ദേശീയ പതാക മണ്ണിൽ തൊടരുത്; ആരാധകനിൽ നിന്ന് പതാക വാങ്ങി ധോണി; കയ്യടി

ms-dhoni-national-flag
SHARE

ഇഞ്ചോടിച്ചു പോരാടിയെങ്കിലും പരമ്പരയും കളിയും തോറ്റ നിരാശയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ മൈതാനത്ത് ദേശസ്നേഹം ഉയർത്തി ധോണി ചെയ്ത പ്രവൃത്തിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ആരാധകർ.  ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം ഗ്രൗണ്ടിലേക്ക് ഇന്ത്യയുടെ ദേശീയ പതാകയും പിടിച്ച് ഒരു ആരാധകന്‍ ഓടിയിറങ്ങി. ഓടിവന്ന് നേരെ ധോണിയുടെ  കാലിൽ‌ തൊട്ടു വന്ദിച്ചു. എന്നാൽ ദേശീയ പതാക താഴെ മുട്ടുമെന്ന് തോന്നിയപ്പോൾ ധോണി ദേശീയ പാതാക ആരാധകനിൽ നിന്ന് വാങ്ങി കയ്യിൽ പിടിച്ചു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ആരാധകര്‍ ധോണിയെ പ്രശംസിച്ച് രംഗത്തെത്തി. ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ ധോണിയുടെ കാല്‍ക്കല്‍ കടലാസില്‍ എഴുതിയ ഒരു പോസ്റ്ററും വെച്ച് തൊഴുതാണ് മടങ്ങിയത്.

തകർപ്പൻ പ്രകടനവുമായി ഇരുടീമുകളും കളം നിറഞ്ഞ മൽസരത്തിൽ നാലു റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന ദിനേഷ് കാർത്തിക് – ക്രുനാൽ പാണ്ഡ്യ സഖ്യത്തിന് 11 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഓപ്പണർ ശിഖർ ധവാൻ (നാലു പന്തിൽ അഞ്ച്), വിജയ് ശങ്കർ (28 പന്തിൽ 43), ഋഷഭ് പന്ത് (12 പന്തിൽ 28), ക്യാപ്റ്റൻ രോഹിത് ശർമ (32 പന്തിൽ 38), ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21), എം.എസ്. ധോണി (നാലു പന്തിൽ രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ന്യൂസീലൻഡിനായി മിച്ചൽ സാന്റ്നർ, ഡാരിൽ മിച്ചൽ എന്നിവർ രണ്ടും സ്കോട്ട് കുഗ്ഗെലെയ്ൻ, ബ്ലെയർ ടിക്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സ്കോർബോർഡിൽ ആറു റൺസ് മാത്രമുള്ളപ്പോൾ ധവാൻ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ – വിജയ് ശങ്കർ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 50 പന്തിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.