ബെയർസ്റ്റോ വാർണർ വെടിക്കെട്ട്; കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

warner-bairstow-1
SHARE

ബെയർസ്റ്റോയുടേയും ഡേവിഡ് വാർണർണറുടേയും തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈ‌‌സേഴ്സ് ഹൈദരാബാദിന് ഒൻപത് വിക്കറ്റിന്റെ ആവേശ ജയം. 30 പന്ത് ബാക്കി നിൽക്കെയായിരുന്നു ജയം. കൊൽക്കത്തയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.  160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിനുവേണ്ടി ഒന്നാം വിക്കറ്റിൽ വാർണറും ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 131 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യത്തെ പൊളിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചത്. അപ്പോഴേക്കും മൽസരം കൈവിട്ടു പോയിരുന്നു. 

38 പന്തിൽ 67 റൺസുമായി വാർണറും 43 പന്തിൽ പുറത്താകാതെ 81 റൺസുമായി ബെയർസ്റ്റോയും കളം നിറഞ്ഞു. നാലു സിക്സും ഏഴ് ഫോറും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. വില്യംസൺ പുറത്താകാതെ എട്ട് റൺസ് നേടി. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി. കൊൽക്കത്തയ്ക്കായി ഏക വിക്കറ്റ് നേടിയത് പൃഥിരാജ് ആണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. എട്ടു പന്തിൽ 25 റൺസ് നേടിയ നരേൻ ഹൈദരബാദ് ബോളർമാരെ തലങ്ങും വിലങ്ങും മർദിച്ചു. മൂന്നാം ഓവറിൽ നരേൻ പുറത്താകുമ്പോൾ കൊൽക്കത്തയുടെ സ്കോർ 42 റൺസ് ആയിരുന്നു. എന്നാൽ, തുടരെ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് മൽസരത്തിലേക്ക് തിരിച്ചുവന്നു.

അർധസെഞ്ചുറി നേടിയ ക്രിസ് ലിൻ (51) ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മുൻ മൽസരങ്ങളിലെ സൂപ്പർ താരം ആന്ദ്രെ റസ്സലിന് ഇന്നത്തെ മൽസരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 9 പന്തിൽ 15 റൺസ് നേടിയ റസലിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. ഗിൽ (3), റാണ (11), ദിനേശ് കാർത്തിക്ക് (6), റിങ്കു സിങ് (30), പിയൂഷ് ചൗള (4) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സ്കോർ. പൃഥി രാജ് (0), കരിയപ്പ (9) എന്നിവർ പുറത്താകാതെ നിന്നു.

ഹൈദരാബാദ് നിരയിൽ ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റ് വീഴ്ത്തി തിളങ്ങി. നാലോവറിൽ 33 റൺസ് വിട്ടു നൽകിയാണ് ഖലീൽ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.

MORE IN SPORTS
SHOW MORE