശോധിച്ച് അപമാനിച്ച കഥ. 

ശരീരത്തിലെ രോമങ്ങളെക്കുറിച്ച്, മാസമുറയെക്കുറിച്ച്, ശസ്ത്രക്രിയയുടെ ചരിത്രത്തെക്കുറിച്ച്, 'വിനോദങ്ങളെക്കുറിച്ച്' ചോദിച്ചത്. ജനനേന്ദ്രിയത്തില്‍ വിശദമായ പരിശോധന നടത്തിയതിനെക്കുറിച്ചും.

പറഞ്ഞുവരുന്നത് കാസ്റ്റര്‍ സെമന്യയെക്കുറിച്ചാണ്. ദക്ഷിണാഫ്രിക്കന്‍ മധ്യദൂര ഓട്ടക്കാരി കാസ്റ്റര്‍ സെമന്യയെക്കുറിച്ച്.

കാസ്റ്റര്‍ സെമന്യ

ദോഹ ഡയമണ്ട് ലീഗില്‍ 800 മീറ്ററില്‍ മീറ്റ് റെക്കോഡോടെയാണ് സെമന്യ ഒന്നാമതായത്. ഇന്നലെ രാത്രി. രണ്ടുവട്ടം ഒളിംപിക് ജേതാവും മൂന്നുവട്ടം ലോക ചാമ്പ്യന്‍ഷിപ്പും നേടിയ ആ കറുത്തപെണ്ണ് ഇനി ട്രാക്കില്‍ ഉണ്ടാകുമോ എന്നുപോലും അറിയില്ല. ഒരു പക്ഷേ സെമന്യ ഇന്നലെ പങ്കെടുത്തത് അവസാനമല്‍സരവുമായേക്കാം. വര്‍ഷങ്ങളായി ആണോ, പെണ്ണോ എന്ന ചോദ്യത്തെ സെമന്യ അഭിമുഖികരിക്കുന്നു. സമാനതകളില്ലാത്ത അപമാനം.

സെമന്യ വളര്‍ന്നതും വളര്‍ത്തപ്പട്ടതും പെണ്ണായിതന്നെയാണ്. വില്ലനായിരിക്കുന്നത് ശരീരത്തില്‍ സ്വഭാവികമായുണ്ടാകുന്ന ടെസ്റ്റോസ്റ്റിറോണ്‍ എന്നഹര്‍മോണ്‍ ആണ്. ഇക്കാരണത്താല്‍ സെമന്യയെ രാജ്യാന്തര കായിക കോടതി വിലക്കി. ഇതിനെതിരെ സെമന്യ നല്‍കിയ അപ്പില്‍ തള്ളി. കാസ്റ്റര്‍ സെമന്യ ആരാണ് എന്ന ചോദ്യത്തിന് അവര്‍ ഒരു സ്ത്രീയെന്ന ഉത്തരം നല്‍കുന്നുണ്ട് എല്ലാവരും. അവര്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ അല്ലെന്നും. 

പക്ഷേ.

ആ പക്ഷേയാണ് പ്രശ്നം. 

സെമന്യയ്ക്കൊപ്പം പ്രതിഷേധവും, എതിര്‍പ്പുമായി നിരവധി കായികതാരങ്ങളുണ്ട്

ഒരു രാജ്യം ഒന്നിച്ചുണ്ട്. എന്നിട്ടും.

ഡയമണ്ട് ലീഗിലെ വിജയത്തിന് ശേഷം സെമന്യ പൂച്ചെണ്ട് ആരാധകര്‍ക്ക് നേരെ നീട്ടിയെറിഞ്ഞു. പിന്നെ പറഞ്ഞു.

"ജീവിതം ലളിതമാണ്. പ്രവര്‍ത്തി വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുമെന്നും".

നീതി കൈവരിക്കാന്‍ സെമന്യക്കാകട്ടെ...

MORE IN SPORTS
SHOW MORE