ഗംഭീർ ഇനി ബിജെപി 'ഓപ്പണർ'; ഗംഭീരമാകുമോ രാഷ്ട്രീയപിച്ചിലെ കളി? ആകാംക്ഷ

gautam-gambhir-bjp-22-03
SHARE

അടുത്ത പന്ത് സിക്സര്‍ പറത്തുമോ ബൗണ്ടറി കടത്തുമോ എന്ന്  ആകാംഷയോടെ കാത്തിരിക്കുന്നതുപോലെയായിരുന്നു ബിജെപിയിലേക്കുള്ള ഗൗതം ഗംഭീറിന്റെ വരവ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മല്‍സരിക്കുമെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ ബിജെപിയിലേക്കില്ലെന്നാണ് ഗംഭീര്‍തന്നെ സൂചിപ്പിച്ചു. ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിപ്പിച്ച് ഗംഭീറിന്റെ സിക്സര്‍ സ്റ്റേഡിയം കടന്ന് ബിജെപിയില്‍ എത്തിനില്‍ക്കുന്നു. കേന്ദ്രമന്ത്രിയും ബിസിസിഐ അച്ചടക്കസമിതി തലവനായിരുന്ന അരുണ്‍ ജെയ്്റ്റ്ലിയുടെയും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ബിജെപി ടീമിന്റെ ക്യാപ് ഗംഭീര്‍ സ്വീകരിച്ചത്.   രാഷ്ട്രീയ പിച്ചില്‍ ഗംഭീറിന്റെ കളികാണുവാന്‍ ആകാംഷോടെയാണ് ക്രിക്കറ്റ് പ്രേമികളും പാര്‍ട്ടിക്കാരും കാത്തിരിക്കുന്നത്. 

ഗംഭീറും പൊതുപ്രവര്‍ത്തനവും

സജീവ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നതോടെ ഗംഭീര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി. ട്വിറ്ററിലൂടെ സൈനികര്‍ക്കായും സ്ത്രീകള്‍ക്കായും സമൂഹത്തിലെ നന്മകള്‍ക്കായും നിലപാട് വ്യക്തമാക്കിയ ഗംഭീര്‍ പലപ്പോഴും ഡല്‍ഹിയില്‍ ജീവകാരുണ്യപ്രവര്‍ത്തികളില്‍ സജീവമായിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് മിഷന്റെ പ്രചാരണ പരിപാടികള്‍ ഏറ്റെടുത്ത ഗംഭീര്‍ ദക്ഷിണഡല്‍ഹി മുന്‍സിപ്പാലിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്നു. സ്കൂള്‍ കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ സ്വച്ഛഭാരതിന്റെ പ്രചാരണം നടത്തി.  

ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരുടെ മക്കളുടെ പഠനത്തിന് സഹായം വാഗ്ദാനം ചെയ്ത ഗംഭീര്‍ എപ്പോഴും സൈനികര്‍ക്കായി നിലകൊണ്ടു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ഗംഭീറിനെ മോദി അനുമോദിച്ച് കത്തെഴുതിയതോടെ ബിജെപിയുമായുള്ള ബന്ധം ഒന്നുകൂടി ബലപ്പെട്ടു. 

ക്രിക്കറ്റില്‍ ഗംഭീര്‍

ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ ജനിച്ചുവളര്‍ന്ന ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്. 2011ല്‍ ഇന്ത്യന്‍ ചാംപ്യന്മാരായ ലോകകപ്പില്‍ അംഗമായിരുന്ന ഗംഭീറിന്റെ ഇടംകയ്യന്‍ഷോട്ടുകള്‍ ഏകദിനത്തിലും ടെസ്റ്റിലും ആരാധകര്‍ ആഹ്ലാദത്തോടെയാണ് നെഞ്ചിലേറ്റിയത്. ഐപിഎല്ലില്‍ കൊത്തക്ക നൈറ്റ് റൈഡേഴ്സിനെ ചാംപ്യന്മാരാക്കി നായകനെന്ന നിലയിലും തിളങ്ങി.    58ടെസ്റ്റില്‍ നിന്ന് 4,154റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5,238റണ്‍സും നേടി. ടെസ്റ്റില്‍ ഒന്‍പതും ഏകദിനത്തില്‍ 11 സെഞ്ചുറി നേടിയ ഗംഭീറിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ ബിജെപിക്കുള്ള സ്വാധീനവും ഗംഭീറിന്റെ ഗ്ലാമറും പ്രശസ്തിയും വിജയംകൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.