സച്ചിനും ലാറയും കോഹ്‌ലിക്ക് പിന്നിലോ? കണക്കുകൾ പറയുന്നത്; ചർച്ചച്ചൂട്

sachin-lara-kohli-1
SHARE

വിരാട് കോഹ്‌ലി ഏകദിന കരിയറിലെ നാല്‍പ്പത്തിയൊന്നാമത്തെ സെഞ്ചുറി നേടിയതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ കുറിച്ച GOAT പരാമര്‍ശമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച സജീവമാക്കിയത്. ഒരിക്കല്‍ കൂടി ഏറ്റവുംമികച്ച കളിക്കാരന്‍ എന്ന് തെളിയിച്ചുവെന്ന വോണിന്റെ കുറിപ്പിനു പിന്നാലെ ആരാധകര്‍ വാദപ്രതിവാദം തുടങ്ങി. സച്ചിനെക്കാള്‍ കേമനാണോ വിരാട് കോഹ്‌ലി എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ ഏകദിനത്തില്‍ കോഹ്‌ലി തന്നെ മികച്ചവനെന്ന് മൈക്കല്‍ വോണ്‍ കുറിച്ചു. 

ഷെയ്ന്‍ വോണിന് ആശയക്കുഴപ്പം

സച്ചിനെക്കാളും കേമനാണോ വിരാട് കോഹ്‌ലി എന്ന ചോദ്യത്തോട് ഓസ്ട്രേലിയയുടെ മുന്‍താരം ഷെയ്ന്‍ വോണിന്റെ പ്രതികരണം വിചിത്രമായിരുന്നു. സച്ചിനൊപ്പം ബ്രയാന്‍ ലാറയെക്കൂടിച്ചേര്‍ക്കുന്നു ഞാന്‍, എന്നാല്‍ ഇവരില്‍ ആരാണ് കേമനെന്നു ചോദിച്ചാല്‍ ഒന്നാലോചിക്കണമെന്ന് പറയുന്ന ഷെയ്ന്‍ വോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ മികച്ചവന്‍ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നും കുറിക്കുന്നു. പക്ഷെ ആധുനിക യുഗത്തില്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക വളരെ ബുദ്ധിമുട്ടാണെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു നിര്‍ത്തി.

kohli-7

റെക്കോര്‍ഡിലേക്ക് വേണ്ടത് ഒന്‍പത് സെഞ്ചുറികൂടി

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 49സെഞ്ചുറിക്കൊപ്പമെത്താന്‍ വിരാട് കോഹ്‌ലിക്ക് ഇനി വേണ്ടത് എട്ടുസെഞ്ചുറി മാത്രം. ലോകകപ്പും മറ്റ് പരമ്പരകള്‍കളും ഉള്ളപ്പോള്‍ കോഹ്‌ലി അത് ഈ വര്‍ഷം തന്നെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ഒന്‍പത് സെഞ്ചുറി അടിച്ചാല്‍ ഏകദിന ക്രിക്കറ്റില്‍ 50സെഞ്ചുറി അടിക്കുന്ന ആദ്യതാരമാകും ഇന്ത്യയുടെ ക്യാപ്റ്റന്‍.

2008ല്‍ ഇന്ത്യന്‍ ഏകദിന ടീമിലെത്തിയ കോഹ്‌ലി 225മല്‍സരത്തില്‍ നിന്ന് 41സെഞ്ചുറി ഇതികനം നേടിക്കഴി‍ഞ്ഞു. ഏകദിനത്തില്‍ അതിവേഗത്തില്‍ നാലായിരം റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനും നാലായിരം റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനുമാണ് വിരാട് കോഹ്‌ലി. രാജ്യാന്തര ക്രിക്കറ്റിലാകെ 66സെഞ്ചുറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്.

കോഹ്‌ലി കുതിക്കുന്നു

225ഏകദിനത്തില്‍ നിന്ന് 10,816റണ്‍സ് നേടിയ കോഹ്‌ലി 41സെഞ്ചുറിയും 49അര്‍ധസെഞ്ചുറിയും നേടി. 183റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 299 ഏകദിനം കളിച്ച ബ്രയാന്‍ ലാറ 10,405റണ്‍സ് നേടി. സെഞ്ചുറി 19എണ്ണം മാത്രം. 463 ഏകദിനം കളിച്ച സച്ചിന്‍ തെന്‍‍ഡുല്‍ക്കര്‍ 18,426റണ്‍സ് നേടി. 49സെഞ്ചുറിയും 96 അര്‍ധസെഞ്ചുറിയും കുറിച്ചു. ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ സച്ചിന്റെ ഉയര്‍ന്ന സ്കോര്‍ 200റണ്‍സാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.