‘തല’യുടെ കളി കാണാൻ ‘തലൈവരെത്തി’; ഗ്രൗണ്ടും ഗ്യാലറിയും ആർത്തിരമ്പി; വിഡിയോ

dhoni-rajanikanth-video
SHARE

ക്രിക്കറ്റിന്റെ ‘തല’യും തമിഴകത്തിന്റെ ‘തലൈവരും’ ഒരുമിച്ച് എത്തിയതോടെ ആരാധകർ നിറഞ്ഞ ആവേശത്തിലായി. ഐപിഎൽ ഉദ്ഘാടന മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുണയ്ക്കാനാണ് രജനികാന്ത് എത്തിയത്. താരം സ്റ്റേഡിയത്തിലെത്തിയതോടെ കളിക്കളത്തിലെ അതേ ആവേശം ഗ്യാലറിയിലും ഉണർന്നു. സെൽഫിയെടുക്കാനും തലൈവാ എന്ന് ആർപ്പുവിളിച്ചും ആരാധകർ സ്റ്റേഡിയം ഇളക്കിമറിച്ചു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ആദ്യ മൽസരത്തിൽ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സ്പിന്നർമാർക്കെതിരെ മോശം ഷോട്ടുകളിലൂടെ വിക്കറ്റുകൾ കളഞ്ഞുകുളിച്ച ബാംഗ്ലൂർ വെറും 70 റൺസിന് ഓൾഔട്ടായി. ചെന്നൈ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.പാർഥിവ് പട്ടേൽ മാത്രമാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കണ്ടത് (29). ചെന്നൈയ്ക്കായി ഹർഭജൻ സിങ്,  ഇമ്രാൻ താഹിർ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അമ്പാട്ടി റായുഡുവാണു (28) ചെന്നൈയുടെ ടോപ് സ്കോറർ. 

റോയൽ ചാലഞ്ചേഴ്സിനു തുടക്കം മുതൽ തൊട്ടതെല്ലാം പിഴച്ചു. നാലാം ഓവറിൽ ഹർഭജനെ പുൾ ഷോട്ടിലൂടെ ബൗണ്ടറി കടത്താനുള്ള വിരാട് കോഹ്‌ലിയുടെ (6) ശ്രമം ഡീപ് മിഡ് വിക്കറ്റിൽ രവീന്ദ്ര ജഡേജയുടെ കൈകളിൽ അവസാനിച്ചതോടെ ബാംഗ്ലൂരിന്റെ കഷ്ടകാലം തുടങ്ങി. കോഹ്‌ലിക്കു പകരമെത്തിയ മോയിൻ അലി നേരിട്ട മൂന്നാം പന്തിൽ ഹർഭജനെ സിക്സറിനു പറത്തി വരവറിയിച്ചെങ്കിലും അതോടെ കഥയും തീർന്നു. തൊട്ടടുത്ത ഓവറിൽ ഹർഭജന് അനായാസ റിട്ടേൺ ക്യാച്ച് നൽകി അലിയുടെ (9) മടക്കം. പാർഥിവ് പട്ടേലിനു കൂട്ടാളിയായി ഡിവില്ലിയേഴ്സ് എത്തിയതോടെ വീണ്ടും പ്രതീക്ഷയിലായ ബാംഗ്ലൂർ ആരാധകരുടെ ഹൃദയം തകർത്തതും ഹർഭജൻ തന്നെ.

ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി നീക്കിവച്ച 20 കോടി രൂപ ബിസിസിഐ കേന്ദ്ര പ്രതിരോധ നിധിയിലേക്കു സംഭാവന ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർ‌പിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായാണ് ആഘോഷം വേണ്ടെന്നുവയ്ക്കാൻ ബിസിസിഐ ഭരണസമിതി തീരുമാനിച്ചത്. കരസേനയ്ക്ക് 11 കോടി, സിആർപിഎഫിന് 7 കോടി, ഇന്ത്യൻ നാവികസേനയ്ക്കും വ്യോമസേനയ്ക്കും ഒരോ കോടി വീതം എന്നിങ്ങനെയാണു സംഭാവന.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.