കീവിസ് താരം കൂട്ടിയിടിച്ചു; ക്യാച്ച് കൈവിട്ട് പാണ്ഡ്യ; രോഷപ്രകടനം: വിഡിയോ

krunal-pandya
SHARE

ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ 220 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 80 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങിയത്. 139 റൺസിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1–0ന് മുന്നിലെത്തി.  ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുമ്പോൾ ചെറിയ സ്കോറിന് എറിഞ്ഞിടാമെന്നായിരുന്നു മനസ്സിലിരുപ്പ്. എന്നാൽ ടിം സെയ്ഫേർട്ടും കോളിൻ മൺറോയും നിറഞ്ഞാടിയപ്പോൾ ഇന്ത്യ കളി മറക്കുകയും ചെയ്തു. തല്ലുകൊണ്ട് മടുക്കാനായിരുന്നു ഇന്ത്യൻ ബൗളർമാരുടെ വിധിയും. 

എന്നാൽ കളിയുടെ ഒമ്പതാം ഓവറിൽ ക്രുണാൽ പാണ്ഡ്യ അമ്പയറുമായി കൊമ്പുകോർത്തത് നാടകീയ സംഭവങ്ങൾക്ക് തുടക്കമിടുകയും െചയ്തു. കളിക്കിടെ  വില്യംസണിന്റെ ക്യാച്ചെടുക്കാൻ പാഞ്ഞ ക്രുണാലുമായി സെയ്ഫേർട്ട് കൂട്ടിയിടിച്ചതാണ് ക്രുണാലിനെ െചാടിപ്പിച്ചത്. ഒമ്പതാം ഓവറിൽ സ്കോർ 87–1 ൽ നിൽക്കുമ്പോൾ ക്രുണാൽ എറിഞ്ഞ പന്ത് കീവീസ് നായകൻ കെയ്ന്‍ വില്യംസണിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത് ഉയര്‍ന്ന് െപാങ്ങി. 

പന്തിനായി ക്രൂണാൽ വലതുവശത്തേയ്ക്ക് ചാടിയെങ്കിലും  നോണ്‍സ്‌ട്രൈക്കര്‍ സെയ്‌ഫേർട്ടുമായി കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടമായി. ഫീൽഡിൽ തടസമുണ്ടാക്കിയ സെയ്ഫേർട്ടിനെ പുറത്താക്കണമെന്നായിരുന്നു ക്രുണാലിന്റെ ആവശ്യം. സെയ്ഫേർട്ടിനോടും അമ്പയറിനോടും താരം കയർത്തുവെങ്കിലും ക്രുണാലിന്റെ അപ്പീൽ അമ്പയർ ഗൗനിച്ചില്ല. നായകൻ രോഹിത് ശർമ്മ ഇടപെട്ടുവെങ്കിലും കാര്യമുണ്ടായില്ല. . ഐസിസി നിയമ പ്രകാരം സേയ്‌ഫേര്‍ട്ട് മനപ്പൂര്‍വ്വം ഫീല്‍ഡിങ് തടസ്സപ്പെടുത്തുകയല്ലായിരുന്നു എന്നതിലാണ് അമ്പയര്‍ വിക്കറ്റ് നല്‍കാതിരുന്നത്.

ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ 66 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചുകൂട്ടിയത്.  അവസാന ഒാവറുകളില്‍ ഏഴുപന്തില്‍ 20 റണ്‍സെടുത്ത സ്കോട്ട് കൂഗലൈന്‍ കീവീസ് സ്കോര്‍ 200 കടത്തി.  വെല്ലിങ്ടണ്‍ റീജണല്‍ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 

ന്യൂസീലൻഡിനായി മിച്ചൽ സാന്റ്നർ ഇഷ് സോധി എന്നിവർ രണ്ടും ടിം സൗത്തി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സ്കോർ 18ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. അഞ്ചു പന്തിൽ ഒരു റണ്ണെടുത്ത രോഹിത്തിനെ ടിം സൗത്തിയുടെ പന്തിൽ ലോക്കി ഫെർഗൂസൻ ക്യാച്ചെടുത്തു പുറത്താക്കി. പിന്നീടെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് ധവാൻ ഇന്ത്യൻ സ്കോർ 50 കടത്തിയെങ്കിലും തൊട്ടുപിന്നാലെ പുറത്തായി. 18 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 29 റൺസെടുത്ത ധവാനെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കി.

ഇന്ത്യൻ നിരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റ് നേടിയെങ്കിലും നല്ലവണ്ണം തല്ലുവാങ്ങി. ഇന്ത്യൻ നിരയിൽ രണ്ടു വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഏറ്റവും കൂടുതൽ 'തല്ലു വാങ്ങി'യത്. നാല് ഓവറിൽ വിട്ടുകൊടുത്തത് 51 റൺസ്. തമ്മിൽ മികച്ചുനിന്നത് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ (നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റ്), ക്രുനാൽ പാണ്ഡ്യ (നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവർ മാത്രം. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 47 റൺസ് വഴങ്ങിയും ഖലീൽ അഹമ്മദ് നാല് ഓവറിൽ 48 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.