ഫ്രിജിൽ അശ്വിന്റെ അടിവസ്ത്രങ്ങൾ; കടുത്ത സമ്മർദ്ദത്തിനടിമ; മങ്കാദിങ്ങിൽ ഗംഭീറിന്റെ വെളിപ്പെടുത്തൽ

gambir-mankad
SHARE

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലറിനെ പഞ്ചാബ് നായകൻ രവിചന്ദ്രൻ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. അശ്വിനെ എതിർത്തും അനുകൂലിച്ചും നിരവധി താരങ്ങൾ ‘ക്രീസിലിറങ്ങി’. 

ഇതിനിടെ മുൻ ഇന്ത്യൻ താരം ഗൗതംഗംഭീറിന്റെ വെളിപ്പെടുത്തൽ ശ്രദ്ധിക്കപ്പെടുന്നു. 2000 ൽ നടന്ന ഒരു സംഭവം ഓർത്തെടുത്താണ് ഗംഭീർ മങ്കാദിങ്ങ് വിവാദത്തോടു പ്രതികരിച്ചത്. 

2000 ൽ ഇന്ത്യ എ ടീമിനായി കളിക്കുന്ന അവസരം. ഹോട്ടലിൽ താനും അശ്വിനും ഒരുമിച്ചായിരുന്നു താമസം. ഒരു ദിവസം പരിശീലനം പൂർത്തിയാക്കി താൻ മുറിയിൽ തിരിച്ചെത്തി. വെള്ളം കുടിക്കാനായി മിനി റഫ്രിജേറ്റർ തുറന്നപ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. 

മുകളിലെ തട്ടിൽ മൂന്നു ജോഡി അടിവസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നു. താനും അശ്വിനുമല്ലാതെ മറ്റാരും മുറിയിൽ വരില്ലെന്നു ഉറപ്പുണ്ട്. ഇക്കാര്യം ഉടൻ തന്നെ അശ്വിനോടു സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ മറുപടി വീണ്ടും ഞെട്ടിച്ചു. ആ അടിവസ്ത്രങ്ങളെല്ലാം തന്റേതു തന്നെയാണ്. വലിയ സമ്മർദ്ദമാണ് നേരിടുന്നത്. നിനക്ക് അതു പറഞ്ഞാൽ മനസിലാകില്ലെന്നും അന്ന് അശ്വിൻ തന്നോടു പറഞ്ഞു. 

കൂടുതൽ മെച്ചപ്പെട്ട കളി പുറത്തെടുക്കാനുള്ള സമ്മർദ്ദമായിരുന്നു ആ താരത്തെ പിടികൂടിയത്. വാർഡ്രോബിലെത്തേണ്ട തുണികൾ റഫ്രിജറേറ്ററിലെത്തിയത് അങ്ങനെയാണ്. 

കളി ജയിക്കാൻ ഏതുവിധേനയും ബട്‌ലറെ പുറത്താക്കണമെന്നായിരുന്നു അശ്വിന്റെ മനസിൽ. കടുത്ത സമ്മർദ്ദത്തിനൊടുവിലാകാം അത്തരമൊരു ‘കടുംകൈ’ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലോകകപ്പ് അടുത്തു വരുന്നു. തന്റേയും ടീമിന്റേയും പ്രകടനം ക്രിക്കറ്റ് ലോകം നിരീക്ഷിക്കുന്നുണ്ടെന്ന സമ്മർദ്ദം അദ്ദേഹത്തിനുണ്ട്. അശ്വിന്റെ രീതിയോടു താൻ യോജിക്കുന്നില്ല. എന്നാൽ ഒരു സംഭവത്തിന്റെ പേരിൽ മാത്രം അദ്ദേഹത്തെ വിലയിരുത്തരുതെന്നും ഗംഭീർ കൂട്ടിച്ചേർത്തു 

മൽസരത്തിനിടെ സംഭവിച്ചത്

രാജസ്ഥാൻ– പഞ്ചാബ് മത്സരത്തിലെ 13–ാം ഓവറിലെ അഞ്ചാം പന്തെറിയാനായി അശ്വിന്റെ റണ്ണപ്പ്. സ്വാഭാവിക ആക്‌ഷനിൽ അശ്വിൻ പന്തു റിലീസ് ചെയ്യേണ്ട സമയത്ത് ബട്‌ലറുടെ ബാറ്റ് ക്രീസിലുണ്ട്. എന്നാൽ ബോളിങ് ആക്​ഷൻ മെല്ലെയാക്കിയ അശ്വിൻ പന്തു റിലീസ് ചെയ്യാതെ മറുവശത്തെ ബെയ്‌ൽസ് ഇളക്കി. അശ്വിൻ സ്വാഭാവിക ആക്​ഷനിൽ ബോളിങ് പൂർത്തിയാക്കും എന്നു കരുതിയ ബട്‌ലർ ഇതിനോടകം ക്രീസ് വിട്ടിറങ്ങിയിരുന്നു. റണ്ണൗട്ടിനായി അശ്വിന്റെ അപ്പീൽ, ഫീൽഡ് അംപയർ തീരുമാനം തേഡ് അംപയറിനു വിട്ടു. ബിഗ് സ്ക്രീനിൽ തെളിഞ്ഞത് ഔട്ട് എന്ന തീരുമാനം.

MORE IN SPORTS
SHOW MORE