ക്രൂശിക്കാന്‍ അലറിവിളിച്ച നാളുകള്‍; ഒടുവില്‍ ശ്രീ തെളിഞ്ഞു; ഓര്‍ക്കാം നല്ല നിമിഷങ്ങള്‍

sreesanth-01
SHARE

കളത്തിലും കളത്തിനു പുറത്തും എപ്പോഴും എല്ലാവരും ഈ കളിക്കാരന്  കല്‍പിച്ചുനല്‍കിയത് അഹങ്കാരിയുടെ പരിവേഷമാണ്. ടീം ഇന്ത്യയില്‍ കളിക്കുന്ന ഗര്‍വ് പലപ്പോഴും അഹങ്കാരഭാവം നല്‍കിയപ്പോള്‍ ‘ഇവനെ ക്രൂശിക്കുക’ എന്ന് വിളിച്ച് അലറിയവരുടെ എണ്ണവും കൂടുതലാണ്.  ക്രിക്കറ്റ് വാതുവയ്പിന് ശ്രീശാന്ത് അറസ്റ്റിലായെന്ന വാര്‍ത്ത കേട്ടപാതി ആരോപണങ്ങള്‍ എല്ലാവരും വിശ്വസിച്ചു, ഏറ്റെടുത്തു. പിന്നാലെ ബിസിസിഐ വക ആജീവനാന്ത വിലക്കും.  പിന്നീട് നിയമപോരാട്ടങ്ങള്‍, ഒടുവില്‍ ഡല്‍ഹി പട്യാല കോടതി കുറ്റപത്രം തന്നെ കശക്കിയെറിഞ്ഞു. പക്ഷെ വിലക്ക് പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ല. നിയമ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠം  വിലക്ക് റദ്ദാക്കി. ആറുവര്‍ഷത്തെ കാത്തിരിപ്പിന്റെയും നിയമ പോരാട്ടത്തിന്റെയും ഫലം. 

ഓര്‍ക്കാം നല്ല നിമിഷങ്ങള്‍

2007ലെ ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ പിഴുതെറിഞ്ഞ ശ്രീശാന്ത് , 2007ലെ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ അവസാന ക്യാച്ചെടുത്ത ശ്രീശാന്ത്, ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയത്തിന് വഴിയൊരുക്കിയ ശ്രീശാന്ത്, ജാക് കാലിസിനെതിെര എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകം കണ്ട മികച്ച പന്തുകളിലൊന്നായി. കെവിന്‍ പീറ്റേഴ്സിനെ ഭീതിയിലാക്കിയ ബീമര്‍, ജൊഹാനാസ്ബര്‍ഗില്‍ സിക്സറടിച്ചുള്ള വാര്‍ഡാന്‍സ് അങ്ങനെ എത്രയെത്ര മനോരഹര നിമിഷങ്ങളാണ് താരം നമുക്ക് നല്‍കിയത്.  

2005ല്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനം. തുടര്‍ന്ന് 53 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 75 വിക്കറ്റ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം. 27 ടെസ്റ്റില്‍ നിന്ന് നേടിയത് 87 വിക്കറ്റുകള്‍.  ടെസ്റ്റില്‍ മൂന്നുവട്ടവും ഏകദിനത്തില്‍ ഒരു വട്ടവും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ടീം ഇന്ത്യയ്ക്കായി ഇത്രയും കാലം കളിച്ച വേറൊരു താരമില്ല. കേരളത്തില്‍ നിന്ന് രാജ്യാന്തര ട്വന്റി 20കളിച്ച ആദ്യതാരം. ദക്ഷിണാഫ്രിക്കയിലും വെസ്റ്റ് ഇന്‍‍ഡീസിലും ഇന്ത്യ ടെസ്റ്റ് ജയങ്ങള്‍ നേടിയപ്പോള്‍ ശ്രീശാന്തിന്റെ ഔട്ട് സ്വിങ്ങറുകള്‍ നിര്‍ണായകമായിരുന്നു. 

റണ്‍സ് വിട്ടുകൊടുക്കുമെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്കനാണ് ശ്രീശാന്ത്. 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റ് നേടിയ ശ്രീശാന്ത് അഞ്ചുവിക്കറ്റ് നേട്ടം മൂന്നുവട്ടം കൈവരിച്ചിട്ടുണ്ട്. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടി. ഒരു തവണ ഏകദിനത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചു. 55 റണ്‍സ് വിട്ടുകൊടുത്ത് ആറുവിക്കറ്റെടുത്തതാണ് ഏകദിനത്തിലെ മികച്ച ബോളിങ്. 40 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്തതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 

പതിയെ ജീവിതതാളത്തിലേക്ക്

എതിര്‍ ബാറ്റ്സ്മാന്‍മാരെ ബൗണ്‍സര്‍കൊണ്ടും വാക്കുകൊണ്ടും വിറപ്പിച്ച ശ്രീശാന്ത് കേസിലകപ്പെട്ട ആദ്യകാലത്ത് നിരാശനായിരുന്നു. മാനസികമായി തകര്‍ന്നു, ക്രിക്കറ്റ് കളിക്കാനാവാതെ ,സ്റ്റേഡിയത്തില്‍ കയറാനാവാതെ വീടിനുള്ളില്‍ കഴിഞ്ഞ നാളുകള്‍.  പിന്നീട് വളരെ പതിയെ അതില്‍ നിന്ന് പുറത്തേക്ക്. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു, രണ്ടു കുട്ടികളുടെ അച്ഛനായി. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ നിന്ന് ഒരു പോരാട്ടവും നടത്തി. സിനിമയിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും തിളങ്ങി. ബിഗ്ബോസ് ഷോയില്‍ രണ്ടാംസ്ഥാനത്തെത്തി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.