ഒരു മാഞ്ചസ്റ്റര്‍ ദുരന്തഗാഥ; പിഴവുകളുടെ ഘോഷയാത്ര: എന്താണ് സംഭവിക്കുന്നത്

manchester-united
SHARE

ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാര്യത്തില്‍ പഴഞ്ചൊല്ലിനുമപ്പുറത്താണ് കാര്യങ്ങള്‍. ഒന്നിനു പിറകേ ഒന്നായി പിഴച്ചുകൊണ്ടേയിരിക്കുകയാണ്.

തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവിലാണ് മൗറീഞ്ഞോയ്ക്ക് പകരം മുന്‍ താരം ഒലേ ഗുണാര്‍ സോള്‍ഷേര്‍ യുണൈറ്റഡിന്റെ പരിശീലകനായെത്തുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളിലെ പ്രകടനം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുണൈറ്റഡ് ആരാധകരെ ആവേശത്തിലാറാടിക്കുന്നതായിരുന്നു. ആദ്യ പതിനൊന്ന് മത്സരങ്ങളില്‍ പത്തിലും ജയം. ഒരെണ്ണം സമനിലയില്‍. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ കരുത്തരായ പിഎസ്ജിയോട് സ്വന്തം മൈതാനത്ത് തോറ്റെങ്കിലും, രണ്ടാം പാദത്തില്‍ അവിശ്വസനീയമായി തിരിച്ചടിച്ച് ക്വാര്‍ട്ടറിലെത്തി. 

എന്നാല്‍ പിന്നീടങ്ങോട്ട് തോല്‍വികളുടെ പെരുമഴയായിരുന്നു. പിഎസ്ജിക്കെതിരായ വിജയത്തിന് ശേം കളിച്ച് ഒമ്പത് കളികളില്‍ ഏഴിലും തോറ്റു. ബാഴ്‌സലോണയോട് പരാജയപ്പെട്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും, വോള്‍വ്‌സിനോട് കീഴടങ്ങി എഫ് എ കപ്പില്‍ നിന്നും പുറത്തായി. മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കേ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡിന്റെ സ്ഥാനം. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താനായില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനാവില്ല. നിലവിലെ ഫോം വച്ച് നോക്കിയാല്‍ യുണൈറ്റഡിനെ സംബന്ധിച്ച് അത്ര പന്തിയല്ല കാര്യങ്ങള്‍.

വില്ലനാകുന്നത് മോശം ഫോം 

മുന്നില്‍ നിന്ന് നയിക്കേണ്ട സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് യുണൈറ്റഡിന്റെ പ്രധാന തലവേദന. ഇതില്‍ എടുത്ത് പറയേണ്ടത് ഫ്രഞ്ച് താരം പോള്‍ പോഗ്ബയുടെ പിഴവുകളാണ്. യുണൈറ്റഡിന്റെ പ്ലേമേക്കര്‍ സ്ഥാനം അലങ്കരിക്കുന്ന പോഗ്ബ കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി മൈതാനത്ത് ദുരന്തമാണ്. മുന്‍ നിരയിലാണെങ്കില്‍ റാഷ്‌ഫോഡക്കമുള്ളവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ നേടാനായത് വെറും ഒരു ഗോള്‍ മാത്രം. വഴങ്ങിയതാകട്ടെ പതിനൊന്നും. ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ട പോലെയാണ് യുണൈറ്റഡിന്റെ ഗോള്‍പോസ്റ്റ്. പ്രതിരോധനിരയും സൂപ്പര്‍ ഗോളി ഡി ഗിയയും പലപ്പോഴും കാഴ്ച്ചക്കാര്‍ മാത്രമാണ്,

POGBA-1

ഒലേ മാജിക്ക്

താത്ക്കാലിക മാനേജറായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യമത്സരങ്ങളിലെ മികച്ച പ്രകടനത്തെക്കുറിച്ച് ആരാധകര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഒലേ മാജിക്ക്. എന്നാല്‍ സോള്‍ഷേറുടെ തന്ത്രങ്ങള്‍ക്ക് വേണ്ടത്ര മൂര്‍ച്ചയില്ലെന്നാണ് അവസാന മത്സരങ്ങള്‍ തെളിയിക്കുന്നത്. ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ശക്തരായ എതിരാളികളോട് യുദ്ധം ചെയ്യാനുള്ള ആയുധങ്ങള്‍ സോള്‍ഷേറുടെ ആവനാഴിയില്‍ ഇല്ലെന്നാണ് മറ്റൊരു വിമര്‍ശനം. യുണൈറ്റഡിനെ നയിക്കാനുള്ള ശേഷി സോള്‍ഷേര്‍ക്കില്ലെന്ന് പോഗ്ബയടക്കമുള്ള താരങ്ങള്‍ വിശ്വസിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ച് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തുറപ്പിക്കാന്‍ യുണൈറ്റഡിന് സാധിച്ചില്ലെങ്കില്‍ ഒരുപക്ഷെ, മൗറീഞ്ഞോയുടെ ഗതി തന്നെയായിരിക്കും സോള്‍ഷേറിനും.

ട്രാന്‍സ്ഫര്‍ വിപണി 

കഴിഞ്ഞ ഏതാനും സീസണുകളായി ട്രാന്‍സ്ഫര്‍ വിപണിയില്‍ കാര്യമായ ഇടപെടലൊന്നും നടത്താന്‍ യുണൈറ്റഡ് തയ്യാറായിട്ടില്ല. ഇക്കുറി അതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും മികച്ച് താരങ്ങളെ എത്തിച്ച് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. നിലവിലെ പല താരങ്ങളും അടുത്ത തവണ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. അതില്‍ പ്രധാനി പോഗ്ബ തന്നെ. പോഗ്ബ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പകരം റയലില്‍ നിന്നും ഗ്യാരത് ബെയ്ല്‍ എത്തിയേക്കും എന്നും വാര്‍ത്തകളുണ്ട്. 

united

പാരമ്പര്യത്തിന്റെയും, ആരാധകവൃന്ദത്തിന്റെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ നിലവിലെ അവസ്ഥയില്‍ ഏറെ ദുഃഖിതരാണ് യുണൈറ്റഡ് ആരാധകര്‍്. വരും സീസണുകളില്‍ മികച്ച താരങ്ങളുമായെത്തി പ്രതാപം വീണ്ടെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണവര്‍.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.