തോല്‍വിയില്‍ ആറാടി കോഹ്‌ലിപ്പട; എന്താണ് ടീമിന്റെ പ്രശ്നം ?

royal-challangers
SHARE

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്തൊരു തോല്‍വിയാടോ? ഇതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുന്നത്. കളിച്ച ആറില്‍ ആറിലും തോറ്റ ടീമിനെക്കുറിച്ച് മറ്റെന്ത് പറയാന്‍. ടീം ഇന്ത്യയ്ക്ക് ടെസ്റ്റിലും ഏകദിനത്തിലും വന്‍ജയങ്ങള്‍ ഒരുക്കിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ടീമായിട്ടും ഈ ഐപിഎല്‍ സീസണില്‍ ഗതിപിടിച്ചില്ല. ചോരുന്ന കൈകളും ബോളിങ്ങിലെ നിലവാരമില്ലായ്മയും റോയല്‍ചലഞ്ചേഴ്സ് തുടര്‍തോല്‍വികളുടെ പരമ്പര സമ്മാനിച്ചിരിക്കുകയാണ്.

എന്താണ് ടീമിന്റെ പ്രശ്നം

ക്യാച്ചിലൂെട പുറത്താക്കാന്‍ ലഭിച്ച 19 അവസരത്തില്‍ 14ഉം കൈവിട്ട റോയല്‍ ചലഞ്ചേഴ്സ് ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അവസരം കൈവിട്ട ടീമെന്ന കുപ്രസിദ്ധിയും നേടി. ട്വന്റി 20മല്‍സരങ്ങളില്‍ അര്‍ധാവസരം കൈക്കലാക്കുന്നവനാണ് ജയിക്കുക. ഗ്രൗണ്ട് ഫീല്‍ഡിങ്ങിലും പിഴവുകളുടെ പരമ്പര തീര്‍ത്തു ചലഞ്ചേഴ്സ്, ആറുമല്‍സരങ്ങളില്‍ 17മിസ് ഫീല്‍ഡായി. പിന്നാലെ ഓവര്‍ത്രോയുടെ പൂരവും തീര്‍ത്തു. ബോളര്‍മാരും നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. 9വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹല്‍ മാത്രമാണ് ചലഞ്ചേഴ്സ് നിരയില്‍ മികവുകാട്ടിയ ഏകബോളര്‍. ടീം ആറു നോബോളുകള്‍ എറിഞ്ഞ്, അതിലും മറ്റ് ടീമുകളെ പിന്നിലാക്കിയെന്ന ദുഷ്പേരും സമ്പാദിച്ചു. നോബോളിന് ഫ്രീ ഹിറ്റ് ഉള്ളതിനാല്‍ ഈ ആറു നോബോളുകള്‍ ടീമിന് വലിയ വിലകൊടുക്കേണ്ടിവന്നു. ക്യാപ്റ്റനും ബാറ്റ്സ്ന്മാരും മാത്രം കളിച്ചാല്‍ മല്‍സരം ജയിക്കില്ലെന്ന് ടീം ഇനിയെങ്കിലും മനസിലാക്കിയില്ലെങ്കില്‍ മുന്നോട്ടുള്ള ഗതി ദുരന്തമായിരിക്കും. 

പ്ലേ ഓഫ് കളിക്കുമോ?

ഒരു ടീം എട്ടു ജയം നേടിയാല്‍ പ്ലേ ഓഫ് കളിക്കുമെന്ന് ഉറപ്പാക്കാം. അതായായത് ചലഞ്ചേഴ്സിന് ഇനിയുള്ള കളികളെല്ലാം ജയിക്കണം. മുന്‍കാല റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ചലഞ്ചേഴ്സിനെ പൂര്‍ണമായും തള്ളാനാവില്ല. 2013ല്‍ ആറു തുടര്‍തോല്‍വികള്‍ നേരിട്ട ഡല്‍ഹി ടീം ഒന്‍പതാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു. 2012ല്‍ അഞ്ചു തുടര്‍തോല്‍വികള്‍ ഏറ്റ ഡെക്കാന്‍ ചാര്‍ജേഴ്സ്( ഇപ്പോഴത്തെ സണ്‍റൈസേഴ്സ്) എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഇതിനെല്ലാം അപവാദമായി. 2014ല്‍ അഞ്ച് തുടര്‍തോല്‍വി നേരിട്ട ടീം നാലാംസ്ഥാനത്തും 2015ല്‍ നാല് തോല്‍വികള്‍ നേരിട്ട ടീം നാലാംസ്ഥാനത്തും ഫിനിഷ് ചെയ്തു. ഇനിയുള്ള മല്‍സരങ്ങളില്‍ ജയിച്ചാല്‍ ചലഞ്ചേഴ്സിന് ചീത്തപ്പേര് മാറ്റിയെടുക്കാം. 

MORE IN SPORTS
SHOW MORE