കോഹ്‍ലി രോഹിത് ആവേശപ്പോരിൽ ജയം മുംബൈക്ക്; വിവാദം

rohit-bumra
SHARE

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ വിരാട് കോഹ്‍ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് റൺസിന് തകർത്ത് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ്. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഡിവില്ലിയേഴ്സ് 70 റൺസുമായി പുറത്താവാതെ നിന്നു. കോഹ്‌ലി 46 റൺസെടുത്ത് പുറത്തായി. റോയൽ ചാലഞ്ചേഴ്സ് നിരയിൽ മറ്റ് ബാറ്റ്സ്മാൻ മാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ലസിത് മലിങ്കയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നോബോളായിരുന്നത് അംപയറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതും വിവാദമായി. അംപയറുടെ അശ്രദ്ധയ്ക്കെതിരെ നായകന്‍ കോഹ്‌ലി പൊട്ടിത്തെറിച്ചു.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീണെങ്കിലും കോഹ്‌ലിയും ഡി വില്ലിയേഴ്സും ആര്‍സിബിയെ രക്ഷിക്കാന്‍ പരമാവധിശ്രമിച്ചു. 46 റണ്‍െസടുത്ത കോഹ്‌ലി ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായി. അവസാന പന്തില്‍ 7 ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. എന്നാല്‍ മലിങ്ക എറിഞ്ഞ പന്ത് നോബോള്‍ ആയിരുന്നെങ്കിലും അംപയര്‍ ശ്രദ്ധിച്ചില്ല. അതോടെ ജയം മുംബൈയ്ക്ക്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 33 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

മുംബൈയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ – ക്വിൻണ്‍ ‍ഡികോക്ക് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 6.3 ഓവറിൽ 54 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഡികോക്ക് 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 23 റൺസെടുത്തു. സൂര്യകുമാർ യാദവ് (24 പന്തിൽ 38), യുവരാജ് സിങ് (12 പന്തിൽ 23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് 14 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 32 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് മുംബൈയെ 180 കടത്തിയത്. കീറൻ പൊള്ളാർഡ് (ആറു പന്തിൽ അഞ്ച്), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ (അഞ്ചു പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി.

മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൺ ഡികോക്കും. യുസ്‌വേന്ദ്ര ചാഹലിനെതിരായ ഹാട്രിക് സിക്സ് ഉൾപ്പെടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടു ബാറ്റിങ്ങുമായി യുവരാജ് സിങ്, ഫോമിലേക്കു മടങ്ങുന്നതിന്റെ സൂചനകൾ സമ്മാനിച്ച് സൂര്യകുമാർ യാദവ്, എല്ലാറ്റിനുമൊടുവിൽ ബാറ്റിങ് വെടിക്കെട്ടുമായി വിസ്മയം തീർത്ത് ഹാർദിക് പാണ്ഡ്യയും. ഇത്രയുമായിരുന്നു മുംബൈ ഇന്നിങ്സ്.

ഓപ്പണിങ് വിക്കറ്റിൽ 39 പന്തിൽ 54 റൺസാണ് രോഹിത്–ഡികോക്ക് സഖ്യം ചേർത്തത്. സ്കോർ 54ൽ ‍നിൽക്കെ ചാഹലിന്റെ പന്തിൽ കുറ്റിതെറിച്ച് പുറത്താകുമ്പോൾ 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 23 റൺസായിരുന്നു സമ്പാദ്യം. സ്കോർ 87ൽ നിൽക്കെ അർധസെഞ്ചുറിക്ക് തൊട്ടരികെ രോഹിത് ശർമയും വീണു. 33 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത രോഹിത്തിനെ ഉമേഷ് യാദവിന്റെ പന്തിൽ മുഹമ്മദ് സിറാജാണ് ക്യാച്ചെടുത്തു മടക്കിയത്.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ യാദവ് – യുവരാജ് സഖ്യം നിലയുറപ്പിക്കാൻ കുറച്ചു സമയമെടുത്തെങ്കിലും പിന്നീട് തകർത്തടിച്ചു. യുസ്‌വേന്ദ്ര ചാഹലിന്റെ ഒരു ഓവറിലെ ആദ്യ മൂന്നു പന്തും സിക്സറിനു പറത്തിയ യുവരാജ് ചിന്നസ്വാമിയിലെ ബാംഗ്ലൂർ ആരാധരെ ആവേശത്തിലാഴ്ത്തി. എന്നാൽ നാലാം സിക്സിനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനു സമീപം മുഹമ്മദ് സിറാജിന്റെ ഉജ്വല ക്യാച്ചിൽ പുറത്തായി. 12 പന്തിൽ മൂന്നു സിക്സ് സഹിതം സമ്പാദ്യം 23 റൺസ്.

സ്കോറുയർത്താനുള്ള ശ്രമത്തിൽ സൂര്യകുമാർ‌ യാദവും പുറത്തായി. ചാഹലിന്റെ പന്തിൽ മോയിൻ അലിക്കു ക്യാച്ച് സമ്മാനിച്ചു മടങ്ങുമ്പോൾ 24 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസായിരുന്നു സമ്പാദ്യം. കീറൻ പൊള്ളാർഡ് (ആറു പന്തിൽ അഞ്ച്), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ ( അഞ്ചു പന്തിൽ ആറ്) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങിയത് മുംബൈയുടെ സ്കോറിങ്ങിനെ ബാധിച്ചു. എന്നാൽ, അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ മുംബൈയെ 180 കടത്തി. 14 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 32 റൺസുമായി പാണ്ഡ്യ പുറത്താകാതെ നിന്നു.

MORE IN Sports
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.