അശ്വിന്‍ ചെയ്തത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതോ? ബ‍ട്‌ലറെ പുറത്താക്കിയതില്‍ വിവാദം

ashwin-mankads-buttler
SHARE

എതിരാളിയെ പുറത്താക്കാന്‍ ഏതു കുതന്ത്രവും പ്രയോഗിക്കാമോ? ഭിന്നാഭിപ്രായം ഉയരുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു ബാറ്റ്സ്മാനെ പുറത്താക്കാന്‍ ലഭിക്കുന്ന അര്‍ധാവസരവും പ്രയോജനപ്പെടുത്തുന്ന ബോളിങ് ടീമാണ് മിടുക്കര്‍ എന്നാണ് ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. അപ്പോള്‍ പുറത്താക്കുന്നരീതിയെക്കുറിച്ച് ചര്‍ച്ച അനിവാര്യമോ? ചിലസാഹചര്യങ്ങളില്‍ വേണ്ടിവരും. അതും ജയം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ആകാംഷ നിറഞ്ഞ മല്‍സരങ്ങളില്‍.  രാജസ്ഥാന്‍ റോയല്‍സ്...കിങ്സ് ഇലവന്‍ മല്‍സരം അത്തരത്തിലൊന്നായിരുന്നു.  കിങ്സ് ഇലവന്‍ നല്‍കിയ 185റണ്‍സ് പിന്തുടരുമ്പോള്‍  രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്മാന്‍ ജോസ് ബട്്ലര്‍ 49 പന്തില്‍ 69റണ്‍സെടുത്ത് മിന്നും ഫോമില്‍ കുതിക്കുമ്പോഴാണ് ആര്‍. അശ്വിന്‍ ആ പാതകം ചെയ്തത്.

എന്താണ് അശ്വിന്‍ ചെയ്തത്

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ സഞ്ജു സാംസണും ജോസ് ബ‍ട്‌ലറും ക്രീസില്‍. പതിമൂന്നാം ഓവര്‍ എറിയാനെത്തിയത് അശ്വിന്‍. ആ ഓവറിലെ അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിന്‍ ബോളിങ് ആക്ഷന്‍ തുടങ്ങിയ ഉടനെ ജോസ് ബ‍ട്‌ലര്‍ ക്രിസില്‍ നിന്നിറങ്ങുന്നത് കണ്ടു അപ്പോള്‍ തന്നെ തിര‍ിഞ്ഞ് സ്റ്റംപ് തെറിപ്പിച്ച് ബ‍ട്‌ലറെ പുറത്താക്കുന്നു. മൂന്നാം അംപയറും പുറത്താക്കല്‍ ശരിവയ്ക്കുന്നു. അപ്പോള്‍ തന്നെ തുടങ്ങിയ ചര്‍ച്ചയില്‍ ക്രിക്കറ്റ് ലോകം തന്നെ രണ്ടായ നില്‍ക്കുകയാണ് ഇപ്പോള്‍. 

വാദങ്ങളും പ്രതിവാദങ്ങളും

അശ്വിന്‍ ചെയ്തത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന് ഷെയ്ന്‍ വോണ്‍, ൈമക്കല്‍ വോന്‍, ഒയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, തുടങ്ങിയ ക്രിക്കറ്റിലെ വന്‍താരങ്ങള്‍ വിലയിരുത്തുന്നു. അശ്വിന്‍ ശരിക്കും ബോള്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇതുകാണുമ്പോള്‍ തോന്നുന്നതെന്നും അങ്ങനെയെങ്കില്‍ അത് ഡെഡ്്ബോള്‍ അല്ലേയെന്നും വോണ്‍ ചോദിക്കുന്നു. ഇത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നും പറയുന്നു. അശ്വിന്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്ന് മൈക്കല്‍ വോന്‍ പറയുന്നു.

വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ഈ പ്രവര്‍ത്തി തെറ്റായ സന്ദേശം നല്‍കുമെന്ന് ഒയിന്‍ മോര്‍ഗന്‍ പറയുന്നു. ഈ കാഴ്ച ഞെട്ടിക്കുന്നത് എന്നാണ് ജേസണ്‍ റോയി പ്രതികരിച്ചത്. അശ്വിന്‍ ചെയ്തത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെങ്കില്‍ ബോളിങ് ആക്ഷന്‍ തീരും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ബ‍ട്‌ലര്‍ ചെയ്തതും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതാണോ എന്ന് മുന്‍ ഇന്ത്യന്‍താരം ദീപ് ദാസ് ഗുപ്ത ചോദിക്കുന്നു. ക്രീസ് വിട്ടത് തെറ്റായ നടപടിയെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍‌ ജോണ്‍സ് പറയുന്നു. ഒരു മുന്നറിയിപ്പ് നല്‍‌കിയിട്ട് പുറത്താക്കാമായിരുന്നു എന്നാണ് പ്രഗ്യാന്‍ ഓജയുടെ വാദം. എന്തായാലും ഐപിഎല്‍ വിവാദങ്ങളുടെ പതിവ് തെറ്റിച്ചില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.