അഷ്റഫിന്റെ മോഹം പൂവണിഞ്ഞു; ഓസിലിനെ കണ്ടു, കെട്ടിപ്പിടിച്ചു

ozil-ashraf
SHARE

മലപ്പുറം: വൈലത്തൂരുകാരൻ മുഹമ്മദ് അഷ്റഫിന്റെ ജീവിത സ്വപ്നം പൂവണിഞ്ഞു. ജർമൻ ഫുട്ബോളർ മെസൂട്ട് ഓസിലിനോടുള്ള കടുത്ത ആരാധനമൂലം നാട്ടിൽ മാക് ഓസിൽ എന്നറിയപ്പെടുന്ന അഷ്റഫ് ഒടുവിൽ യഥാർഥ ഓസിലിനെ നേരിൽക്കണ്ടു

ഏറെനേരം സംസാരിച്ചു, കെട്ടിപ്പിടിച്ചു, ഫോട്ടോയെടുത്തു. ഓസിലിനെക്കൊണ്ട് മലയാളത്തിൽ സുഖമാണോ എന്നുവരെ ചോദിപ്പിച്ചു. തിങ്കളാഴ്ച ദുബായിൽവച്ചായിരുന്നു വൈലത്തൂരിന്റെ ഓസിലും ജർമനിയുടെ ശരിക്കും ഓസിലും തമ്മിലുള്ള കൂടിക്കാഴ്ച. 

ദുബായിൽ സൗഹൃദ മത്സരത്തിന് ആർസനൽ ടീമിനൊപ്പം എത്തിയതായിരുന്നു മെസൂട്ട് ഓസിൽ. സുഹൃത്തും കാസർ‌കോട് ചെറുവത്തൂർ സ്വദേശിയുമായ മൻസൂർ മുഹമ്മദലിക്കൊപ്പം ടീം താമസിക്കുന്ന ഹോട്ടലിലെത്തിയാണ് അഷ്റഫ് ഓസിലിനെ കണ്ടത്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിപറഞ്ഞ ഓസിൽ ഇരുവരുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു

മകന് ഓസിൽ എന്നു പേരിട്ട വിവരം മൻസൂർ അറിയിച്ചതോടെ അദ്ഭുതമായി. അഷ്റഫിന്റെ ഓസിൽ ആരാധനയുടെ കഥകൾ കേട്ട് അമ്പരന്നു. കയ്യൊപ്പിട്ട ജഴ്സികൾ സമ്മാനിച്ചാണ് താരം ഇരുവരെയും യാത്രയാക്കിയത്.

അഷ്റഫിനും മൻസൂറിനുമൊപ്പം നിന്ന് ആരാധകരോട് ‘സുഖമാണോ’ എന്നു ചോദിക്കുന്ന ഓസിലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.ഫുജൈറയിലെ കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന അഷ്റഫ് ഓസിലിനെ കാണുന്നതിനായി 3 ദിവസമാണ് ജോലിയിൽനിന്ന് അവധിയെടുത്ത് കാത്തിരുന്നത്. മെസൂട്ട് ഓസിലിന്റെ സുഹൃത്തും ജർമൻ സ്വദേശിയുമായ റംസാനുമായുള്ള ഇൻസ്റ്റഗ്രാം സൗഹൃദമാണ് പ്രിയതാരത്തെ നേരിൽക്കാണാൻ അഷ്റഫിന് അവസരമൊരുക്കിയത്.

ടീം മാനേജർ അറിയിച്ചതനുസരിച്ച് ഓസിലിനെ കാണാൻ ശനിയാഴ്ച ഉച്ചയ്ക്കുതന്നെ അഷ്റഫ് ടീം ഹോട്ടലിലെത്തിയിരുന്നു. പാതിരാത്രി വരെ കാത്തിരുന്നെങ്കിലും കാണാനായില്ല. തുടർന്നാണു തിങ്കളാഴ്ച വീണ്ടും ശ്രമം നടത്തിയത്

ചൊവ്വാഴ്ച അൽ മക്തോം സ്റ്റേഡിയത്തിലുമെത്തിയ അഷ്റഫിന് മെസൂട്ട് ഓസിലിന്റെ കളി ആദ്യമായി നേരിൽക്കാണാനുമായി. സ്വപ്നതുല്യമായ കൂടിക്കാഴ്ചയ്ക്കുശേഷം അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ:

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു. ഇത്രയും കാലം കൊണ്ടു നടന്ന ആ സ്നേഹം ഒരു കെട്ടിപ്പിടിത്തത്തിലൂടെ ഞാൻ കൈമാറി’

ജർമനിയോടും ഓസിലിനോടുമുള്ള ആരാധനമൂത്ത് മുൻപ് വിവാഹ മണിയറ ജർമൻ പതാകയുടെ നിറത്തിൽ അലങ്കരിച്ച ആളാണ് അഷ്റഫ്. ‘ഓസിലും പിള്ളേരും’ എന്ന വൈലത്തൂരിലെ ആരാധനക്കൂട്ടായ്മയിലും അംഗമാണ് മുഹമ്മദ് അഷ്റഫ് അഥവാ മാക് ഓസിൽ.

MORE IN SPORTS
SHOW MORE