മറന്നോ ശ്രീശാന്തിനെ..? ആശംസകള്‍ അധികം പിറക്കാതെ 36ാം പിറന്നാള്‍

s-sreesanth-bhuvneshwari
SHARE

ഈ പിറന്നാള്‍ ആരും അറിയാത്തതായിരിക്കില്ല, അറിഞ്ഞിട്ടും അറിയാത്ത ഭാവം കാണിക്കുന്നവരാകും. ക്രിക്കറ്റ് കളിച്ചിരുന്ന കാലം സഹതാരങ്ങളുടെയും ക്രിക്കറ്റ് പ്രേമികളുടെയും മനസില്‍ ഇടംപിടിച്ചിരുന്നു ഈ താരം. ചിലര്‍ക്ക് ഊര്‍ജം പകരുന്ന ഓര്‍മകളാണെങ്കില്‍ മറ്റു ചിലര്‍ക്ക് അയിത്തമാണ് ഇപ്പോഴും. എന്നിട്ടും ഈ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേരാന്‍ അധികം ആരും മുന്നോട്ടുവരുന്നില്ല.  കൂടെ കളിക്കുന്നവരുടെയും മുമ്പ് ഒപ്പം കളിച്ചിരുന്നവരുടെയും പിറന്നാള്‍ ദിനത്തില്‍ ആശംസകളും സന്ദേശങ്ങളും ഒപ്പം കളിച്ചിരുന്ന കാലത്തെയോ അല്ലാത്തപ്പോഴത്തെയോ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുക പതിവാണ്.  ഫീല്‍ഡിലെ ആക്രമണോത്സുകതകൊണ്ടും പ്രകടന മികവുകൊണ്ടും ക്രിക്കറ്റ് ലോകത്തെ മികച്ചവരില്‍ ഒരാള്‍, ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും സ്വന്തമാക്കിയ ഒരു ഫാസ്റ്റ് ബോളര്‍,  വിക്കറ്റിനുവശത്തുകൂടി പറക്കുന്ന ഔട്ട് സ്വിങ്ങറുകളിലൂടെ ബാറ്റ്സ്ന്മാരെ വീഴ്ത്തിയ നൈസര്‍ഗികമായ സീം പൊസിഷന്‍ ഉള്ള ബോളര്‍ എസ്.ശ്രീശാന്ത് ഇന്ന് 36ാം പിറന്നാള്‍ ആഘോഷിക്കുന്നു.  

അഹങ്കാരി പരിവേഷം

കളത്തിലും കളത്തിനു പുറത്തും എപ്പോഴും എല്ലാവരും ഈ കളിക്കാരന്  കല്‍പിച്ചുനല്‍കിയത് അഹങ്കാരിയുടെ പരിവേഷമാണ്. ടീം ഇന്ത്യയില്‍ കളിക്കുന്ന ഗര്‍വ് പലപ്പോഴും അഹങ്കാരഭാവം നല്‍കിയപ്പോള്‍ ‘ ഇവനെ ക്രൂശിക്കുക’ എന്ന് വിളിച്ച് അലറിയവരുടെ എണ്ണവും കൂടുതലാണ്. ഒടുവില്‍ ഇവരുടെ എല്ലാം വിളികള്‍ക്കും ചിന്തകള്‍ക്കും പിന്‍ബലമേകുന്ന തരത്തില്‍ ആ വാര്‍ത്തയെത്തി. ക്രിക്കറ്റ് വാതുവയ്പിന് അറസ്റ്റിലായെന്ന വാര്‍ത്ത വരുന്നത്. കേട്ടപാതി എല്ലാവരും അതുവിശ്വസിച്ചു. പിന്നാലെ ബിസിസിഐ വക ആജീവനാന്ത വിലക്കും.  പിന്നീട് നിയമപോരാട്ടങ്ങള്‍, ഒടുവില്‍ ഡല്‍ഹി പട്യാല കോടതി കുറ്റപത്രം തന്നെ കശക്കിയെറിഞ്ഞു. പക്ഷെ വിലക്ക് പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ല. നിയമ പോരാട്ടം തുടരുന്നു. 

കളത്തില്‍ ശ്രീശാന്ത് തീര്‍ത്തത് 

2007ലെ ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ പിഴുതെറിഞ്ഞ ശ്രീശാന്ത് , 2007ലെ ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാന്റെ അവസാന ക്യാച്ചെടുത്ത ശ്രീശാന്ത്, ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയത്തിന് വഴിയൊരുക്കിയ ശ്രീശാന്ത്, ജാക് കാലിസിനെതിെര എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകം കണ്ട മികച്ച പന്തുകളിലൊന്നായി.  2005ല്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനം. തുടര്‍ന്ന് 53 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 75വിക്കറ്റ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം. 27 ടെസ്റ്റില്‍ നിന്ന് നേടിയത് 87 വിക്കറ്റുകള്‍.  ടെസ്റ്റില്‍ മൂന്നുവട്ടവും ഏകദിനത്തില്‍ ഒരു വട്ടവും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ടീം ഇന്ത്യയ്ക്കായി ഇത്രയും കാലം കളിച്ച വേറൊരു താരമില്ല.

MORE IN SPORTS
SHOW MORE