ആ ‘ഔട്ട്’ കണ്ട് ആരാധകർ ചോദിക്കുന്നു; വിജയ് ശങ്കർ, നിന്റെ പേരോ നിർഭാഗ്യം?

vijay-shankar
SHARE

ഇന്ത്യൻ‌ ടീമിലെ ഏറ്റവും നിർഭാഗ്യവാനായ കളിക്കാരൻ ആരാണ്? ഉത്തരം എന്തായാലും ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ കളിക്കുന്ന താരങ്ങളിൽ അതു വിജയ് ശങ്കറാണ്. അല്ലെങ്കിൽ ഇത്രയേറെ മനോഹരമായ ആ ഇന്നിങ്സ് ഇങ്ങനെയായിരുന്നുവോ അവസാനിക്കേണ്ടിയിരുന്നത്? ഇന്ത്യൻ ഇന്നിങ്സിൽ ഏറ്റവും ആത്മവിശ്വാസത്തോടെ ഇന്ന് ഷോട്ടുകൾ കളിച്ച താരം വിജയ് ശങ്കറാണ്. അർഹിച്ച അർധസെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ, ആ ഇന്നിങ്സിന് നേരിട്ടത് ‘അകാല വിരാമം’! അതും നിർഭാഗ്യകരമായ റണ്ണൗട്ടിലൂടെ

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിൽ ഇന്ത്യ പതറുമ്പോഴാണ് വിജയ് ശങ്കർ അഞ്ചാമനായി ക്രീസിലെത്തുന്നത്. ധോണിയുടെ കളി കാണാനുള്ള ആവേശത്തിൽ നാഗ്പുരിലെ കാണികൾ അമ്പാട്ടി റായുഡുവിനെ കയ്യടിച്ച് യാത്രയാക്കവെയാണ് കളത്തിലേക്ക് വിജയ് ശങ്കറിന്റെ വരവ്. അതോടെ ഗാലറിയിലെ ബഹളം നിന്നു. ധോണിയെ കാത്തിരുന്നു കാണാൻ പറ്റാത്തതിന്റെ നിരാശയ്ക്കിടയിലും നാഗ്പുരിലെ കാണികളെ ആവേശത്തിലാഴ്ത്തുന്ന പ്രകടനമായിരുന്നു വിജയ് ശങ്കറിന്റേത്. ആത്മവിശ്വാസത്തിന്റെ ലാഞ്ചനപോലും കാട്ടാതെ ക്രീസിൽനിന്ന റായിഡു പോയി വിജയ് ശങ്കർ വന്നതോടെ കോഹ്‍ലിയും കൂടുതൽ കരുത്തനായി.

ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ സിക്സും (ഏക സിക്സും) നേടി ശങ്കർ ആരാധകരുടെ പ്രിയതാരമായി. പന്തിനൊപ്പം റൺസ് നേടാനാകാതെ വിയർത്തുകളിച്ച മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തമായി വിജയ് ശങ്കറിന്റെ സ്കോർ പന്തിനു മുൻപേ കുതിച്ചു. കോഹ്‍ലിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ശങ്കർ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയുമിട്ടു

പറഞ്ഞിട്ടെന്ത്, കോഹ്‍ലിയുടെ കരുത്തുറ്റൊരു ഷോട്ടിൽ ആ ഇന്നിങ്സിന് അപ്രതീക്ഷിതമായി തിരശീല വീണു. ആദം സാംപയെറിഞ്ഞ 29–ാം ഓവറിലെ അഞ്ചാം പന്താണ് വില്ലനായത്. സ്ട്രൈറ്റ് ഡ്രൈവിലൂടെ പന്തിനെ ബൗണ്ടറി കടത്താനുള്ള ശ്രമം സാംപയുടെ വിരലുകളിൽ തട്ടി നേരെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിൽ അവസാനിച്ചു. പന്തിടിച്ച് ബെയ്‌ലിളകുമ്പോൾ ക്രീസിനു വെളിയിലായിരുന്നു വിജയ് ശങ്കർ. പന്ത് സാംപയുടെ കൈകളിൽ തട്ടിയെന്ന് റീപ്ലേയിൽ വ്യക്തമായതോടെ നിർഭാഗ്യകരമായ രീതിയിൽ ശങ്കർ പുറത്ത്.

41 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 46 റൺസെടുത്ത് കന്നി ഏകദിന അർധസെഞ്ചുറിയുെട വക്കത്താണ് വിജയ് ശങ്കർ മടങ്ങിയത്. ഇന്ത്യൻ ഇന്നിങ്സിൽ പന്തിനേക്കാൾ റൺസ് സ്കോർ ചെയ്ത ഏക താരവും ഇദ്ദേഹം തന്നെ. വിജയ് ശങ്കറിന്റെ നിർഭാഗ്യം പിന്നീട് ഇന്ത്യയുടേതു കൂടിയായി. അനായാസം 300 കടക്കുമെന്ന് കരുതിയിരുന്ന ഇന്ത്യൻ സ്കോർ 250ൽ ഒതുങ്ങി!

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.